Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആത്മീയഗുരുക്കന്മാർ, മുഖ്യമന്ത്രിമാർ, ബിസിനസ്സ് മാഗ്‌നറ്റുകൾ, മാദ്ധ്യമപ്രമുഖർ; ഇന്ത്യൻ ജയിലുകളിൽ പെരുകുന്ന വിഐപികളുടെ പട്ടിക ഇങ്ങനെ; ഇവർ ഇവിടെ നയിക്കുന്നത് ആഡംബരജീവിതമോ...?

ആത്മീയഗുരുക്കന്മാർ, മുഖ്യമന്ത്രിമാർ, ബിസിനസ്സ് മാഗ്‌നറ്റുകൾ, മാദ്ധ്യമപ്രമുഖർ; ഇന്ത്യൻ ജയിലുകളിൽ പെരുകുന്ന വിഐപികളുടെ പട്ടിക ഇങ്ങനെ; ഇവർ ഇവിടെ നയിക്കുന്നത് ആഡംബരജീവിതമോ...?

ദ്യകാലത്തെ ജയിലുകളിൽ കള്ളന്മാർ, കൊള്ളക്കാർ, കൊലയാളികൾ, ബലാത്സംഗക്കാർ തുടങ്ങിയവരായിരുന്നു തടവുപുള്ളകളായി ഉണ്ടയിരുന്നത്. എന്നാൽ ഇന്നത്തെ ജയിലുകൾ ആത്മീയഗുരുക്കന്മാർ, മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, രാഷ്ട്രീയക്കാർ , ബിസിനസ്സ് മാഗ്‌നറ്റുകൾ, മാദ്ധ്യമപ്രമുഖർ തുടങ്ങിയ വിഐപികളെക്കൊണ്ട് നിറയുകയാണ്. ഇവരൊക്കെ ഏതെങ്കിലും കുറ്റം ചെയ്തിട്ടാണ് തടവറയിലെത്തിയതെന്നത് പകൽ പോലെ സത്യം. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കുറ്റം ചെയ്യുന്ന വിഐപികൾ ജയിലിലടയ്ക്കപ്പെടുന്നത് സാധാരണമായ സംഭവമായി മാറുകയാണ്.

നമ്മുടെ നീതിന്യായവ്യവസ്ഥയ്ക്ക് പലവിധ പോരായ്മകളും കൈപ്പിഴകളും സംഭവിക്കുന്നുണ്ടെങ്കിലും ജയിലിലെ പ്രമുഖരുടെ നിര നീതിന്യായവ്യവസ്ഥയ്ക്കുള്ള പ്ലസ് പോയിന്റായി ചൂണ്ടിക്കാട്ടാം. പ്രമുഖരുടെ കൈകളിൽ വിലങ്ങു വയ്ക്കൽ വർധിക്കാൻ പലവിധ കാരണങ്ങളുണ്ട്. ഒന്നാമത് പ്രശ്‌നങ്ങളെപ്പറ്റിയും അതിൽ ഉൾപ്പെടുന്നവരെപ്പറ്റിയും മുമ്പില്ലാത്തവിധം പൊതുജനം ഇന്ന് സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ട്. അതുപോലെത്തന്നെ മീഡിയയുടെ സമയോചിതവും കൃത്യനിഷ്ഠതയുള്ളതുമായ ഇടപെടലും നീതിന്യായപീഠത്തിന്റെ മേൽനോട്ടത്തിലുള്ള അന്വേഷണവും വിവരാവകാശ നിയമം പോലുള്ള ശക്തമായ നിയമങ്ങളും പ്രമുഖരെ വലയിലാക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നതായി കാണാം. തൽഫലമായി മുൻതമിഴ്‌നാട് മുഖ്യമന്ത്രി മുതൽ അസാരാം വരെയുള്ളവരും ബിസിനസ് മാഗ്‌നറ്റായ സുബ്രതോ റോയ് മുതൽ ആത്മീയ ഗുരുവായ രാംപാൽ വരെയുള്ളവരും ഇന്ന് അഴിക്കുള്ളിലായിരിക്കുകയാണ്. ഇന്ത്യയിൽ തീഹാർ ജയിലിലാണ് ഏറ്റവും കൂടുതൽ വിഐപി തടവുകാരുള്ളത്.

ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടാനാകുമോ...? . ജയിലിലടയ്ക്കപ്പെടുന്ന വിഐപികളുടെ കാര്യത്തിലും ചിലപ്പോൾ ഇതേ പഴഞ്ചൊല്ല് യാഥാർത്ഥ്യമാകുന്നതായി കാണാം. പ്രതികളായി ജയിലലടയ്ക്കപ്പെട്ടെങ്കിലും സർവ വിധ ആഢംബരങ്ങളോടെയും സുഖസൗകര്യങ്ങളോടെയുമാണ് ഇന്ത്യൻ ജയിലുകളിൽ പല വിഐപികളും കഴിയുന്നത്. മറ്റ് തടവുപുള്ളികൾ അനുസരിക്കാൻ ബാധ്യതയുള്ള ജയിൽ നിയമങ്ങളും ചട്ടങ്ങളുമൊന്നും ഇവർക്ക് ബാധകമല്ലെന്നാണ് തടവറയിൽ നിന്ന് മോചിതരായ ചിലർ വെളിപ്പെടുത്തിയിരിക്കുന്നത്. ജയിലിലടക്കപ്പെട്ട ചില വിഐപികളെക്കുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്.

ഓംപ്രകാശ് ചൗതാല

തീഹാർ ജയിലിലെ 32ാം നമ്പർ സെല്ലിലെ വാർഡ് മൂന്നിൽ ജയിൽ നമ്പർ രണ്ടിൽ ഒരു വയോധികനെ കാണാം. അത് മുൻ ഹരിയാന മുഖ്യമന്ത്രിയായ ഓം പ്രകാശ് ചൗതാലയാണ്. ജൂനിയർ ബേസിക് ടീച്ചർമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് കുറ്റത്തിനാണ് കഴിഞ്ഞ വർഷം ജനുവരിയിൽ അകത്തായത്. ജയിലിലാണെങ്കിലും പുള്ളിക്കാരൻ സദാസമയവും ജയിൽ ഹോസ്പിറ്റലിലാണ് കഴിഞ്ഞ് കൂടുന്നത്. അധികമാരോടും ഇടപഴകാൻ ആഗ്രഹിക്കാത്ത ചൗത്താല ഒറ്റയ്ക്ക് കഴിയാനാണ് ഇഷ്ടപ്പെടുന്നത്. സഹകുറ്റവാളികളിൽ നിന്നും വേർതിരിച്ചാണ് ഇയാളെ പാർപ്പിച്ചിരിക്കുന്നത്. ചൗതാലയുടെ സെല്ലിൽ നിന്നും അനധികൃതവസ്തുക്കൾ കണ്ടെടുത്തിട്ടുണ്ടെന്നാണ് ജയിൽ വൃത്തങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. അത് അദ്ദേഹം മറ്റ് രണ്ടുപേരുമായി പങ്ക് വയ്ക്കുകയും ചെയ്തിരുന്നുവത്രെ. കൂടുതൽ സന്ദർശനസമയം ചൗതാലക്ക് അനുവദിച്ചിട്ടുണ്ട്. ആളുകൾക്ക് തന്റെ മാർഗനിർദ്ദേശം ആവശ്യമാണെന്നാണ് ചൗതാല ഇതിന് പറയുന്ന ന്യായീകരണം. എന്നാൽ ജയിൽ അധികൃതർ ഇത് അനുവദിച്ചിട്ടില്ല. സാധാരണ തടവ്പുള്ളികൾ നിർബന്ധമായും ചെയ്യേണ്ടുന്ന പ്രവൃത്തികളിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയിട്ടുണ്ട്.

