സർജിക്കൽ സ്ട്രൈക്കിൽ നായകളെ ഓടിക്കാൻ സൈനികർ പ്രയോഗിച്ചത് പുള്ളിപ്പുലികളുടെ വിസർജ്യം !; വെളിപ്പെടുത്തൽ നടത്തിയത് മുൻ നഗ്രോട്ട കോപ്സ് കമാൻഡർ ലഫ്. ജനറൽ രാജേന്ദ്ര നിംബോർക്കർ; അക്രമണ സമയത്ത് നായകളുടെ കുരയൊഴിവാക്കാൻ എന്ത് ചെയ്യണമെന്ന് ആലോചിച്ചു; വിശദമായ പഠനത്തിന് ശേഷം സൈനികരുടെ രഹസ്യ നീക്കം
September 12, 2018 | 05:55 PM IST | Permalink

മറുനാടൻ ഡെസ്ക്
പുണെ: നായകളെ ഓടിക്കാനായി സൈനികർ ഉപയോഗിച്ചത് പുള്ളിപ്പുലികളുടെ വിസർജ്യം. പാക്കിസ്ഥാൻ അതിർത്തി കടന്ന് ഇന്ത്യൻ സൈനികർ നടത്തിയ സർജിക്കൽ സ്ട്രൈക്കിലാണ് സൈനികർ പുത്തൻ 'തന്ത്രം' പ്രയോഗിച്ചത്. മുൻ നഗ്രോട്ട് കോപ്സ് കമാൻഡറായിരുന്ന ലഫ്. ജനറൽ രാജേന്ദ്ര നിംബോർക്കറാണ് ഇക്കാര്യം പറഞ്ഞത്. പുണെയിൽ ഒരു ചടങ്ങിനിടെ പങ്കെടുക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
നൗഷേര സെക്ടറിലെ ബ്രിഗേഡ് കമാൻഡറായിരുന്ന നിംബോർക്കർ ഈ പ്രദേശത്തെ ജൈവ വ്യവസ്ഥയെക്കുറിച്ചു സൂക്ഷമമായി പഠിച്ചിരുന്നു. നായകളെ പുള്ളിപ്പുലികൾ ആക്രമിക്കുന്നത് ഇവിടെ പതിവായിരുന്നു. ഇതിൽനിന്നു രക്ഷപ്പെടുന്നതിനായി രാത്രി സമയങ്ങളിൽ നായകൾ പ്രത്യേകം ശ്രദ്ധ പുലർത്താറുണ്ടെന്നും നിംബോർക്കർ പറഞ്ഞു.ആക്രമണത്തിനു തന്ത്രങ്ങൾ ആലോചിക്കുന്ന സമയത്തു തന്നെ വഴികളിലുള്ള നായകളുടെ കുര ഒഴിവാക്കാൻ എന്തു ചെയ്യുമെന്നു പരിശോധിച്ചിരുന്നു. ഇതു മറികടക്കുന്നതിനായി സൈനികർ പുള്ളിപ്പുലിയുടെ വിസർജ്യമാണു കരുതിവച്ചത്.
ഇതു ഗ്രാമപ്രദേശങ്ങളിൽ വിതറിയതോടെ നായകളിൽനിന്നുള്ള ഭീഷണി ഒഴിവായി. അതീവ രഹസ്യമായാണ് ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങൾ സൈന്യം തയാറാക്കിയത്. പ്രതിരോധ മന്ത്രി മനോഹർ പരീക്കറിൽനിന്നു നിർദേശങ്ങൾ ലഭിച്ചശേഷം സൈനികരുമായി വിഷയം ചർച്ച ചെയ്തു. എന്നാൽ സ്ഥലം എവിടെയാണെന്നു മാത്രം കൃത്യമായി അവരോടു പറഞ്ഞില്ല - അദ്ദേഹം വ്യക്തമാക്കി.
ആക്രമണത്തിന് ഒരു ദിവസം മുൻപാണു സൈനികർ സ്ഥലത്തെക്കുറിച്ച് അറിഞ്ഞത്. ഭീകരരുടെ നീക്കങ്ങൾ കൃത്യമായി മനസ്സിലാക്കിയശേഷം പുലർച്ചെ 3.30 ആക്രമണത്തിനു പറ്റിയ സമയമായി തിരഞ്ഞെടുക്കുകയായിരുന്നു. അതിനു മുൻപു സൈന്യം സുരക്ഷിതമായ സ്ഥാനത്തേക്കും എത്തി. ബുദ്ധിമുട്ടേറിയ ഭൂപ്രദേശങ്ങളും കുഴി ബോംബുകളും മറികടന്നായിരുന്നു സൈന്യത്തിന്റെ മുന്നേറ്റമെന്നും അദ്ദേഹം പറഞ്ഞു.
