Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യം വിട നൽകിയത് അടിയന്തിരാവസ്ഥ പരുവപ്പെടുത്തിയ നേതാവിന്; നിഗംബോധ് ഘട്ടിൽ നടന്ന അരുൺ ജെയ്റ്റ്‌ലിയുടെ സംസ്‌കാര ചടങ്ങുകൾ നിർവഹിച്ചത് മകൻ രോഹൻ; കേന്ദ്രമന്ത്രിമാരും രാഷ്ട്രീയ നേതാക്കളും അടക്കം വൻ ജനാവലി എത്തിയത് സംഘപരിവാറിലെ സൗമ്യമുഖങ്ങളിൽ ഒന്നിന് അന്ത്യ യാത്രാമൊഴിയോതാൻ

രാജ്യം വിട നൽകിയത് അടിയന്തിരാവസ്ഥ പരുവപ്പെടുത്തിയ നേതാവിന്; നിഗംബോധ് ഘട്ടിൽ നടന്ന അരുൺ ജെയ്റ്റ്‌ലിയുടെ സംസ്‌കാര ചടങ്ങുകൾ നിർവഹിച്ചത് മകൻ രോഹൻ; കേന്ദ്രമന്ത്രിമാരും രാഷ്ട്രീയ നേതാക്കളും അടക്കം വൻ ജനാവലി എത്തിയത് സംഘപരിവാറിലെ സൗമ്യമുഖങ്ങളിൽ ഒന്നിന് അന്ത്യ യാത്രാമൊഴിയോതാൻ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അരുൺ ജെയ്റ്റ്ലിക്ക് രാജ്യം വിടനൽകി. ജെയ്റ്റ്‌ലിയുടെ ഭൗതികശരീരം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. നിഗംബോധ് ഘട്ടിലാണ് സംസ്‌കാരച്ചടങ്ങുകൾ നടന്നത്. മകൻ രോഹൻ ജെയ്റ്റ്ലി സംസ്‌കാരച്ചടങ്ങുകൾ നിർവഹിച്ചു.

കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമലാ സീതാരാമൻ, രാജ്നാഥ് സിങ്, പ്രകാശ് ജാവദേക്കർ, സ്മൃതി ഇറാനി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ബിജെപി നേതാക്കളായ എൽ കെ അദ്വാനി, ബി എസ് യെദ്യൂരപ്പ, ബിജെപി എം പിയും മുൻക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ, എൻ സി പി നേതാവ് ശരദ് പവാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് 12.07-ന് ഡൽഹി എയിംസിലായിരുന്നു അന്ത്യം. 66 വയസ്സായിരുന്നു. ഈ മാസം ഒൻപതിനു ശ്വാസതടസ്സത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ജീവൻ ഒരാഴ്ചയായി ഉപകരണങ്ങളുടെ സഹായത്തോടെയാണ് നിലനിർത്തിയിരുന്നത്. വെള്ളിയാഴ്ച വൈകീട്ടോടെ നില അതീവഗുരുതരമായി. മരണസമയത്ത് ഭാര്യ സംഗീത, മക്കളായ സൊണാലി, രോഹൻ എന്നിവർ അടുത്തുണ്ടായിരുന്നു. എ.ബി. വാജ്‌പേയി, നരേന്ദ്ര മോദി സർക്കാരുകളിൽ ധനകാര്യം, പ്രതിരോധം, വാർത്താവിതരണം, നിയമം, വാണിജ്യം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്ത ജെയ്റ്റ്‌ലി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായിരുന്നു. ഒന്നാം മോദിമന്ത്രിസഭയിലെ രണ്ടാമനെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന അദ്ദേഹം പ്രധാനമന്ത്രിയുടെ വലംകൈയായിരുന്നു. മുൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ മരണത്തിനു 18 ദിവസങ്ങൾക്കുശേഷമാണ് ദേശീയനിരയിലെ ഒരു അതികായനെക്കൂടി ബിജെപി.ക്കു നഷ്ടമാവുന്നത്.

മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയി, എൽ.കെ.അദ്വാനി, മുരളി മനോഹർ ജോഷി എന്നിവർക്കൊപ്പം സുഷമ സ്വരാജും അരുൺ ജയ്റ്റ്ലിയുമായിരുന്നു ഏറെക്കാലം ഡൽഹിയിൽ ബിജെപിയുടെ പ്രധാന മുഖങ്ങൾ. അദ്വാനിയെപ്പോലെ പ്രധാനമന്ത്രി സ്ഥാനാർത്ഥികളായി ഇടക്കാലത്തു പരിഗണിക്കപ്പെട്ട പേരുകളാണ് സുഷമയും ജയ്റ്റ്ലിയും. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത്, സുഷമ ലോക്സഭയിലും ജയ്റ്റ്ലി രാജ്യസഭയിലും പ്രതിപക്ഷ നേതാക്കളായി. ഡൽഹയിലെ ഈ രണ്ട് നേതാക്കളും ബിജെപിക്ക് അടുത്തടുത്ത് നഷ്ടമാകുന്നു. ഇതിന്റെ വേദനയിലാണ് ബിജെപിക്കാർ.

സമരചൂളയിലൂടെയാണ് ജെയ്റ്റ്ലി ഇന്ത്യയെ കൈയിലെടുക്കുന്നത്. അടിയന്തരാവസ്ഥക്കാലത്തെ ആദ്യ സത്യഗ്രഹിയെന്നാണ് അരുൺ ജെയ്റ്റ്ലി സ്വയം വിശേഷിപ്പിച്ചത്. അന്നു ജെയ്റ്റ്ലിക്ക് 23 വയസ്സ്, ഡൽഹി സർവകലാശാലയിൽ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെ, രാത്രിയിൽത്തന്നെ പൊലീസ് സംഘം പശ്ചിമ ഡൽഹിയിലെ ജയ്റ്റ്ലിയുടെ വീട്ടിലെത്തി. ചൂടുകാലമാണ്, ജയ്റ്റ്ലി പിന്മുറ്റത്തു കിടന്ന് ഉറങ്ങുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് അറിയാതെ. പിതാവ് മഹാരാജ് കിഷൻ ജയ്റ്റ്ലിയും പൊലീസുമായുള്ള തർക്കം കേട്ടാണ് ജയ്റ്റ്ലി ഉണരുന്നത്. മകൻ വീട്ടിലെത്തിയിട്ടില്ലെന്നു പിതാവ് വാദിക്കുന്നതിനിടെ, പിൻഭാഗത്തു മതിൽചാടി ജയ്റ്റ്ലി രക്ഷപ്പെട്ടു. പിതാവിനെ പൊലീസ് കൊണ്ടുപോയി. രാത്രി സുഹൃത്തിന്റെ വീട്ടിൽ അഭയം തേടിയ ജയ്റ്റ്ലി പിറ്റേന്നു രാവിലെതന്നെ സർവകലാശാല ആസ്ഥാനത്തെത്തി. അവിടെ, വൈസ് ചാൻസലറുടെ ഓഫിസിനു മുന്നിൽ ഇരുനൂറോളം വിദ്യാർത്ഥികളെത്തിയിരുന്നു. അവരെ അഭിസംബോധന ചെയ്ത ജയ്റ്റ്ലി, പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കോലം കത്തിക്കുന്നതിനു നേതൃത്വം നൽകി. വൈകാതെ, ഡപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ പി.എസ്. ഭിന്ദറിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം ജയ്റ്റ്ലിയുൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു. തിഹാറിലും ഹരിയാനയിലെ അംബാലയിലുമായി 19 മാസം ജയിലിൽ കഴിഞ്ഞു.

വാജ്പേയി സർക്കാരിൽ, റാം ജഠ്മലാനി രാജിവച്ചപ്പോഴാണ് അരുൺ ജയ്റ്റ്ലിക്ക് നിയമന്ത്രാലയത്തിന്റെ ചുമതല ലഭിക്കുന്നത്. ചില വിവാദങ്ങളുണ്ടായപ്പോൾ ജഠ്മലാനിക്കു നിശ്ശബ്ദതയുടെ കല അറിയില്ലെന്നായിരുന്നു വാജ്പേയി വിമർശിച്ചത്. എന്നാൽ, 1998 ലെ വാജ്പേയി സർക്കാരിൽ ജയ്റ്റ്ലിക്ക് ഇടം ലഭിക്കാതെ പോയതും തുറന്ന സംസാരത്തിന്റെ പേരിലാണ്. സദുദ്ദേശ്യത്തോടെയുള്ള തുറന്ന സംസാരമെന്നാണ് ആ രീതിയെ പാർട്ടിയിലുള്ളവർ വിശേഷിപ്പിക്കുക.

പ്രമേഹത്തെത്തുടർന്നുണ്ടായ വൃക്കരോഗങ്ങളുടെ പിടിയിലായിരുന്നു രണ്ടുവർഷമായി ജെയ്റ്റ്‌ലി. പ്രമേഹം മൂലമുണ്ടായ അമിതവണ്ണം കുറയ്ക്കുന്നതിന് 2014 സെപ്റ്റംബറിൽ ബറിയാട്രിക് ശസ്ത്രക്രിയയ്ക്കു വിധേയനായി. തുടർന്ന് ജോലികളിലും പാർട്ടിപ്രവർത്തനത്തിലും സജീവമായെങ്കിലും ക്രമേണ വിവിധ ശാരീരികാസ്വസ്ഥതകൾ ബാധിച്ചു. അനാരോഗ്യം മൂലം 2018 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ ധനമന്ത്രാലയത്തിൽ സ്ഥിരമായി എത്താൻ കഴിഞ്ഞിരുന്നില്ല. ഓഗസ്റ്റ് മുതൽ ഓഫീസിലെത്തിയെങ്കിലും ആരോഗ്യപ്രശ്നങ്ങൾ വീണ്ടും ഉയർന്നു. ഇതേത്തുടർന്ന്, ഇക്കഴിഞ്ഞ മേയിൽ അദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിച്ചു. മെയ് 14-നു വൃക്ക മാറ്റിവെച്ചു. എന്നാൽ, ആരോഗ്യം വീണ്ടെടുക്കാനായില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽനിന്നു വിട്ടുനിന്ന ജെയ്റ്റ്‌ലി രണ്ടാം മോദി മന്ത്രിസഭയിൽനിന്ന് ഇക്കാരണത്താൽ സ്വയം പിന്മാറുകയായിരുന്നു.

ഡൽഹി സർവകലാശാലയിൽ എ.ബി.വി.പി. പ്രവർത്തകനായി തുടങ്ങിയ ജെയ്റ്റ്‌ലി 1974-ൽ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായി. തുടർന്നുള്ള വളർച്ച പ്രധാനമന്ത്രിപദത്തിലേക്കുവരെ പരിഗണിക്കപ്പെടാവുന്ന നേതാവെന്നനിലയിലേക്കായിരുന്നു. 1973-ൽ അഴിമതിക്കെതിരേയുള്ള ജയപ്രകാശ് നാരായണിന്റെ പോരാട്ടത്തിൽ പങ്കാളിയായി. നാഷണൽ കമ്മിറ്റി ഫോർ സ്റ്റുഡന്റ്‌സ് ആൻഡ് യൂത്ത് ഓർഗനൈസേഷൻ കൺവീനറായി ജയപ്രകാശ് നാരായൺ നിയോഗിച്ചത് ജെയ്റ്റ്‌ലിയെയായിരുന്നു.

പൗരാവകാശപ്രവർത്തനങ്ങളിൽ തത്പരനായിരുന്ന ജെയ്റ്റ്‌ലി, പി.യു.സി.എൽ. ബുള്ളറ്റിൻ ആരംഭിക്കാൻ സതീഷ് ഝാ, സ്മിതു കോത്താരി എന്നിവരുമായി ചേർന്ന് പ്രവർത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് 19 മാസം കരുതൽ തടങ്കലിലായിരുന്നു. ജയിലിൽനിന്ന് പുറത്തെത്തിയതിനുശേഷം ജനസംഘിൽ ചേർന്നു. ലോക് താന്ത്രിക് യുവമോർച്ച കൺവീനറായിരിക്കെ എ.ബി.വി.പി. ഡൽഹി ഘടകം അധ്യക്ഷനായി. തുടർന്ന് ദേശീയ സെക്രട്ടറിയായി. ബിജെപി. യൂത്ത് വിങ് പ്രസിഡന്റായി. ഇതിനിടെ നിയമപഠനം പൂർത്തിയാക്കിയ ജെയ്റ്റ്‌ലി 1977-ൽ സുപ്രീംകോടതിയിലും വിവിധ ഹൈക്കോടതികളിലും പ്രാക്ടീസ് ആരംഭിച്ചു. 1989-ൽ അഡീഷണൽ സോളിസിറ്റർ ജനറലായി. പിന്നെ സജീവ രാഷ്ട്രീയത്തിലേക്ക്. പിന്നീട് രാഷ്ട്രീയ ഇന്ത്യയുടെ ചരിത്രം അരുൺ ജെയ്റ്റ്‌ലിയുടേത് കൂടിയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP