Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗോരഖ്പുരിലെ ബിആർഡി മെഡിക്കൽ കോളജ് കുഞ്ഞുങ്ങളുടെ മരണ ഭൂമിയോ? 2012നു ശേഷം ആശുപത്രിയിൽ ജാപ്പനീസ് ജ്വരം ബാധിച്ച് മരിച്ചത് 3000 കുഞ്ഞുങ്ങൾ; ഗോരഖ്പുരിൽ 30 വർഷത്തിനിടെ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത് അരലക്ഷം കുട്ടികൾക്ക്; ആധുനിക ഇന്ത്യയെ ഉത്തർപ്രദേശ് നാണിപ്പിക്കുന്നത് ഇങ്ങനെ

ഗോരഖ്പുരിലെ ബിആർഡി മെഡിക്കൽ കോളജ് കുഞ്ഞുങ്ങളുടെ മരണ ഭൂമിയോ? 2012നു ശേഷം ആശുപത്രിയിൽ ജാപ്പനീസ് ജ്വരം ബാധിച്ച് മരിച്ചത് 3000 കുഞ്ഞുങ്ങൾ; ഗോരഖ്പുരിൽ 30 വർഷത്തിനിടെ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത് അരലക്ഷം കുട്ടികൾക്ക്; ആധുനിക ഇന്ത്യയെ ഉത്തർപ്രദേശ് നാണിപ്പിക്കുന്നത് ഇങ്ങനെ

ന്യൂഡൽഹി: ഉത്തർപ്രദേശിലെ കുഞ്ഞുങ്ങളുടെ മരണം ലോകത്തിന് മുമ്പിൽ ഇന്ത്യയെ നാണം കെടുത്തുന്നതാണ്. ആധുനിക ഇന്ത്യയിലെ വൈദ്യമേഖലെയെയും ആരോഗ്യ പരിപാലന രംഗങ്ങളെയും നാണം കെടുത്തുന്നതാണ് ഓക്‌സിജൻ ലഭിക്കാതെ കുഞ്ഞുങ്ങൾ മരിച്ച സംഭവം. എന്നാൽ മസ്തിഷ്‌ക്ക ജ്വരമാണ് മരണത്തിന് കാരണമെന്നാണ് സർക്കാർ വാദിക്കുന്നത്. ഇനി മരണ കാരണം എന്തു തന്നെ ആയാലും ഗോരഖപുരിലെ ബിആർഡി മെഡിക്കൽ കോളേജ് കുഞ്ഞുങ്ങളുടെ ശ്മശാന ഭൂമിയായി മാറിയോ എന്ന് ചോദിച്ചാൽ അതിൽ അത്ഭുതപ്പെടാനില്ല. ഈ ആശുപത്രിയിൽ മാത്രം 2012ന് ശേഷം 3000 കുഞ്ഞുങ്ങളാണ് മരിച്ചത്.

ജപ്പാൻ ജ്വരം പടർന്നുപിടിച്ച പ്രദേശമാണ് ഗോരഖ്പുർ. 2012നു ശേഷം ഈ ആശുപത്രിയിൽ ജാപ്പനീസ് ജ്വരം ബാധിച്ച് 3000 കുഞ്ഞുങ്ങൾ മരിച്ചിട്ടുണ്ട്. കിഴക്കൻ ഉത്തർപ്രദേശിൽ കഴിഞ്ഞ 30 വർഷത്തിനിടയിൽ 50,000 കുട്ടികളാണ് ഈ രോഗം കാരണം മരിച്ചത്. 1978 മുതൽ ഗോരഖ്പുർ പ്രദേശം ഈ രോഗത്തിന്റെ പിടിയിലാണ്. കിഴക്കൻ യു പിയിലെ ഏഴ് ജില്ലകളിൽ ഈ രോഗപ്രതിരോധത്തിനായി കേന്ദ്രസർക്കാർ 4000 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു.

ഗോരഖ്പുരിലെ ബിആർഡി മെഡിക്കൽ കോളജിലേക്ക് ഡൽഹിയിൽ നിന്നയച്ച സംഘത്തിലുള്ളത് മസ്തിഷ്‌ക ജ്വരമെന്നും ജപ്പാൻ ജ്വരമെന്നും വിളിക്കുന്ന ജാപ്പനീസ് എൻസെഫലിറ്റിസ് ചികിത്സയിൽ വിദഗ്ധരായ ഡോക്ടർമാർ. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, സഫ്ദർജങ് ആശുപത്രി, റാം മനോഹർ ലോഹ്യ ആശുപത്രി എന്നിവിടങ്ങളിലെ ഡോക്ടർമാരാണ് സംഘത്തിലുള്ളത്.

പ്രധാനമന്ത്രിയും, കേന്ദ്ര ആഭ്യന്തര മന്ത്രിയും ഇടപെട്ടതിന് പിന്നാലെയാണ് കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് മനസ്സിലാക്കിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ സംഭവത്തിൽ ്അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബാബാ രാഘവ്ദാസ് മെഡിക്കൽ കോളേജിൽ ഓക്സിജൻ കിട്ടാതെ 63 കുട്ടികൾ മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് ഇതുവരെ മിണ്ടാതിരുന്ന മുഖ്യമന്ത്രി മജിസ്ട്രേറ്റതല അന്വേഷണം പ്രഖ്യാപിച്ചത്.എന്നാൽ കുട്ടികൾ മരിച്ചത് മസ്തിഷ്‌കജ്വരം മൂലമാണെന്ന് വാദത്തിൽ സർക്കാർ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്.കുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാതെ വിട്ടുകൊടുത്തതും വൻവിവാദമായിട്ടുണ്ട്.

സംഭവത്തിൽ ഓക്‌സിജന് വിതരണക്കാരുടെ പങ്ക് പരിശോധിക്കുമെന്നും അന്വേഷണം ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ മരിക്കാനിടയായ സംഭവത്തിന് ഉത്തരവാദികളാരായാലും അവരെ വെറുതെ വിടില്ലെന്നും ശക്തമായ നടപടികൾ ഉണ്ടാകുമെന്നും ആദിത്യനാഥ് അറിയിച്ചു. അതിനിടെ കുട്ടികൾ മരിച്ച സംഭവത്തിൽ ഗോരഖ്പൂർ ബാബ രാഘവ് ദാസ് മെഡിക്കൽ കോളജ് ചീഫ് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു. ചുമതലയിൽ വീഴ്ച വരുത്തിയ ആശുപത്രി പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തായി മെഡിക്കൽ് വിഭ്യാഭ്യാസ മന്ത്രി അശുതോഷ് ടണ്ടൻ് അറിയിച്ചു. എന്നാൽ, കുട്ടികൾ മരിച്ച സംഭവത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് താൻ നേരത്തെ രാജി കത്ത് കൈമാറിയിരുന്നുവെന്ന് പ്രിൻസിപ്പൽ പറഞ്ഞു.

ഓക്‌സിജൻ ലഭിക്കാതെ കുട്ടികൾ മരിക്കാനിടയായതിന് ആശുപത്രി അധികൃതരെയാണ് സർക്കാർ പഴിചാരുന്നത്. ഓക്‌സിജൻ ക്ഷാമമുള്ള വിവരം ആശുപത്രി അധികൃതർ യഥാസമയം അറിയിച്ചില്ലെന്ന് സംസ്ഥാന ആരോഗ്യമന്ത്രി സിദ്ധാർഥ് നാഥ് സിങ് ആരോപിച്ചു.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവരെ ഓക്‌സിജൻ ക്ഷാമത്തെപ്പറ്റി അധികൃതർ അറിയിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി. ലക്നൗവിൽ വിളിച്ചുചേർത്ത പ്രത്യേക വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ആദിത്യനാഥിന്റെ മുൻ ലോക്സഭാ മണ്ഡലമാണ് ഗോരഖ്പുർ. ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ വിതരണം ചെയ്യുന്നതിന് മുൻ സർക്കാർ നിയോഗിച്ചവർ ഇക്കാര്യത്തിൽ വീഴ്ച വരുത്തിയിട്ടുണ്ടോ എന്ന കാര്യവും പ്രത്യേകം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി, സംഭവത്തേക്കുറിച്ച് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും വ്യക്തമാക്കി. അതേസമയം, ഇത്രയും കുട്ടികൾ മരിച്ചത് ഓക്സിജൻ ലഭിക്കാത്തതുകൊണ്ടല്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദം മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിലും ആവർത്തിച്ചു. ഓക്സിജൻ ലഭിക്കാത്തതിന്റെ പേരിൽ ഒരു കുട്ടി പോലും മരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിക്കൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ആരോഗ്യമന്ത്രി സിദ്ധാർഥ് നാഥ് സിങ്ങും വ്യക്തമാക്കി. മരിച്ച കുട്ടികളെല്ലാം ഗോരഖ്പുരിൽനിന്നുള്ളവരല്ല. നേപ്പാൾ, ബിഹാർ തുടങ്ങിയ സ്ഥലങ്ങളിൽനിന്നെല്ലാം രോഗികൾ ചികിത്സ തേടി ഇവിടെയെത്തിയിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

അതിനിടെ, കുട്ടികളുടെ മരണത്തിനു കാരണം മൊത്തത്തിലുള്ള ശുചിത്വമില്ലായ്മയും തന്മൂലമുണ്ടാകുന്ന രോഗങ്ങളുമാണെന്ന് ഉത്തർപ്രദേശ് സർക്കാർ വ്യക്തമാക്കി. പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസർജ്ജനം ഉൾപ്പെടെയുള്ള ഘടകങ്ങളാണ് ശുചിത്വമില്ലായ്മയ്ക്ക് കാരണമെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

വ്യാഴാഴ്ച രാത്രി രണ്ട് മണിക്കൂറിലേറെ ആശുപത്രി ഓക്സിജനില്ലാതെയാണ് പ്രവർത്തിച്ചതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കുട്ടികൾ മരിച്ചത് ഇതുമൂലമല്ലെന്നാണ് വിശദീകരണം. അതിനിടെ, ഓക്സിജൻ വിതരണത്തിൽ വീഴ്ച വരുത്തിയെന്ന ആരോപണം നേരിടുന്ന സ്വകാര്യ സ്ഥാപനത്തിൽ അധികൃതർ റെയ്ഡ് നടത്തി. പണം നൽകാത്തിനാൽ ആശുപത്രിയിലേക്കുള്ള ഓക്സിജൻ വിതരണം നിർത്തിവച്ചുവെന്നാണ് ആരോപണം.

ഈ മാസം ഒമ്പതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രി സന്ദർശിച്ചിരുന്നു. എന്നാൽ ഓക്സിജൻ വിതണം ചെയ്യുന്ന സ്വകാര്യ കമ്പനിക്ക് കുടിശ്ശിക നൽകാനുള്ള കാര്യമോ ഓക്സിജൻ സിലിണ്ടർ ദൗർലഭ്യമോ അധികൃതർ അറിയിച്ചിട്ടില്ല. വിതരണ കമ്പനി ആവശ്യത്തിന് ഓക്സിജൻ ആശുപത്രിയിലെത്തിച്ചില്ല എന്നത് അന്വേഷിക്കും. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മൂന്നു മണിക്കൂർ നീണ്ട ചർച്ച നടത്തിയെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും സിദ്ധാർത്ഥ നാഥ് പറഞ്ഞു.

അതേസമയം, കേന്ദ്രത്തിൽനിന്ന് ശിശുരോഗ വിദഗ്ധരുടെ സംഘം ഗൊരഖ്പൂരിലേക്ക് എതിരിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേൽ്, ആരോഗ്യ സെക്രട്ടറി സി.കെ. മിശ്ര, ആരോഗ്യ മന്ത്രാലയം പ്രതിനിധികൾ എന്നിവരടങ്ങിയ വിദഗ്ധ സമിതിയാണ് ദുരന്തം നടന്ന ആശുപത്രിയിലെത്തുക. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ചുതവണ പ്രതിനിധീകരിച്ച ലോക്സഭാ മണ്ഡലമാണു ഗൊരഖ്പുർ. മസ്തിഷ്‌കത്തിലെ അണുബാധ ചികിൽസക്ക് ഉത്തർപ്രദേശിലെ പേരുകേട്ട ആശുപത്രിയാണ് ബാബ രാഘവ്ദാസ് മെഡിക്കൽ കോളേജ്. ചികിത്സക്കായി ഇവിടെ പ്രവേശിപ്പിച്ചവരിൽ നവജാത ശിശുക്കളുടെയും മസ്തിഷ്‌കവീക്കം സംഭവിച്ചവരുടെയും വാർഡിലാണ് കൂടുതൽ് കുട്ടികൾ മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP