Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാശ്മീർ പ്രളയത്തിൽ മരണം 180 കവിഞ്ഞു; 22,000 പേരെ പ്രളയബാധിത മേഖലയിൽ നിന്നും ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചു; 58 മലയാളികൾ ഡൽഹിയിൽ തിരിച്ചെത്തി; രക്ഷകരായ ഇന്ത്യൻ സൈന്യത്തിന് സല്യൂട്ട് നൽകി കാശ്മീർ ജനത

കാശ്മീർ പ്രളയത്തിൽ മരണം 180 കവിഞ്ഞു; 22,000 പേരെ പ്രളയബാധിത മേഖലയിൽ നിന്നും ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചു; 58 മലയാളികൾ ഡൽഹിയിൽ തിരിച്ചെത്തി; രക്ഷകരായ ഇന്ത്യൻ സൈന്യത്തിന് സല്യൂട്ട് നൽകി കാശ്മീർ ജനത

ശ്രീനഗർ: ജമ്മു-കാശ്മീരിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രളയക്കെടുതിയില്പെട്ട് കാശ്മീർ ജനത ഉഴറുമ്പോഴും ഏറ്റവും ദുർഘടമായ സുരക്ഷാ ദൗത്യം ഏറ്റെടുത്ത് രക്ഷകരായത് ഇന്ത്യൻ സൈന്യം. കരസേനയ്ക്ക് പുറമേ നാവിക-വ്യോമ സേനയും കാശ്മീർ സുരക്ഷാ ദൗത്യത്തിൽ പങ്കാളികളായി. പ്രളയം വിഴുങ്ങിയ കാശ്മീർ താഴ്‌വരയിൽ കൂടുതൽ മരണ ഒഴിവാക്കിയത് സൈന്യത്തിന്റെ സേവനമായിരുന്നു. പാക് ഭീകരതയിൽ നിന്നും കാശ്മീർ ജനതയെ സംരക്ഷിക്കുന്ന ഇന്ത്യൻ സൈനികർ രക്ഷാദൗത്യത്തിൽ കൈ-മെയ് മറന്ന് പങ്കാളികളാകുന്ന കാഴ്‌ച്ചയാണ് ജമ്മു-കാശ്മീരിൽ കാണാൻ സാധിക്കുന്നത്. ദേശീയ ദുരന്തനിവാരണ സേനയും കാശ്മീർ ജനതയ്ക്ക് കൈത്താങ്ങുമായി രംഗത്തുണ്ട്.

പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 180 കവിഞ്ഞിട്ടുണ്ട്. രക്ഷപ്രവർത്തനത്തിനും ദുരിതത്തിൽ തുടരുന്നവരെ സുരക്ഷിത സ്ഥാനത്ത് എത്തിക്കുന്നതിനാണ് പ്രധാന മുൻഗണന എന്നാണ് സൈന്യം അറിയിക്കുന്നത്. പ്രളയബാധിത മേഖലയിൽ നിന്നും 22,000ത്തോളം പേരെ സൈന്യം സുരക്ഷിത മേഖലയിൽ എത്തിച്ചിട്ടുണ്ട്. കാശ്മീരിനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ദേശീയ പാതയും പ്രളയത്തിൽ തകർന്നിട്ടുണ്ട്. നാല് ദിവസങ്ങൾക്കകം ദേശീയ പാത പൂർവ്വ സ്ഥിതിയിലാക്കുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. പ്രളയബാധിത മേഖലയിൽ കുടുങ്ങിയവർക്ക് കുടുവെള്ളം അടക്കമുള്ള സൗകര്യങ്ങൾ എത്തിക്കുന്നതിനും സൈന്യം സജീവ ഇടപെടൽ നടത്തുന്നുണ്ട്. 62,000 കുടിവെള്ളവും എത്തിച്ചിട്ടുണ്ട്.

ഇന്റർനെറ്റ് സംവിധാനങ്ങൾ അടക്കം സംസ്ഥാനത്ത് താറുമാറായ അവസ്ഥയിലാണ്. ചെറിയ സാറ്റലൈറ്റ് വഴി മൊബൈൽ സംവിധാനങ്ങൾ ഉറപ്പാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. രക്ഷാദൗത്യങ്ങൾക്കായി 45 ഹെലികോപ്ടറുകളാണ് എയർഫോഴ്‌സ് അയച്ചിരിക്കുന്നത്. ശ്രീനഗറിലെ പ്രശസ്തമായ ഡാൽ തടാകത്തിൽ സർവീസ് നടന്ന ബോട്ടുകളിലൂടെയും ആളുകളെ രക്ഷപെടുത്തുന്നുണ്ട്. ഭക്ഷണവും വെള്ളവും ടെന്റുകളും എത്തിക്കാൻ സംസ്ഥാന സർക്കാറും സൈന്യവും ചേർന്നുള്ള ശ്രമങ്ങളാണ് നടത്തുന്നത്.

അതിനിടെ കാശ്മീരിൽ കുടുങ്ങിയ ഇരുനൂറിലേറെ മലയാളികളിൽ 58 പേർ സുരക്ഷിതരായി ഡൽഹിയിലെത്തി. പ്രളയത്തിൽ പെട്ട മലയാളി നടി അപൂർവ്വ ബോസിനേയും സംഘത്തിനേയും സുരക്ഷിതസ്ഥാനത്ത് എത്തിച്ചതായി റിപ്പോർട്ടുകളുണ്ട്. പ്രളയമേഖലയിൽ കുടങ്ങിയതിനാൽ തിരിച്ചെത്താൻ ഏറെ ബുദ്ധിമുട്ടേണ്ടിവന്നുവെന്ന് ഡൽഹിയിലെത്തിയ മലയാളി സംഘം പറഞ്ഞു.

ഞായറാഴ്ച ഡൽഹിയിൽ നിന്നും വിനോദയാത്രക്കായി പോയ 18 അംഗസംഘമാണ് ശ്രീനഗറിൽ നിന്നും ആദ്യം തിരിച്ചെത്തിയത്. ആദ്യ ദിവസം കുഴപ്പമില്ലായിരുന്നെങ്കിലും മഴ കനത്തത്തോടെ ജലനിരപ്പ് ഉയർന്നു. ശ്രീനഗർ വിമാനത്താവളത്തിന് തൊട്ടടുത്ത് താമസിച്ച ഇവർക്ക് കഴിഞ്ഞ ദിവസം മുതൽ കുടിവെള്ളവും ഭക്ഷണവും കിട്ടിയിരുന്നില്ലെന്നും തിരിച്ചെത്തിയവർ പറഞ്ഞു. വാർത്താവിനിമയ ബന്ധങ്ങൾ താറുമാറായതിനെ തുടർന്ന് നാട്ടിലുള്ളവരുമായി ബന്ധപ്പെടാൻ സാധിച്ചില്ല.

ശ്രീനഗറിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ സംസ്ഥാനസർക്കാരും ആരംഭിച്ചിട്ടുണ്ട്. അതേ സമയം കശ്മീരിൽ 211 മലയാളികളാണ് കുടുങ്ങിക്കിടക്കുന്നതെന്ന് ഡൽഹി റസിഡന്റ് കമ്മീഷണർ ഗ്യാനേഷ് കുമാർ അറിയിച്ചു. അഞ്ച് ദിവസമായി തുടർച്ചയായി പെയ്ത മഴയിൽ ജമ്മു താഴ് വരയിലെ താഴ്ന്ന ഭാഗങ്ങൾ വെള്ളത്തിനടിയിലായിരുന്നു. ഇപ്പോൾ മഴ മാറി നിൽക്കുന്നതിനാൽ രക്ഷാ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനാണ് ദൗത്യസേനയുടെ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP