Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയിൽ ചാടിയ എല്ലാവരും ഒരേ സ്ഥലത്തു വച്ചു കൊല്ലപ്പെട്ടത് എങ്ങനെ? ഭോപാലിൽ സിമി തടവുകാർ കൊല്ലപ്പെട്ടതു വ്യാജ ഏറ്റുമുട്ടലിലോ? ജയിൽ ചാടാൻ തടവുപുള്ളികൾക്കു ബെഡ് ഷീറ്റ് ലഭിച്ചതെങ്ങനെ? വീഡിയോ പുറത്തുവന്നതോടെ ദുരൂഹത വർധിക്കുന്നു

ജയിൽ ചാടിയ എല്ലാവരും ഒരേ സ്ഥലത്തു വച്ചു കൊല്ലപ്പെട്ടത് എങ്ങനെ? ഭോപാലിൽ സിമി തടവുകാർ കൊല്ലപ്പെട്ടതു വ്യാജ ഏറ്റുമുട്ടലിലോ? ജയിൽ ചാടാൻ തടവുപുള്ളികൾക്കു ബെഡ് ഷീറ്റ് ലഭിച്ചതെങ്ങനെ? വീഡിയോ പുറത്തുവന്നതോടെ ദുരൂഹത വർധിക്കുന്നു

ഭോപാൽ: ജയിൽ ചാടിയ സിമി തടവുകാർ കൊല്ലപ്പെട്ടതു വ്യാജ ഏറ്റുമുട്ടലിലോ? തടവുപുള്ളികളെ വെടിവച്ചു കൊല്ലുന്നതിന്റെ വീഡിയോ പുറത്തുവന്ന സാഹചര്യത്തിലാണ് ഏറ്റുമുട്ടൽ വ്യാജമാണോ എന്ന ചോദ്യം ഉയരുന്നത്.

ആയുധധാരികളായ ഭീകരർക്കു മുന്നിൽ ജീവൻ അപകടത്തിലായേക്കുമെന്ന ഘട്ടത്തിലാണ് പൊലീസ് വെടിവച്ചതെന്നായിരുന്നു മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭുപേന്ദ്ര സിങ് ഠാക്കൂർ നേരത്തെ പറഞ്ഞത്. എന്നാൽ, പുറത്തുവന്ന വീഡിയോ ഠാക്കൂറിന്റെ വാദത്തിന് തിരിച്ചടിയാവുകയാണ്. ദേശീയ മാദ്ധ്യമമാണ് ആദ്യം വീഡിയോ പുറത്തുവിട്ടത്.

ഇന്ന് രാവിലെയാണ് ഭോപ്പാൽ സെൻട്രൽ ജയിലിൽ നിന്ന് തടവു ചാടിയ എട്ട് സിമി പ്രവർത്തകരെ പൊലീസ് വെടിവച്ചു കൊന്നത്. എയിന്ത്കേദിയിൽ നടന്ന ഏറ്റുമുട്ടലിൽ എട്ട് പേരേയും കൊലപ്പെടുത്തി എന്നാണ് പൊലീസ് അറിയിച്ചത്. കൊല്ലപ്പെട്ടവരിൽ ഒരാൾ വാഗമൺ സിമി ക്യാമ്പിലെ പ്രതിയാണ്.

നിലത്തു കിടക്കുന്ന തടവുകാരിൽ ഒരാളെ പോയിന്റ ബ്ലാങ്കിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥൻ വെടിവച്ചു കൊല്ലുന്ന ദൃശ്യമാണ് പുറത്തായിരിക്കുന്നത്. തുറസ്സായ പ്രദേശത്ത് നിലത്ത് വീണുകിടക്കുന്നവരിൽ ജീവനോടെയുള്ള ഒരാളെ ഉന്നം പിടിച്ച് വെടിവെക്കുന്ന ദൃശ്യമാണ് വീഡിയോയിൽ ഉള്ളത്. മരിച്ചു കിടക്കുന്നവരിൽ ആരുടെ അടുക്കലും തോക്ക് അടക്കമുള്ള മാരകായുധങ്ങൾ കാണാനില്ല. ഇന്ത്യാ ടുഡേയിലെ മാദ്ധ്യമപ്രവർത്തകൻ ആശിഷ് ആണ് ട്വിറ്ററിൽ വീഡിയോ പുറത്തുവിട്ടത്. ഭീകരനെ ജീവനോടെ പിടിച്ചാൽ കേസന്വേഷണത്തിൽ നിർണായമാകുമെന്നിരിക്കെ അതിനു മുതിരാതെ വെടിവച്ചതെന്തിന് എന്ന ചോദ്യം ഉയർന്നുകഴിഞ്ഞു. ജയിൽചാടിയ എട്ട് സിമി പ്രവർത്തകർ കൊല്ലപ്പെട്ട സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം വീഡിയോ പുറത്തുവന്നതോടെ ശക്തമാകുകയാണ്. ഏറ്റുമുട്ടലാണോ കൊലപാതകമാണോ എന്ന കാര്യത്തിൽ വിവാദം മുറുകുകയാണ്.

കോൺഗ്രസ് നേരത്തേ തന്നെ സംഭവത്തിൽ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിരുന്നു. തടവുപുള്ളികൾ ജയിൽ ചാടിയതാണോ അതോ മുൻകൂട്ടി ആസൂത്രണം ചെയ്തതാണോ എന്ന കാര്യം അന്വേഷിക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ദിഗ് വിജയ് സിങ് ആവശ്യപ്പെട്ടിരുന്നു. ജയിൽ ചാടിയ എല്ലാവരും ഒരേ സ്ഥലത്ത് വച്ച് കൊല്ലപ്പെട്ടത് എങ്ങനെയാണെന്ന് ആം ആദ്മി പാർട്ടി എംഎൽഎ അൽക്ക ലാംബ ചോദിച്ചിരുന്നു. ബെഡ്ഷീറ്റ് ഉപയോഗിച്ചാണ് തടവുപുള്ളികൾ ജയിൽ ചാടിയതെന്നായിരുന്നു വിശദീകരണം. എന്നാൽ തടവുപുള്ളികൾക്ക് എങ്ങനെ ബെഡ്ഷീറ്റ് ലഭിച്ചു എന്ന ചോദ്യവും ഉയരുന്നുണ്ട്.

ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സിമി പ്രവർത്തകരിൽ നിന്ന് ഏഴ് ആയുധങ്ങൾ കണ്ടെത്തിയെന്ന് ഐജി

അതിനിടെ, ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സിമി പ്രവർത്തകരിൽ നിന്ന് ഏഴ് ആയുധങ്ങൾ കണ്ടെത്തിയെന്ന് മധ്യപ്രദേശ് ഐ.ജി യോഗേഷ് ചൗധരി പറഞ്ഞു. നാല് തോക്കുകളും മൂർച്ചയേറിയ മൂന്ന് ആയുധങ്ങളും ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയതായി ഐജി വെളിപ്പെടുത്തി. അതീവ ഗൗരവമേറിയ വിഷയമാണിത്. വിവരം ലഭിച്ച ഉടൻ ഭീകരർക്ക് രക്ഷപെടാനുള്ള എല്ലാ സാധ്യതയും പൊലീസ് പരിശോധിച്ചു. ഏറ്റുമുട്ടലിൽ പൊലീസുകാർക്കും പരുക്കേറ്റു. ഏറ്റുമുട്ടലിന്റേതായി പുറത്ത് വന്ന വീഡിയോയുടെ ആധികാരികത പരിശോധിക്കേണ്ടതുണ്ട്. ഭീകരർ ആയുധങ്ങൾ വഹിച്ചിരുന്നില്ലെന്ന് റിപ്പോർട്ടുകളെക്കുറിച്ച് പരിശോധിക്കേണ്ടതുണ്ടെന്നും ഐജി കൂട്ടിച്ചേർത്തു. ഭോപ്പാലിലെ ജയിലിൽ നിന്ന് തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിക്ക് ജയിൽ ചാടിയ സിമി ഭീകരരെയാണ് പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP