Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പത്താൻകോട്ടിൽ അപകടത്തിൽപ്പെടുമ്പോൾ നിരഞ്ജൻ പ്രതിരോധ കവചം ധരിച്ചിരുന്നില്ലെന്നു വിശദീകരണം; സൈന്യത്തിന്റെ മറുപടി കേന്ദ്രത്തിനു നൽകിയ റിപ്പോർട്ടിൽ

പത്താൻകോട്ടിൽ അപകടത്തിൽപ്പെടുമ്പോൾ നിരഞ്ജൻ പ്രതിരോധ കവചം ധരിച്ചിരുന്നില്ലെന്നു വിശദീകരണം; സൈന്യത്തിന്റെ മറുപടി കേന്ദ്രത്തിനു നൽകിയ റിപ്പോർട്ടിൽ

ന്യൂഡൽഹി: പത്താൻകോട്ടിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി സൈനികൻ നിരഞ്ജൻ കുമാർ ബോംബു പ്രതിരോധിക്കാനുള്ള കവചം ധരിച്ചിരുന്നില്ലെന്നു സൈന്യത്തിന്റെ റിപ്പോർട്ട്. കേന്ദ്ര സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിലാണ് എൻ.എസ്.ജി കമാന്റോ ലഫ്. കേണൽ നിരഞ്ജൻ കുമാർ സൈനിക നീക്കത്തിനിടെ ബോംബ് പ്രതിരോധ കവചം ധരിച്ചിരുന്നില്ലെന്ന് സൈന്യം വ്യക്തമാക്കിത്.

തെരച്ചിൽ നടത്തുമ്പോൾ നിരഞ്ജൻ കവചം ധരിച്ചിരുന്നില്ല എന്ന വാദം മുമ്പ് സൈന്യം തള്ളിക്കളഞ്ഞിരുന്നു. പത്താൻകോട്ടിൽ തെരച്ചിൽ നടത്തുമ്പോൾ 60 കിലോയോളം ഭാരം വരുന്ന കവചമാണ് നിരഞ്ജൻ ധരിക്കേണ്ടിയിരുന്നത്.

കയറ്റിറക്കങ്ങൾ ഉള്ളതും ആനപ്പുല്ലുകൾ വൻതോതിൽ പടർന്നുനിന്നിരുന്ന പ്രദേശത്ത് കവചം ധരിച്ച് തെരച്ചിൽ നടത്തുക ബുദ്ധിമുട്ടായിരുന്നു. പക്ഷേ തെരച്ചിൽ നടത്തുമ്പോൾ നിരഞ്ജൻ യാതൊരു നിയമലംഘനവും നടത്തിയിട്ടില്ല. ബോംബ് നിർവീര്യമാക്കുന്നതിൽ നിരഞ്ജൻ വിദഗ്ധനായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

പത്താൻകോട്ട് വ്യോമസേന താവളത്തിൽ ഭീകരർ പ്രവേശിച്ചതെങ്ങനെയെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടിൽ ആക്രമണം നടത്തിയ ആറു ഭീകരർ രണ്ടു സംഘങ്ങളായാണ് പ്രവർത്തിച്ചതെന്നു വ്യക്തമാക്കുന്നു. നാലുപേരടങ്ങുന്ന സംഘത്തെ രണ്ടുപേരടങ്ങുന്ന സംഘമാണ് നിർദേശങ്ങൾ നൽകി നയിച്ചത്.

ജനുവരി രണ്ട് പുലർച്ചെയാണ് ഭീകരർ വ്യോമതാവളത്തിനുള്ളിൽ കയറിയത്. 10 അടിയോളം ഉയരമുള്ള മതിലിനു മുകളിൽ മുള്ളുകമ്പിയും ഉണ്ടായിരുന്നു. ഇതു ചാടിക്കടന്നാണ് സംഘം അകത്തുകയറിയത്. നിരീക്ഷണ വിമാനത്തിന്റെ തെർമൽ ഉപകരണങ്ങൾ വഴി ജനുവരി മൂന്നിന് ഇവരെ കണ്ടെത്തി. എന്നാൽ രണ്ടുപേരടങ്ങിയ സംഘം ജനുവരി ഒന്നിനു പുലർച്ചെ എത്തിയെന്നാണ് കരുതുന്നത്. ഇവർ എങ്ങനെ അകത്തുകയറിയെന്നു വ്യക്തമായിട്ടില്ല.

ജനുവരി മൂന്നിന് ബാക്കിയുള്ള രണ്ടു ഭീകരർ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ അഭയം പ്രാപിച്ചു. കുറഞ്ഞത് അഞ്ച് എയർഫോഴ്‌സ് ഉദ്യോഗസ്ഥർ മുകൾനിലയിൽ ഉണ്ടായിരുന്നുവെന്നും ഇവരെ എൻഎസ്ജിയെത്തി ഒഴിപ്പിച്ച ശേഷമാണ് ഭീകരർക്കെതിരെ ഏറ്റുമുട്ടൽ തുടർന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. 80 മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിൽ 500 കമാൻഡോകൾ പങ്കെടുത്തു. ഏഴു സൈനികരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP