ഒരു രൂപ നാണയം നിർമ്മിക്കണമെങ്കിൽ സർക്കാർ മുടക്കേണ്ടത് ഒരു രൂപ 11 പൈസ; രണ്ടു രൂപ നാണയത്തിന് ഒരു രൂപ 28 പൈസ ചെലവ് വരുമ്പോൾ പത്തു രൂപ നാണയത്തിന് 5.54 രൂപ വരെ ചെലവ്; 2018ൽ നിർമ്മിച്ചത് കഴിഞ്ഞ നാലു വർഷത്തെക്കാൾ കുറവ് നാണയങ്ങളെന്നും വിവരാവകാശ രേഖ
December 06, 2018 | 10:37 PM IST | Permalink

മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ഓൺലൈനിലൂടെ പണമിടപാടു നടത്താനായി സർക്കാർ ഏവരേയും പ്രോത്സാഹിപ്പിക്കുന്ന സമയത്താണ് നാണയം നിർമ്മിക്കുന്നതിനായി കേന്ദ്ര സർക്കാർ ചെലവാക്കുന്ന തുകയുടെ കണക്ക് പുറത്ത് വരുന്നത്. ഒരു രൂപ 11 പൈസയുണ്ടെങ്കിലാണ് ഒരു രൂപയൂടെ ഒരു നാണയം നിർമ്മിക്കാൻ സാധിക്കുക. നാണയങ്ങൾ നിർമ്മിക്കാൻ ചെലവാകുന്ന തുകയുമായി ബന്ധപ്പെട്ടുള്ള വിവരാവകാശ രേഖയിലൂടെയാണ് സംഭവം പുറത്ത് വരുന്നത്.
വിവരാവകാശ നിയമ പ്രകാരം നായങ്ങളുടെ നിർമ്മാണച്ചെലവ് ചോദിച്ചുകൊണ്ട് ഇന്ത്യാ ടുഡേ നൽകിയ അപേക്ഷയിൽ കിട്ടിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒരു രൂപ നാണയത്തിന് പുറമേ നിലവിൽ നിർമ്മിക്കുന്ന രണ്ട്, അഞ്ച്, പത്ത് രൂപ നാണയങ്ങളുടെ നിർമ്മാണച്ചെലവും ലഭ്യമായിട്ടുണ്ട്.
രണ്ട് രൂപ നാണയം നിർമ്മിക്കാൻ ഒരു രൂപ 28 പൈസയും അഞ്ച്, പത്ത് രൂപാ നാണയങ്ങൾ നിർമ്മിക്കാൻ യഥാക്രമം 3.69 രൂപ, 5.54 രൂപ എന്നിങ്ങനെയുമാണ് ചെലവ്. മുംബൈയിലെ ഇന്ത്യാ ഗവൺമെന്റ് മിന്റിലാണ് നിലവിൽ നാണയങ്ങൾ നിർമ്മിക്കുന്നത്. കഴിഞ്ഞ നാല് വർഷങ്ങളേക്കാൾ കുറവ് നാണയങ്ങളാണ് 2018ൽ നിർമ്മിച്ചതെന്നും വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു.