രാംപാൽദാസ്

നിയമവ്യവസ്ഥക്കെതിരെ പോരാടിയതിനും കലാപമുണ്ടാക്കിയതിനും ആയുധം അനധികൃതമായി കൈവശം വച്ചതിനും അകത്തായ ആത്മീയഗുരുവാണ് രാംപാൽ ദാസ്. ഹിസാറിലെ ബർവാലയിലും റോത്തക്കിലെ കരോൻതയിലും ഇയാൾക്ക് കൊട്ടാരസദൃശമായ ആശ്രമങ്ങളുണ്ടായിരുന്നു. ഹിസാറിലെ സിവിൽ ലൈൻസ് പൊലീസ് കസ്റ്റഡിയിലാണീ ഗുരുവിന്റെ ഇപ്പോഴത്തെ വാസം. രാവിലെ 7 മണിക്ക് ഒരു ചായയും തുടർന്ന് മൂന്ന് മണിക്കൂർ കഴിഞ്ഞ് മററൊരു ചായയും ലഞ്ചിന് രണ്ട് ചപ്പാത്തിയും പരിപ്പ് കറിയും കഴിക്കുന്ന ഇയാൾ തങ്ങളോട് സഹകരിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. ചില സമയം ഇയാൾ ലോക്കപ്പിനകത്ത് ധ്യാനിക്കാറുമുണ്ടത്രെ. വൈകീട്ട് ആറോടെ ഭക്ഷണം കഴിക്കുന്ന പതിവാണ് രാംപാലിനുള്ളത്.

സ്രിൻജോയ് ബോസ്

ബംഗാളി പത്രമായ സൻബാദ് പ്രതിദിൻ ഉടമസ്ഥനായ ഇയാൾ ത്രിണമൂൽ കോൺഗ്രസിന്റെ എംപിയാണ്. സാമ്പത്തിക തിരിമറിക്കുറ്റത്തിനാണിയാൾ അകത്തായത്. ഇതിന് പുറമെ ക്രിമിനൽ ഗൂഡാലോചനയും സിബിഐ ചുമത്തിയിരിക്കുന്നു. ഇപ്പോൾ കൊൽക്കത്തയിലെ ആലിപ്പൂർ ജയിലിലെ അന്തേവാസിയാണ്. രാത്രിയിൽ ജയിലിലെ ഹോസ്പിറ്റലിലാണ് ഇയാളുടെ വാസം. തറയിൽ കിടന്നാൽ നെഞ്ചിനും കഴുത്തിനും അരഭാഗത്തിനും വേദന വരുമെന്നാണിയാളുടെ പരാതി...!!

സുദീപ്ത സെൻ

ശാരദാ ഗ്രൂപ്പിന്റെ ഉടമസ്ഥനും സ്ഥാപകനുമാണീ വിഐപി. ക്രിമിനൽ ഗൂഡാലോന, വിശ്വാസവഞ്ചന, തുടങ്ങിയ കുറ്റത്തിനാണ് ആലിപ്പൂർ ജയിലിലായത്. സാധാരണ അസുഖബാധിതനാണെങ്കിലും ഇപ്പോൾ ഇയാൾ ജയിൽ ജീവിതത്തോട് പൊരുത്തപ്പെട്ട് കഴിഞ്ഞിരിക്കുന്നു. കനത്ത സുരക്ഷയാണിദ്ദേഹത്തിന് ഏർപ്പെടുത്തിയിരിക്കുന്നത്. വെജിറ്റേറിയൻ ഭക്ഷണത്തെ ഇഷ്ടപ്പെടുന്ന ഇയാൾ അപൂർവമായെ സംസാരിക്കാറുള്ളൂ.

ജയലളിത

അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് ജയിലിലായതാണ് മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയ ജയലളിത. നാല് വർഷം ശിക്ഷിക്കപ്പെട്ട് ബാംഗ്ലൂരിലെ സെൻട്രൽജയിലിലായിരുന്നു. എന്നാൽ ഇപ്പോൽ ജാമ്യം ലഭിച്ചിരിക്കുന്നു. ജയിലിൽ എല്ലാ നിയമങ്ങളും അനുസരിച്ചാണ് പുരട്ചി തലൈവി കഴിഞ്ഞത്. മന്തിരമാരെയും പാർട്ടി പ്രവർത്തകരെയും ജയിലിൽ വച്ച് കാണാൻ അവർ താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല.

കുനൽ ഘോഷ്

സസ്‌പെൻഡ് ചെയ്യപ്പെട്ട മുൻ ടിംഎംസി എംപിയാണ് കുനൽഘോഷ്. ശാരദാഗ്രൂപ്പ് നടത്തുന്ന മീഡിയാ ഹൗസുകളുടെ മുൻ സിഇഒയും ഇദ്ദേഹമായിരുന്നു. വിശ്വാസ വഞ്ചന, ക്രിമിനൽ ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങൾക്കാണ് അകത്തായത്. കനത്ത സുരക്ഷയിൽ കൊൽക്കത്തിയിലെ പ്രസിഡൻസി സെൻട്രൽ ജയിലിലാണിപ്പോൾ വാസം. അടുത്തിടെ ഉറക്ക ഗുളി ക കഴിച്ച അദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടർന്ന് സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്.

സഞ്ജയ് ഡാൽമിയ

ഗോൾഡൻ ടുബാക്കോ കമ്പനിയുടെ ചെയർമാനാണീ വിഐപി. ഇപ്പോൾ താമസം ആർത്തൂർ റോഡ് ജയിലിൽ കനത്ത സുരക്ഷയിൽ കഴിയുന്നു. വിശവാസ വഞ്ചന, ക്രിമിനൽ ഗൂഢാലോചന എന്നിവയാണ് കുറ്റം. വീട്ടിലുണ്ടാക്കിയ ഭക്ഷണവും പത്രവും ഇദ്ദേഹത്തിന് ജയിലിൽ അനുവദിച്ചിരിക്കുന്നു.

അസാരാം

കൂട്ടബലാത്സംഗം, ലൈംഗികാതിക്രമങ്ങൾ തുടങ്ങിയ കുറ്റങ്ങൾക്ക് അകത്തായ ആത്മീയഗുരുവാണ് അസാരാം. ജോധ്പൂർ സെൻട്രൽ ജയിലിലാണ് വാസം. രാവിലെ 5 മണിക്കുണരുന്ന ഇയാൾ ഹരി ഓം മുഴക്കിക്കൊണ്ടിരിക്കും. തുടർന്ന് പൂജയും നടത്തും. സഹതടവുകാരുമായി ആശയ വിനിമയം നടത്തുന്ന അദ്ദേഹം അവർക്ക് ഉപദേശങ്ങളും നൽകാറുണ്ട്. മതപരമായ പുസ്തകങ്ങളും വായിക്കാറുണ്ട്.

സുബ്രത റോയ്

സഹാറ ഇന്ത്യ ഗ്രൂപ്പിന്റെ ചെയർമാനും ഇപ്പോൾ തീഹാർ ജയിലിലെ വിഐപി തടവ് പുള്ളിയുമാണ് സുബ്രത റോയ്. ബോണ്ട് സ്‌കീമിൽ നിക്ഷേപിച്ചവർക്ക് ആയിരക്കണക്കിന് കോടി രൂപ തിരിച്ച് കൊടുക്കാത്ത കുറ്റത്തിന് പിടിയിലായതാണ്. തന്റെ സ്ഥാപനത്തിന്റെ രണ്ട് ഡയറക്ടർമാരായ അഭിഷേക് റോയ് ചൗധരി, രവിശങ്കൽ ദുബെ എന്നിവർക്കൊപ്പമാണ് ഇയാൾ സെല്ലിൽ കഴിയുന്നത്. ഇയാൾക്ക് കോൺഫറൻസ് റൂം, വീഡിയോ കോൺഫറൻസിങ് സൗകര്യങ്ങൾ നൽകാറുണ്ട്. ഉച്ചക്ക് 12നും 3 നും ഇടയിൽ സെല്ലിൽ നിന്ന് പുറത്ത് പോകാൻ റോയിയെ അനുവദിക്കാറുണ്ട്. കാന്റീനിൽ നിന്നും ഭക്ഷണം വില കൊടുത്ത് വാങ്ങിക്കഴിക്കുന്ന ഇയാൾ ജയിലിലെ സൗജന്യ ഭക്ഷണം കഴിക്കാറില്ലത്രെ...!!.ജയിൽ ഡയറി എഴുതാൻ റോയ് എ4 പേപ്പറുകൾ വാങ്ങാറുമുണ്ട്. തന്റെ സ്വത്തുക്കൾ വിൽക്കാനായി കൂടുതൽ സമയം എസി കോൺഫറൻസ് റൂം നൽകാൻ ഇയാൾ ജയിൽ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP