അസമിൽ നിന്ന് പറന്നുയർന്നാൽ മെൻചുകയിൽ എത്താൻ വേണ്ടത് ഒരു മണിക്കൂർ; വിമാനം കാണാതായത് ചൈനീസ് അതിർത്തിക്കടുത്തും; യാത്രാവഴിക്കു താഴെയുള്ള പർവതങ്ങളും കാടുകളും തെരച്ചിൽ ദുഷ്കരമാകുന്നു; വ്യോമസേനാ വിമാനത്തിലെ 13 സൈനികരും കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് നിഗമനം; തകർന്ന് വീണത് നാല് പതിറ്റാണ്ടായി വ്യോമസേനയ്ക്കൊപ്പമുള്ള ഇരട്ട എൻജിൻ വിമാനം
June 04, 2019 | 07:58 AM IST | Permalink

ന്യൂഡൽഹി: അസമിലെ ജോർഹട്ടിൽനിന്ന് 13 സൈനികരുമായി അരുണാചൽ പ്രദേശിലേക്കുപോയ വ്യോമസേനാ വിമാനത്തെ കുറിച്ച് സൂചനയൊന്നുമില്ല. വ്യോമസേനയുടെ ഏഴ് ഓഫീസർമാരും ആറു സൈനികരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം തകർന്ന് വീഴാനുള്ള സാധ്യതയാണ് സൈന്യം കാണുന്നത്. എന്നാൽ അവഷിഷ്ടങ്ങളൊന്നും കണ്ടെത്താനായിട്ടില്ല.
വിമാനത്തിന്റെ യാത്രാവഴിക്കു താഴെ പർവതങ്ങളും കാടുകളുമാണ്. മെൻച്ചുക്കയിൽ ലാന്റിങും ടേക്ക് ഓഫും ദുഷ്കരമാണെന്നും പ്രത്യേക വൈദഗ്ധ്യമുള്ള പൈലറ്റുമാർക്കു മാത്രമേ ഇവിടെ വിമാനം പറത്താൻ കഴിയുകയുള്ളൂ. സൈന്യം ആളുകളെ കൊണ്ടുപോകാനുപയോഗിക്കുന്നതാണ് ആൻ 32 വിമാനം. വിമാനത്തിലുള്ള 13 സൈനികരും മരിച്ചിട്ടുണ്ടാകമെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ. നാല് പതിറ്റാണ്ടായി വ്യോമസേന ഉപയോഗിക്കുന്ന ഇരട്ട എൻജിൻ വിമാനമാണ് എ.എൻ -32.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.25-ന് ജോർഹട്ടിൽനിന്ന് മെൻചുക അഡ്വാൻസ് ലാൻഡിങ് (എ.എൽ.ജി.) ഗ്രൗണ്ടിലേക്ക് തിരിച്ച ആന്റോനോവ് എഎൻ -32 വിമാനമാണ് കാണാതായത്. വിമാനവുമായി അവസാനം ബന്ധപ്പെടാൻ കഴിഞ്ഞത് ഒരുമണിക്കാണ്. ജോർഹട്ടിൽ നിന്ന് വ്യോമമാർഗം എ.എൽ.ജി.യിലെത്താൻ ഒരുമണിക്കൂർ മതി. ചൈനീസ് അതിർത്തിയിലാണ് വിമാനം കാണാതായത്. മുമ്പും ഈ വിമാനം കാണാതായ അനുഭവം ഉണ്ടായിട്ടുണ്ട്.
2016ൽ ചെന്നൈയിൽ നിന്ന് പോർട്ട് ബ്ലയറിലേക്ക് പോയ സൈനിക വിമാനമാണ് കാണാതായത്. ബംഗാൾ ഉൾക്കടലിൽ ഇത് തകർന്ന് വീണുവെന്നാണ് നിമഗനം. എന്നാൽ അവശിഷ്ടമൊന്നും കിട്ടിയതുമില്ല. അരുണാചലിൽ വിമാനത്തിനായി വ്യാപക തെരച്ചിൽ തുടരുകയാണ് സുഖോയ്-30, സി-130 വിമാനം ഉപയോഗിച്ച് വ്യോമസേന തിരച്ചിൽ നടത്തിയെങ്കിലും തിങ്കളാഴ്ച രാത്രിവരെ കണ്ടെത്താനായില്ല. കരസേന, ഇന്തോ-ടിബറ്റൻ അതിർത്തിപ്പൊലീസ്, അരുണാചൽ പ്രദേശ് പൊലീസ് എന്നിവരും ഇപ്പോൾ തിരച്ചിൽ നടത്തുന്നുണ്ട്.
ചൈനയോട് ചേർന്നുകിടക്കുന്ന സംസ്ഥാനമായ അരുണാചൽപ്രദേശിൽ 2009-ൽ എഎൻ-32 വിമാനം തകർന്ന് 13 പേർ മരിച്ചിരുന്നു. 2016 ജൂലായ് 22-ന് 29 പേരുമായി ചെന്നൈയിൽനിന്ന് അന്തമാൻ നിക്കോബാറിലെ പോർട്ട് ബ്ലെയറിലേക്കു പോയ വിമാനമാണ് തകർന്ന് വീണത്.