Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഹിറ്റ്ലറിനും ഗുറിയോണിനുമൊപ്പം ആഭ്യന്തരമന്ത്രിയുടെ പേരും ചരിത്രത്തിൽ ചേർത്ത് വെക്കേണ്ടി വരും'; പൗരത്വ ബിൽ ഭേദഗതിക്കെതിരെ ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ ആഞ്ഞടിച്ച് അസദുദ്ദീൻ ഉവൈസി

'ഹിറ്റ്ലറിനും ഗുറിയോണിനുമൊപ്പം ആഭ്യന്തരമന്ത്രിയുടെ പേരും ചരിത്രത്തിൽ ചേർത്ത് വെക്കേണ്ടി വരും'; പൗരത്വ ബിൽ ഭേദഗതിക്കെതിരെ ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ ആഞ്ഞടിച്ച് അസദുദ്ദീൻ ഉവൈസി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പൗരത്വബിൽ ഭേദഗതി കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ ശക്തമായ എതിർപ്പുമായി എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ഇത്തരമൊരു നിയമത്തിൽ നിന്നും നമ്മുടെ രാജ്യത്തെയും ആഭ്യന്തര മന്ത്രിയെയും രക്ഷിക്കണമെന്ന് പാർലമെന്റിൽ ഉവൈസി പറഞ്ഞു. ബിൽ മൗലികാവകാശത്തെ ലംഘിക്കുന്നതാണെന്നും രാജ്യത്തെ രണ്ടായി വിഭജിക്കുന്നതാണെന്നും ഒരു തരത്തിലും ബില്ലിനെ അനുകൂലിക്കാനാവില്ലെന്നും ഉവൈസി വ്യക്തമാക്കി.

'ഇത്തരമൊരു നിയമത്തിൽ നിന്നും നമ്മുടെ രാജ്യത്തെ രക്ഷിക്കണമെന്ന് ഞാൻ സ്പീക്കറോട് അഭ്യർത്ഥിക്കുകയാണ്. ഒപ്പം നമ്മുടെ ആഭ്യന്തരമന്ത്രിയേയും. അല്ലാത്തപക്ഷം യഹൂദവിരുദ്ധ നിയമമായ ന്യൂറെംബർഗ് റേസ് നിയമവും ഇസ്രയേലി പൗരത്വ നിയമവും നടപ്പിലാക്കിയവർക്കൊപ്പം, ഹിറ്റ്ലർക്കും ഡേവിഡ് ബൈൻ ഗുറിയോണിനൊപ്പം നമ്മുടെ ആഭ്യന്തരമന്ത്രിയുടെ പേരും ചരിത്രത്തിൽ ചേർത്ത് വായിക്കേണ്ടി വരും'; ഉവൈസി പറഞ്ഞു. എന്നാൽ പ്രസംഗം പാർലമെന്ററി മര്യാദയ്ക്ക് യോജിച്ചതല്ലെന്നു പറഞ്ഞ് ലോക്സഭാ സ്പീക്കർ ഓം ബിർള ഉവൈസിയെ താക്കീത് ചെയ്തു. പരാമർശം രേഖകളിൽ നിന്ന് ഒഴിവാക്കാനും സ്പീക്കർ ആവശ്യപ്പെട്ടു.

അതിനിടെ ബില്ലിൽ അവതരാണാനുമതി തേടി അമിത് ഷാ സംസാരിക്കുന്നതിനിടെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷ നിരയിൽ നിന്നും ഉയർന്നത്. ബില്ലുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകാൻ തയ്യാറാണെന്നും ന്യൂനപക്ഷങ്ങൾക്ക് എതിരായ ബിൽ അല്ലായെന്നും അമിത് ഷാ പറഞ്ഞു. പൗരത്വഭേദഗതി ബില്ലിൽ നിന്നും ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ഒഴിവാക്കിയെന്നും ഇത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ബിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 14 തകർക്കുന്നതാണെന്ന് ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള ഉദ്ദേശം മാത്രമാണ് ബില്ലിനുള്ളതെന്ന് കോൺഗ്രസ് വ്യക്തമാക്കി. പല്ലും നഖവും ഉപയോഗിച്ച് ബില്ലിനെ എതിർക്കുമെന്ന് സഭയിലെ കോൺഗ്രസ് നേതാവ് അധിർ രജ്ഞൻ ചൗധരി വ്യക്തമാക്കി. ബിൽ ഭരണഘടന ഉറപ്പു നൽകുന്ന മതേതര മൂല്യങ്ങൾക്കും സംസ്‌കാരത്തിനും എതിരാണെന്നും അദ്ദേഹം പറഞ്ഞു.

അതെ സമയം ബില്ലിനെതിരെ അസമിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസത്തെ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. അസമിലെ വിദ്യാർത്ഥി സംഘടനകളും സമരത്തിന് സജീവ പിന്തുണ അറിയിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP