'കേജ്രിവാൾജി ഡൽഹിയെ നിങ്ങൾ എന്തിന് വിഭജിക്കുന്നു..ജെ.പി നദ്ദജി ഈ പെൺകുട്ടിക്ക് ചികിത്സ കിട്ടിയാൽ അതായിരിക്കും നവരാത്രി നാളിൽ സംഭവിക്കുന്ന നല്ല കാര്യം' ; ആധാർ കാർഡ് ഇല്ലെന്ന കാരണത്താൽ ഒൻപതു വയസുകാരിക്ക് ചികിത്സ നിഷേധിച്ചതിന് പിന്നാലെ സർക്കാരിന്റെ ശ്രദ്ധ ക്ഷണിച്ച് ഡൽഹി ബിജെപി അധ്യക്ഷന്റെ ട്വീറ്റ്
October 12, 2018 | 08:47 PM IST | Permalink

മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ഒൻപതു വയസുള്ള ബാലികയ്ക്ക് ആധാർ കാർഡ് ഇല്ല എന്നതിന്റെ പേരിൽ സർക്കാർ ആശുപത്രിയിൽ ചികിത്സ നിഷേധിച്ച വാർത്തയാണ് ഇപ്പോൾ ഡൽഹിയിൽ നിന്നും പുറത്ത് വരുന്നത്. നോയിഡ സ്വദേശിനിയായ പ്രിയയ്ക്കാണ് ഈ ദുർഗതിയുണ്ടായത്. ന്യൂറോ സംബന്ധമായ ഗുരുതര രോഗമായിരുന്നു പ്രിയയ്ക്ക്. ഇതേ തുടർന്ന് ഡൽഹി ലോക്നാഥ് ജയ്പ്രകാശ് നാരായൺ ആശുപത്രിയിൽ എത്തിയപ്പോഴാണ് പ്രിയയ്ക്ക് ആധാർ ഇല്ലെന്ന കാരണത്താൽ ചികിത്സ നിഷേധിക്കപ്പെട്ടത്. പ്രിയയുടെ അവസ്ഥ ഡൽഹി ബിജെപി അധ്യക്ഷൻ മനോജ് തീവാരി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു.
ഇക്കാര്യം ശ്രദ്ധയിൽപെട്ട കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ ഇടപെട്ട് പെൺകുട്ടിയെ സഫ്ദർജംഗ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.'കെജ്രിവാൾജി, രാജ്യതലസ്ഥാനത്തെ നിങ്ങൾ എന്തിന് വിഭജിക്കുന്നു... ജെപി നദ്ദജി ഈ പെൺകുട്ടിക്ക് ചികിത്സ കിട്ടിയാൽ അതായിരിക്കും നവാരാത്രി നാളിൽ സംഭവിക്കുന്ന നല്ല കാര്യം..'' എന്നായിരുന്നു തിവാരിയുടെ ട്വീറ്റ്. നദ്ദയെ ടാഗ് ചെയ്തായിരുന്നു ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നത്. ഇത് ശ്രദ്ധയിൽപെട്ട് നദ്ദ ഉടൻതന്നെ പെൺകുട്ടിയെ സഫ്ദർജംഗ് ആശുപത്രിയിൽ കൊണ്ടുവരാൻ നിർദ്ദേശിക്കുകയായിരുന്നു.
പെൺകുട്ടിക്ക് കടുത്ത ന്യുറോ പ്രശ്നമുണ്ടെന്നും ശരീരം പെട്ടെന്ന് വിറയ്ക്കുന്ന അവസ്ഥയിലാണ് ആശുപത്രിയിൽ എത്തിച്ചതെന്നും സഫ്ദർജംഗ് ആശുപത്രി സൂപ്രണ്ട് ഡോ.രാജേന്ദ്ര ശർമ്മ പറഞ്ഞു. ബുധനാഴ്ച്ച ആശുപത്രിയിൽ എത്തിച്ച കുട്ടിയെ പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ചികിത്സിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.
ഡൽഹിയിൽ നിന്നുള്ള ആധാർ കാർഡ് ഇല്ലെന്ന കാരണത്താലാണ് പെൺകുട്ടിക്ക് സർക്കാർ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതെന്നാണ് ആരോപണം.
