Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദ്യ ബാലന്റെ ശൗചാലയ പരസ്യം കുറിക്കു കൊണ്ടു; മലമൂത്ര വിസർജനത്തിന് സൗകര്യമൊരുക്കാത്ത ഭർതൃഗൃഹം ഉപേക്ഷിച്ച് യുവതി മടങ്ങി

വിദ്യ ബാലന്റെ ശൗചാലയ പരസ്യം കുറിക്കു കൊണ്ടു; മലമൂത്ര വിസർജനത്തിന് സൗകര്യമൊരുക്കാത്ത ഭർതൃഗൃഹം ഉപേക്ഷിച്ച് യുവതി മടങ്ങി

വൈശാലി: വീട്ടിൽ ശൗചാലയം ഇല്ലാത്തതിനാൽ ഭർതൃവീട് ഉപേക്ഷിച്ച 'പ്രിയങ്ക ഭാരതി'യെ പരിചയപ്പെടുത്തുന്ന വിദ്യ ബാലനെ ടിവിയിൽ സർക്കാർ പരസ്യം കാണുന്ന എല്ലാവർക്കും ഓർമയുണ്ടാകും. അത്തരത്തിലൊരു സംഭവം ബിഹാറിൽ ശരിക്കും നടന്നു.

ശൗചാലയം ഇല്ലാത്ത ഭർതൃഗൃഹം യുവതി ഉപേക്ഷിച്ചു. ബീഹാറിലെ വൈശാലി ജില്ലയിലെ സുനിത ദേവിയാണ് തുറസ്സായ സ്ഥലത്തെ മലമൂത്ര വിസർജ്ജനം അംഗീകരിക്കാൻ കഴിയാതെ നാല് വർഷത്തെ വിവാഹബന്ധം ഉപേക്ഷിച്ചത്.

25കാരിയായ സുനിത പഹർപൂറിൽ പച്ചക്കറി വിൽപ്പനക്കാരനായ ധീരജ് ചൗധരിയെ വിവാഹം ചെയ്തത് 2011ലാണ്. ധീരജിന്റെ മാതാപിതാക്കൾക്കൊപ്പം ബിസ്‌ഹെൻപൂറിൽ രണ്ട് മുറി വീട്ടിലാണ് ഇരുവരും കഴിഞ്ഞിരുന്നത്. വീട്ടിൽ ശൗചാലയം ഉണ്ടായിരുന്നില്ല. കാലങ്ങളായി താൻ ഈ ആവശ്യം ഉന്നയിച്ചിട്ടും ഓരോരോ ഒഴിവുകൾ പറഞ്ഞ് ഭർത്താവ് തന്റെ ആവശ്യം നിരാകരിക്കുകയായിരുന്നുവെന്ന് സുനിത കുറ്റപ്പെടുത്തി. തന്റെ ആവശ്യം ഭർത്താവ് അംഗീകരിച്ചാൽ ഭർതൃവീട്ടിലേക്ക് തിരികെ ചെല്ലുമെന്നാണ് ഇപ്പോൾ മാതാപിതാക്കൾക്കൊപ്പം കഴിയുന്ന സുനിത പറയുന്നത്.

ശൗചാലയം ഇല്ലാത്തതിനാൽ പുറത്ത് പോകേണ്ടി വരുമ്പോൾ തനിക്ക് ഏറെ അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സുനിത പറയുന്നു. ധീരജും സുനിതയുടെ ആരോപണം ശരിവക്കുന്നുണ്ട്. എന്നാൽ പണം ഇല്ലാത്തതു കൊണ്ടാണ് ശൗചാലയം പണിയാത്തതെന്നാണ് ധീരജ് പറയുന്നത്.

വീട്ടിൽ ശൗച്യാലയം നിർമ്മിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് അവബോധം വളർത്തുന്നതിനായുള്ള സർക്കാർ പരസ്യത്തിലാണ് ഈ സംഭവത്തിന് സമാനമായ ആശയമുള്ളത്. നടി വിദ്യ ബാലൻ അഭിനയിച്ച പരസ്യം ടെലിവിഷൻ ചാനലുകളിലൂടെയും മറ്റും സ്ഥിരമായി സംപ്രേഷണം ചെയ്യാറുമുണ്ട്.

രാജ്യത്തെ അപരിഷ്‌കൃത ഗ്രാമങ്ങളിൽ പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ ശൗചാലയം ഇല്ലാതെ തുറസ്സായ സ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനം നടത്തുന്നത് നിത്യസംഭവമാണ്. ലക്ഷക്കണക്കിന് ആളുകൾ അനാരോഗ്യകരമായ ഈ പതിവ് ഇപ്പോഴും തുടരുന്നുണ്ട്. സ്ത്രീകളാണ് തുറസ്സായ സ്ഥലങ്ങളിൽ വിസർജനം നടത്തുന്നതു കൊണ്ട് ഏറെ ബുദ്ധിമുട്ടുകൾ നേരിടുന്നത്. ലാൻസെറ്റ് സെൻസസ് കണക്ക് അനുസരിച്ച് ബീഹാറിൽ 82% ഗ്രാമീണർക്കും വീട്ടിൽ ശൗചാലയം ഇല്ല. ഝാർഖണ്ഡിൽ ഇത് 92%വും ഉത്തർപ്രദേശിൽ 78%വും ആണ്. ഒഡീഷ, ചത്തീസ്ഗഢ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ 85% ഉൾഗ്രാമങ്ങളിലും ശൗച്യാലയ സൗകര്യമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP