Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർവ ഗതാഗത മാർഗ്ഗങ്ങളും നിലച്ചു; പാലോ ബ്രെഡോ കിട്ടാനില്ല; കുടിക്കുന്നത് മലിനജലം; ബാങ്കിൽ പണം ഉള്ളവർക്ക് എടുക്കാൻ വഴിയില്ല; കണ്ണീരിൽ മുങ്ങി നിന്ന ചെന്നൈയെ രക്ഷിക്കാൻ സൈന്യം ഇറങ്ങി; 1000 രൂപ മാത്രം വാങ്ങി വിമാന സർവീസ് നടത്തിയും സൈന്യത്തിന്റെ ഇടപെടൽ

സർവ ഗതാഗത മാർഗ്ഗങ്ങളും നിലച്ചു; പാലോ ബ്രെഡോ കിട്ടാനില്ല; കുടിക്കുന്നത് മലിനജലം; ബാങ്കിൽ പണം ഉള്ളവർക്ക് എടുക്കാൻ വഴിയില്ല; കണ്ണീരിൽ മുങ്ങി നിന്ന ചെന്നൈയെ രക്ഷിക്കാൻ സൈന്യം ഇറങ്ങി; 1000 രൂപ മാത്രം വാങ്ങി വിമാന സർവീസ് നടത്തിയും സൈന്യത്തിന്റെ ഇടപെടൽ

ചെന്നൈ: തിർമിർത്തുപെയ്ത പേമാരിയിൽ ജീവിതം ദുസ്സഹമായ ചെന്നൈയിൽ പതിനായിരങ്ങളുടെ അവസ്ഥ അതീവ ഗുരുരതമായ നിലയിൽ. വെള്ളവും ഭക്ഷണവും കിട്ടാനില്ലാതെ പതിനായിരങ്ങളാണ് ദുരിതത്തിൽ കഴിയുന്നത്. തലചായ്ക്കാൻ ഇടയില്ലാതെ കഴിച്ചുകൂട്ടുന്നരാണ് ഏറിയ പങ്കും. ചേരികളിൽ അടക്കം നരകതുല്യമാക്കിയിട്ടുണ്ട് പ്രളയം. രക്ഷാപ്രവർത്തനങ്ങൾക്കായി സൈന്യം സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്. എന്നാൽ, താഴ്ന്ന പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ ഇനിയും സാധിച്ചിട്ടില്ല.

പൊതുഗതാഗതം പൂർണ്ണമായും താറുമാറായതോടെയാണ് ചെന്നൈ ജീവിതം തീർത്തും ദുരിതത്തിൽ ആയത്. വായു, ട്രെയിൻ ഗതാഗതൾ പൂർണ്ണാമായും സ്തംഭിച്ചതോടൈ റോഡ് മാർഗ്ഗവും യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ് ചെന്നൈ വാസികൾ. ചുറ്റുപാടും വെള്ളത്താൽ ഒറ്റപ്പെട്ട ഒരു ദ്വീപിന്റെ അവസ്ഥയിലായിട്ടുണ്ടെ ചെന്നൈ. ചുരുക്കം റൂട്ടുകളിലേ ബസ് സർവീസ് നടത്താനായുള്ളൂ.

ഓട്ടോറിക്ഷകൾക്കും ചെറുകാറുകൾക്കും പുറത്തിറങ്ങാൻ സാധിച്ചിട്ടില്ല. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് കേരളത്തിലേക്കുൾപ്പെടെ വിവിധ ഭാഗങ്ങളിലേക്കുള്ള ഒട്ടേറെ തീവണ്ടികൾ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും റദ്ദാക്കിയതായി ദക്ഷിണറെയിൽവേ അറിയിച്ചു. കോയമ്പേട് ബസ് സ്റ്റാൻഡിൽനിന്നുള്ള ദീർഘദൂരബസ്സുകളും ഓടിയില്ല. നഗരത്തിൽ പെട്രോളും ഡീസലും കിട്ടാനില്ല. എ.ടി.എമ്മുകളും കാലിയായതിനാൽ നഗരവാസികൾ വലയുകയാണ്. നാവികസേന വിതരണംചെയ്യുന്ന ഭക്ഷണപ്പൊതിക്കുവേണ്ടി ധനിക, ദരിദ്ര വ്യത്യാസമില്ലാതെ ആളുകൾ കാത്തുനിൽക്കുന്ന കാഴ്ചയാണ് എങ്ങും.

പുറംലോകവുമായുള്ള ബന്ധം തന്നെ നിശ്ചലമായ അവസ്ഥയിലാണ് ചെന്നൈയിൽ ലാൻഡ്, മൊബൈൽ ഫോണുകൾ നിശ്ചലമായി. വീടുകളിൽ വെള്ളം കയറിയതോടെ എങ്ങനെയും നാട്ടിലേക്കു തിരിക്കാനായി കഴിഞ്ഞ ദിവസം ഇറങ്ങിയ മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിനു യാത്രക്കാർ സെൻട്രൽ, എഗ്മൂർ റയിൽവേ സ്റ്റേഷനുകളിലും കോയമ്പേട് ഉൾപ്പെടെയുള്ള ബസ് സ്റ്റാൻഡുകളിലുമായി കുടുങ്ങിക്കിടക്കുകയാണ്. ട്രെയിൻ സർവീസുകൾ നാളെ വരെയും വിമാന സർവീസുകൾ ഞായറാഴ്ച വരെയും റദ്ദാക്കിയതോടെ എങ്ങും അനിശ്ചിതത്വമാണ്.

തിരുവള്ളൂർ, ആർക്കോണം സ്റ്റേഷനുകളിൽനിന്ന് തിരുവനന്തപുരം, മംഗലാപുരം റൂട്ടുകളിൽ സ്‌പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചെങ്കിലും വലിയ വിഭാഗം ആളുകൾക്കും ഇവിടേക്ക് എത്തിച്ചേരാൻ കഴിഞ്ഞില്ല. നഗരത്തിനുള്ളിൽ ഭൂരിപക്ഷം മേഖലയിലും റോഡ് ഗതാഗതം ഇല്ലാതായി കഴിഞ്ഞു. വളരെ ചുരുക്കം എംടിസി സർവീസുകൾ മാത്രമാണു നടക്കുന്നത്. ചില സ്വകാര്യ ബസുകൾ സർവീസ് നടത്തിയെങ്കിലും നിരക്ക് കുത്തനെ കൂട്ടി. വെള്ളക്കെട്ടിനുള്ളിൽ അകപ്പെട്ടവരെ പുറത്തെത്തിക്കുന്നതു വള്ളങ്ങളിലും ബോട്ടുകളിലുമാണ്.

ടാക്‌സി, ഓട്ടോ സർവീസുകളും ഏതാനും ഭാഗങ്ങളിൽ മാത്രമാണുള്ളത്. ഓട്ടോറിക്ഷകളിൽ കുറഞ്ഞ നിരക്ക് 25 രൂപയാണെങ്കിലും ഇപ്പോൾ ഈടാക്കുന്നതു നൂറു രൂപയിൽ അധികമാണ്. സൈന്യത്തിന്റെ സഹായത്തോടെ പലരെയും രക്ഷിക്കാൻ കഴിഞ്ഞെങ്കിലും പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയിൽ ഇപ്പോഴും വീടുകളിൽ കുടുങ്ങിക്കിടക്കുന്നവർ ഏറെയാണ്. മലയാളികൾ അടക്കം ഒട്ടേറെ വിദ്യാർത്ഥികൾ കോളജ് ഹോസ്റ്റലുകളിലും മറ്റു താമസ സ്ഥലങ്ങളിലും കുടുങ്ങിയിട്ടുണ്ട്. മറ്റു മാർഗങ്ങൾ അടഞ്ഞതോടെ വാനുകളും മറ്റും വാടകയ്‌ക്കെടുത്തു ചിലർ നാട്ടിലേക്കു തിരിച്ചിട്ടുണ്ട്. ഇതിനു പതിവിലും രണ്ടും മൂന്നും ഇരട്ടി നിരക്കാണ് ഈടാക്കുന്നത്. രക്ഷാപ്രവർത്തകർക്കുപോലും യാത്രാ മാർഗങ്ങൾ കണ്ടെത്താൻ സാധിക്കുന്നില്ല.

അതേസമയം ചെന്നൈ പൊലീസ് പരാജയപ്പെട്ടിടത്ത് ആശ്വാസമാകുന്നത് സൈന്യമാണ്. കര, നാവിക, വ്യോമ സേനകൾ വ്യാഴാഴ്ചയും തങ്ങളുടെ ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങൾ തുടർന്നു. വിവിധ വിമാനങ്ങളിലും ബോട്ടുകളിലുമായി 5000 ത്തോളം ജനങ്ങളെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സൈന്യം രക്ഷപെടുത്തിയിട്ടുണ്ട്. ഡൽഹിയിൽ നിന്നും ഭുവനേശ്വരിൽ നിന്നും ദുരന്തനിവാരണ സേനയുടെ പതിനൊന്നോളം സംഘങ്ങൾ ആർക്കോണത്ത് എത്തിയിട്ടുണ്ട്. കരസേനയുടെ നാല് വിമാനങ്ങളും വ്യോമസേനയുടെ വിമാനങ്ങളും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. താമ്പരത്തിൽ നിന്നു ഡൽഹിയിലേക്ക് സിന്മ 130 ജെ, ആർക്കോണത്തു നിന്ന് സി 17 എസ് എന്നീ വിമാനങ്ങളും ഡൽഹിയിലേക്ക് ജനങ്ങളെ എത്തിച്ചു. ഹെലികോപ്റ്ററുകളിലും രക്ഷാപ്രവർത്തനം തുടർന്നു.

സംഘത്തെയും അഞ്ച് എൻജിനീയർ സംഘത്തെയുമാണ് കരസേന ചെന്നൈയിലെത്തിച്ചിരിക്കുന്നത്. വ്യോമസേനയുടെ ഹെലികോപ്റ്ററുകളിൽ നിന്നും വീടുകൾക്കും കെട്ടിടങ്ങൾക്കും മുകളിൽ രക്ഷതേടിയവർക്ക് ഭക്ഷണവും വെള്ളവും എത്തിച്ചു. ഫൈബർ ബോട്ടുകളിലൂടെയും ജനങ്ങളെ സൈന്യം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. തുടർന്നുള്ള ദിവസങ്ങളിലും സൈന്യം ദുരിതബാധിത മേഖലകളിൽ സഹായവുമായി എത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.

അതേസമയം ചെന്നൈ നഗരത്തിൽ നിന്നും പുറത്തുകടന്നു നാട്ടിലെത്താനുള്ള മലയാളികളുടെ ശ്രമങ്ങൾക്ക് ആശ്വസവുമായി വ്യോമസേനയുടെ രംഗത്തുണ്ട്. ചുരുങ്ങിയ നിരക്കിൽ മറ്റ് നഗരങ്ങളിലേക്ക് സൈന്യം വിമാന സർവീസ് നടത്തുന്നുണ്ട്. ആർക്കോണത്തെ രജാലി നാവികസേനാ താവളത്തിൽ നിന്നു നടത്തുന്ന അടിയന്തര വിമാനസർവീസുകളിൽ ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്ക് 1000 രൂപയും ഉത്തരേന്ത്യൻ നഗരങ്ങളിലേക്കു 2000 രൂപയുമാണു നിരക്കെന്ന് അധികൃതർ അറിയിച്ചു. ഇന്നും നാളെയുമുള്ള ആറുവീതം സർവീസുകൾ ഏതു നഗരങ്ങളിലേക്കാണെന്നതുൾപ്പെടെയുള്ള വിവരങ്ങൾ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. രജാലി എയർബേസിൽ തന്നെയാണു ടിക്കറ്റ് വിതരണം.

വിമാനത്താവളം ഞായറാഴ്ച വരെ അടച്ചതിനെ തുടർന്നു കുടുങ്ങിയ ആയിരത്തിലേറെ യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. തിരുവനന്തപുരത്തേക്കുള്ള യാത്രക്കാരെ ബസിൽ അയച്ചതായി എയർ ഇന്ത്യ അറിയിച്ചു. വിമാനത്താവളത്തിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന 150 പേരെ കൂടി ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

യു.എസ്. കോൺസുലേറ്റ്, അണ്ണാ സർവകലാശാല, മദ്രാസ് ഐ.ഐ.ടി. കാമ്പസ്, മണലിയിലെ എണ്ണശുദ്ധീകരണി തുടങ്ങിയവ വെള്ളം കയറിയതിനാൽ അടച്ചിട്ടു. കടകമ്പോളങ്ങൾ ഭൂരിഭാഗവും ഇന്നലെയും അടഞ്ഞുകിടന്നു. പാൽ, പത്രം വിതരണവും അവതാളത്തിലായി. അവശ്യസാധനങ്ങൾക്ക് തീവിലയാണ്. അരലിറ്റർ പാലിന് 50 രൂപ വരെയാണ് വില. ഭൂരിഭാഗം മേഖലകളിലും വൈദ്യുതിബന്ധം ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. പാൽ വാങ്ങാമെന്ന് വച്ചാൽ തന്നെ അത് കിട്ടാനില്ലാത്ത സ്ഥിതിയാണുള്ളത്.

ചെന്നൈ, എഗ്മൂർ എന്നിവിടങ്ങിൽ നിന്നുമുള്ള ട്രെയിൻ ഗതാഗതം പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്. മുഴുവൻ തീവണ്ടികളും ഡിസംബർ അഞ്ചുവരെ റദ്ദാക്കി. മറ്റു സ്ഥലങ്ങളിൽ നിന്നും ചെന്നൈ എഗ്!മൂർ, സെൻട്രൽ സ്റ്റേഷനുകളിലെത്തി യാത്രതിരിക്കുന്ന വണ്ടികളും അഞ്ചാം തിയ്യതി വരെ ഇവിടെ എത്തില്ല. ഇവ വഴിമാറി ഓടുമോ എന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല.

ചെന്നൈയിൽ നിന്നും രാജ്യത്തിന്റെ പല ഭാഗത്തേക്കുമുള്ള തീവണ്ടികൾ വ്യാഴാഴ്ചയും ഓടിയില്ല. ചെന്നൈ മംഗലാപുരം എക്സ്‌പ്രസ് (12685), ചെന്നൈ ആലപ്പുഴ എക്സ്‌പ്രസ് (22639), ചെന്നൈ തിരുവനന്തപുരം മെയിൽ, ചെന്നൈ ന്യൂഡൽഹി തമിഴ്‌നാട് എക്സ്‌പ്രസ് തുടങ്ങിയവ ഉൾപ്പെടെയുള്ള വണ്ടികളാണ് വ്യാഴാഴ്ച റദ്ദാക്കിയത്.

അതേസമയം, മഴക്ക് വ്യാഴാഴ്ച നേരിയ ശമനമുണ്ടായ മഴയ് ഇന്നലെ രാത്രി ശക്തമായി. ചെമ്പരമ്പാക്കം തടാകത്തിൽനിന്ന് കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ജലപ്രവാഹം കൂടുതൽ പ്രദേശങ്ങളെ വെള്ളത്തിലാക്കി. നഗരത്തിലെ കുടിവെള്ള സ്രോതസ്സുകളിലൊന്നായ ഈ തടാകത്തിൽനിന്ന് 30,000 ക്യുസെക്‌സ് വെള്ളമാണ് ഒഴുക്കിയത്. ഇതേതുടർന്ന്, നഗരത്തിലെ പ്രധാന മേഖലകളായ കോടമ്പാക്കം, ടി നഗർ, അശോക് നഗർ എന്നിവിടങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. അടുത്ത 48 മണിക്കൂർ നിർണായകമാണെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് വീണ്ടും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. മരിച്ചവരുടെ എണ്ണം 250 കവിഞ്ഞതായി അനൗദ്യോഗിക കണക്ക് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP