Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അസഹിഷ്ണുത വിവാദവും ബീഹാർ തിരിച്ചടിയും മോദിയുടെ ഗർവ് കുറച്ചോ? മന്ത്രിമാരോട് ജനങ്ങളിലേക്ക് ഇറങ്ങാൻ നിർദ്ദേശം; പ്രതിപക്ഷത്തെ ബഹുമാനിച്ചതിന് പിന്നാലെ മാദ്ധ്യമപ്രവർത്തകരെയും കൈയിലെടുക്കുന്നു; സെൽഫി വിത്ത് മോദി പരിപാടിക്ക് ഇടികൂടി സീനിയർ പത്രക്കാർ

അസഹിഷ്ണുത വിവാദവും ബീഹാർ തിരിച്ചടിയും മോദിയുടെ ഗർവ് കുറച്ചോ? മന്ത്രിമാരോട് ജനങ്ങളിലേക്ക് ഇറങ്ങാൻ നിർദ്ദേശം; പ്രതിപക്ഷത്തെ ബഹുമാനിച്ചതിന് പിന്നാലെ മാദ്ധ്യമപ്രവർത്തകരെയും കൈയിലെടുക്കുന്നു; സെൽഫി വിത്ത് മോദി പരിപാടിക്ക് ഇടികൂടി സീനിയർ പത്രക്കാർ

ന്യൂഡൽഹി: തിരിച്ചടികളിൽ നിന്നും പാഠമുൾക്കൊള്ളാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമം. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽവി കൂടി പിണഞ്ഞതോടെയാണ് മോദി സമവായത്തിന്റെ പാതയിലേക്ക് എത്തിയത്. അതിന്റെ ഭാഗമായാണ് പഴയ ഗൗരവം വിട്ട് പാർലമെന്റ് നടപടികൾ സുഗമമാക്കാൻ സോണി ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും വിളിച്ച സർച്ച നടത്തിയതും പാർലമെന്റിൽ മിതഭാഷിയായി ചർച്ചകൾക്ക് തയ്യാറായതും. ഇപ്പോൾ മാദ്ധ്യമങ്ങളിൽ നിന്നും തുടർച്ചയായി അസഹിഷ്ണുതയെ കുറിച്ച് വാർത്തകൾ കൂടി വന്നതോടെ കടുത്ത പ്രതിരോധത്തിലാണ് കേന്ദ്ര സർക്കാർ. അതുകൊണ്ട് തന്നെ മാദ്ധ്യമപ്രവർത്തകരെ കൈയിലെടുക്കാൻ മോദി പുതിയ തന്ത്രം പയറ്റി രംഗത്തുവന്നു.

മാദ്ധ്യമപ്രവർത്തകർക്ക് ചായ സൽക്കാലം നൽകിയും അവരോടൊപ്പം നിന്ന സെൽഫിയെടുത്തുമാണ് മോദി പുതിയ സമവായ പാത തുടർന്നത്. പ്രധാനമന്ത്രിക്കൊപ്പം നിന്ന് സെൽഫിയെടുക്കാൻ കിട്ടിയ അവസരം മാദ്ധ്യമപ്രവർത്തകരും വെറുതേ കളഞ്ഞില്ല. സെൽഫിയെടുക്കാനായി കൂട്ടയിടി തന്നെയായിരുന്നു മാദ്ധ്യമപ്രവർത്തകർക്കിടയിൽ. ആരോപണങ്ങൾ എത്രയുയർന്നാലും അതു തന്നെയും സർക്കാരിനേയും ബാധിക്കില്ലെന്ന നിലപാട് സ്വീകരിച്ചിരുന്ന മോദിയുടെ മാറ്റം തനിക്കെതിരെ ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുന്നത് കണ്ടാണ്.

പ്രധാനമന്ത്രി അവഗണിക്കുകയാണെന്നു പരാതിപ്പെട്ട പ്രതിപക്ഷനേതാക്കളെ ചായസൽക്കാരത്തിനു ക്ഷണിച്ചതിന് ശേഷമായിരുന്നു മോദി മാദ്ധ്യമപ്രവർത്തകർക്കൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തിയത്. സോണിയാ ഗാന്ധിക്കും മന്മോഹൻ സിങ്ങിനും കഴിഞ്ഞദിവസം വൈകിട്ട് ചായസൽക്കാരം സംഘടിപ്പിച്ചതിനു പിന്നാലെയാണ് മോദി ഇന്നലെ മാദ്ധ്യമപ്രവർത്തകർക്കു വിരുന്നൊരുക്കിയത്. മോദിയുടെ കടുത്ത വിമർശകരായ മാദ്ധ്യമപ്രവർത്തകർ പോലും അദ്ദേഹത്തോടൊപ്പമുള്ള സെൽഫിയെടുത്ത് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഷെയർ ചെയ്തു.

മന്മോഹൻ സിംഗിൽ നിന്നും വ്യത്യസതനായി മുൻ സർക്കാരുകളിൽനിന്നു വ്യത്യസ്തമായി വിദേശയാത്രകളിൽ ഉൾപ്പെടെ മാദ്ധ്യമപ്രവർത്തകരെ പൂർണമായി അകറ്റുന്ന ശൈലിയാണ് നരേന്ദ്ര മോദി സ്വീകരിച്ചിരുന്നത്. യു.പി.എ. സർക്കാരിന്റെ കാലത്തു ലഭിച്ചിരുന്ന സൗജന്യങ്ങൾ ഒറ്റയടിക്ക് ഇല്ലാതായതോടെ മാദ്ധ്യമപ്രവർത്തകർ ശക്തമായി മോദിക്കെതിരേ തിരിയുകയായിരുന്നു എന്നാണ് മാദ്ധ്യമപ്രവർത്തകർ തന്നെ അടക്കം പറഞ്ഞിരുന്നത്. ബിഹാർ തെരഞ്ഞെടുപ്പിനു മുമ്പേ നടന്ന ദളിത് ബാലന്മാരെ ചുട്ടുകൊന്ന സംഭവവും അസഹിഷ്ണുതാ വിവാദവും സജീവമാക്കി നിലനിർത്തുന്നതിൽ മാദ്ധ്യമങ്ങൾ വലിയ പങ്ക് വഹിച്ചിരുന്നു. ഇതു ബിഹാർ തെരഞ്ഞെടുപ്പിലടക്കം കനത്ത തിരിച്ചടിയായെന്നു തിരിച്ചറിഞ്ഞതുകൊണ്ടാകാം ഡൽഹിയിലെ പ്രധാന മാദ്ധ്യമപ്രവർത്തകരെയെല്ലാം മോദി ഇന്നലെ ഉച്ചഭക്ഷണത്തിനു ക്ഷണിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.

കഴിഞ്ഞവർഷം മാദ്ധ്യമപ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെങ്കിലും ആദ്യമായാണ് വിരുന്നു നൽകുന്നത്. ബിജെപി. അധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ അരുൺ ജയ്റ്റ്‌ലി, വെങ്കയ്യ നായിഡു എന്നിവരടക്കം നിരവധി പാർട്ടി നേതാക്കൾ സംബന്ധിച്ച പരിപാടിയിൽ മുതിർന്ന നേതാക്കളായ എൽ.കെ. അദ്വാനി, കേന്ദ്രമന്ത്രി സുഷമ സ്വരാജ് എന്നിവരുടെ അഭാവം ശ്രദ്ധിക്കപ്പെട്ടു.

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് മാദ്ധ്യമപ്രവർത്തകരെയും വിളിച്ച മോദി സൽക്കാരം നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്ത് ഒരു സെൽഫി ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് മാദ്ധ്യമപ്രവർത്തകർക്കിടയിൽ ഇതിനായി മത്സരം തന്നെ നടന്നുവെന്ന് പറയാം. വിദേശ സന്ദർശനങ്ങളിൽ സെൽഫി ചിത്രങ്ങളെടുക്കാനുള്ള മോദിയുടെ താൽപ്പര്യത്തെ വിമർശിച്ച മാദ്ധ്യമപ്രവർത്തകർ പക്ഷേ അദ്ദേഹത്തോടൊപ്പം ഒരു സെൽഫിക്കു വേണ്ടി ഉന്തും തള്ളും നടത്തുന്നതാണ് ശനിയാഴ്ച ബിജെപി ഓഫിസിൽ കണ്ടത്.

