ചന്ദ്രയാൻ 2 കുതിച്ചുയരാനൊരുങ്ങുന്നു; ഒരു ഗ്രഹോപരിതലത്തിൽ ഇന്ത്യ ആദ്യമായി സോഫ്റ്റ് ലാൻഡിങ് നടത്തുന്നുവെന്ന ചരിത്രവും സ്വന്തമാക്കാൻ ചന്ദ്രയാൻ തയ്യാർ; ഏപ്രിലിൽ കാലാവസ്ഥ അനുകൂലമാകുന്ന ഏത് നിമിഷവും ഇന്ത്യയുടെ അഭിമാനം ചന്ദ്രനിലെത്തും
March 15, 2018 | 10:27 AM IST | Permalink

തിരുവനന്തപുരം: ഒരു ഗ്രഹോപരിതലത്തിൽ ഇന്ത്യ ആദ്യമായി സോഫ്റ്റ് ലാൻഡിങ് നടത്തുന്നുവെന്ന ചരിത്രം സ്വന്തം പേരിലാക്കാനൊരുങ്ങി ചന്ദ്രയാൻ 2. ഏപ്രിലിൽ കാലാവസ്ഥ അനുകൂലമാകുന്ന ഏത് നിമിഷവും ചന്ദ്രയാൻ കുതിച്ചുയരുമ്പോൾ ഇന്ത്യയുടെ സ്വപ്‌നങ്ങളുമാണ് വാനിലേക്ക് ഉയരുന്നത്.
ഏതെങ്കിലും സാഹചര്യത്തിൽ ഏപ്രിലിൽ വിക്ഷേപണം സാധ്യമായില്ലെങ്കിൽ ഒക്ടോബറിൽ വിക്ഷേപണം നടത്തുമെന്നും ചെയർമാൻ ഡോ.കെ.ശിവൻ അറിയിച്ചിട്ടുണ്ട്.
ചാന്ദ്രപ്രതലം സൂക്ഷ്മമായി വിശകലനം ചെയ്യാൻ കഴിവുള്ള ഉപഗ്രഹമാണിത്. ഭ്രമണപഥത്തിൽ ചന്ദ്രനെ ചുറ്റിസഞ്ചരിക്കുന്ന ഒരു പേടകം (ഓർബിറ്റർ), ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ലാൻഡർ, ചാന്ദ്രപ്രതലത്തിൽ പര്യവേഷണം നടത്തുന്നതിനുള്ള ആറുചക്ര റോവർ എന്നീ മൂന്ന് ഘടകങ്ങൾ അടങ്ങിയതാണ് ചന്ദ്രയാൻ 2 ഉപഗ്രഹം. ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ സ്വഭാവം അപഗ്രഥിക്കാൻ സാധിക്കുന്ന വിവരങ്ങൾ ഉപഗ്രഹം അവിടെ നിന്നയക്കും.
ചന്ദ്രയാൻ 2 ന് ഒപ്പം വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 6 ഉം (ജിഎസ്എൽവി.എഫ് 08) വിക്ഷേപണത്തിന് ഒരുങ്ങുന്നുണ്ടെന്നും ചെയർമാൻ പറഞ്ഞു. ഒരു ഗ്രഹോപരിതലത്തിൽ ഇന്ത്യ ആദ്യമായി സോഫ്റ്റ് ലാൻഡിങ് നടത്തുന്നുവെന്നതാണ് ചന്ദ്രയാൻ വിക്ഷേപണത്തിൽ ശാസ്ത്രജ്ഞരെ ഉത്സുകരാക്കുന്നത്. അമേരിക്കയും റഷ്യയും ചൈനയും മാത്രമാണീ നേട്ടം കൈവരിച്ചിട്ടുള്ളത്.
ആരുടെയും സഹായമില്ലാതെ ചാന്ദ്രദൗത്യം വിജയിപ്പിക്കുന്നത് ബഹിരാകാശ ഗവേഷണ മേഖലയിൽ ഇന്ത്യയുടെ മിടുക്ക് തെളിയിക്കാനുള്ള അവസരമാകും.
ചന്ദ്രന്റെ ഉപരിതലം സൂക്ഷ്മമായി വിശകലനം ചെയ്യാൻ പര്യാപ്തമായ റോബോട്ടുകൾ ഉൾപ്പെടുന്ന ഉപഗ്രഹമാണിത്.ശ്രീഹരിക്കോട്ടയിലെ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിൽ ചന്ദ്രയാൻ- 2 നെയും വഹിച്ച് കുതിക്കാൻ ജിഎസ്എൽവി എം.കെ- 2 (ജിഎസ്എൽവി.എഫ് 10 ) ഒരുക്കിയിട്ടുണ്ട്. ചന്ദ്രയാനിലെ ഓർബിറ്റർ അതിൽ ഉൾപ്പെടുത്തേണ്ട 6 ഉപകരണങ്ങൾ, ലാൻഡർ, അതിലെ 3 ഉപകരണങ്ങൾ, റോവറും അതിലെ രണ്ട് ഉപകരണങ്ങളും പരീക്ഷണ പരിശോധനകൾക്കുശേഷം തയ്യാറാക്കിക്കഴിഞ്ഞു. മിഷൻ അവലോകനവും ലോഞ്ചിങ് അനുമതിയും ലഭിച്ചാൽ ചന്ദ്രയാനുമായി ജിഎസ്എൽവി കുതിക്കും.