ദീപാവലി ആഘോഷത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ബിജെപി ഓഫിസിലെത്തിയത്. ഈ ആഘോഷം ദീവാളി സമയത്ത് നടത്തേണ്ടതായിരുന്നു. ഇന്ത്യൻ ഉത്സവങ്ങൾ സമൂഹത്തിനു പുതിയ പ്രചോദനം നൽകുന്നവയാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. ദീപങ്ങളുടെ ഉത്സവമായ ദീപാവലി അതിന്റെ ഭാഗമാണ്. സമത്വത്തിന്റെ മൂല്യം ശക്തിപ്പെടുത്തുന്നതാണ് ദീപാവലിയെന്നും മോദി പറഞ്ഞു. ഇപ്പോഴെങ്കിലും നടത്തിയതു നന്നായി. ഇല്ലെങ്കിൽ ക്രിസ്മസ്സ് വരെ കാത്തിരിക്കേണ്ടി വരുമായിരുന്നുമോദി പറഞ്ഞു. ഉത്സവങ്ങൾ സമൂഹത്തിന് ദിശാബോധവും കരുത്തും പകരുന്നതാണെന്നും മോദി പറഞ്ഞു.

ബിഹാർ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ മന്ത്രിമാരോട് ജനങ്ങളിലേക്ക് ഇറങ്ങാനും പ്രധാനമന്ത്രി നിർദേശിച്ചിരുന്നു. ജനങ്ങളുമായി സംവദിക്കാൻ ലഭിക്കുന്ന അവസരങ്ങളൊന്നും പാഴാക്കരുതെന്നും അതിനായി എല്ലാ ആശയ വിനിമയ മാർഗ്ഗങ്ങളും ഉപയോഗപ്പെടുത്തണമെന്നും മോദി മന്ത്രിമാരോട് നിർദേശിച്ചു. കേന്ദ്രസർക്കാറിന്റെ ക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിച്ച് വിമർശനങ്ങളെ നേരിടുക എന്നതാണ് മോദി ഉദ്ദേശിക്കുന്ന തന്ത്രം. ബിഹാർ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട സാഹചര്യത്തിലായിരുന്നു മോദിയുടെ ഈ നിർദ്ദേശം. അതത് വകുപ്പിലെ ജനോപകാര പ്രദമായ കാര്യങ്ങൾ മന്ത്രിമാർ സോഷ്യൽ മീഡിയ വഴിയോ പ്രസ് റിലീസുകളായോടെ വെബ്‌സൈറ്റുകളിൽ അപ്‌ഡേറ്റ്‌ചെയ്യുകയോ വേണമെന്നാണ് മന്ത്രിമാർക്ക് നൽകിയ നിർദേശത്തിൽ മോദി പറയുന്നത്.

ശൈത്യകാല സമ്മേളനത്തിന്റെ രണ്ടാംദിവസം പ്രസംഗിച്ച മോദിയുടെ വാക്കുകൾ പ്രതിപക്ഷവും ബഹളമുണ്ടാക്കാതെ ശ്രവിച്ചിരുന്നു. ഏത് വിഷയത്തിലും ചർച്ചയാകാമെന്ന ഉറപ്പുനൽകി പ്രതിപക്ഷ നേതാക്കളെ രാവിലെ തന്നെ ചർച്ചയ്ക്ക് ക്ഷണിക്കുകയും ക്ഷണം സ്വീകരിച്ചെന്ന് ഉറപ്പാക്കുകയും ചെയ്തതും മോദിയുടെ തന്ത്രമായിരുന്നു. സഭ പിരിഞ്ഞശേഷം എല്ലാ അംഗങ്ങൾക്കും ഹസ്തദാനം നൽകിയാണ് മോദി പുറത്തുവന്നതും. ഇതൊക്കെ മോദിയുടെ നയം മാറ്റത്തിന്റെ ലക്ഷണമായി വിലയിരുത്തപ്പെടുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP