Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുടിവെള്ളം അമൃതിനേക്കാൾ വിലപിടിപ്പുള്ളത്; അത്യാവശ്യത്തിന് മാത്രം ഉപയോഗം; ഒരു ലിറ്റർ പെട്രോളും പോലും കിട്ടുന്നില്ല; പകർച്ചവ്യാധി ഭയം; എടിഎമ്മുകളിൽ ഒന്നും പണമില്ല; ചെന്നൈയിലെ മലയാളികൾ കൂട്ടത്തോടെ കേരളത്തിലേക്ക്

കുടിവെള്ളം അമൃതിനേക്കാൾ വിലപിടിപ്പുള്ളത്; അത്യാവശ്യത്തിന് മാത്രം ഉപയോഗം; ഒരു ലിറ്റർ പെട്രോളും പോലും കിട്ടുന്നില്ല; പകർച്ചവ്യാധി ഭയം; എടിഎമ്മുകളിൽ ഒന്നും പണമില്ല; ചെന്നൈയിലെ മലയാളികൾ കൂട്ടത്തോടെ കേരളത്തിലേക്ക്

ചെന്നൈ: മഴ കുറഞ്ഞെങ്കിലും ചെന്നൈയിലെ ദുരിതങ്ങൾക്ക് ശമനമില്ല. ഇടയ്ക്കിടെ പെയ്യുന്ന മഴ ദുരിതാശ്വാസ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ സൈന്യം രക്ഷിക്കുന്നത് തുടരുകയാണ്. അതിനിടെ കുടിവെള്ളത്തിന്റെ ക്ഷാമം ഏറെ പ്രശ്‌നമുണ്ടാക്കുന്നുണ്ട്. വെള്ളക്കെട്ടുകൾ പകർച്ച വ്യാധികൾക്ക് കാരണമാകുമെന്ന ആശങ്കയും സജീവമാണ്. പെട്രോളും ഡീസലും കിട്ടാത്തതും പ്രതിസന്ധികൂട്ടുന്നു. ഇതിനൊപ്പം ഒഴിഞ്ഞ എടിഎമ്മുകളാണ് ഉള്ളത്. ഈ സാഹചര്യത്തിൽ മലയാളികളെല്ലാം ചെന്നൈ വിടാൻ തയ്യാറെടുക്കുകയാണ്. അതിനിടെ ചെന്നൈ വിമാനത്താവളം ഭാഗീകമായി പ്രവർത്തിച്ചു തുടങ്ങി.

കുടിവെള്ളം ഇല്ലാത്തത് തന്നെയാണ് പ്രധാനം പ്രശ്‌നം. സന്നദ്ധ സംഘടനകളും മറ്റും ബോട്ടിൽ വെള്ളം എത്തിക്കുന്നുണ്ട്. എന്നാൽ അതൊന്നും ആവശ്യത്തിന് തികയുന്നില്ല. ഇതിനൊപ്പം വാഹനങ്ങളിൽ അടിക്കാൻ പെട്രോളും ഡീസലുമില്ല. ഇതോടെ സ്വകാര്യ വാഹനങ്ങളിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയെന്നത് അസാധ്യവുമായി. ഇതും ചെന്നൈയിലെ പ്രശ്‌നങ്ങൾ കൂട്ടുന്നുണ്ട്. ഉടൻ പെട്രോളും ഡീസലുമെല്ലാം ലഭ്യമാക്കുമെന്നാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പറയുന്നത്. എന്നാൽ ക്ഷാമം പരിഹരിക്കപ്പെടുന്നില്ലെന്നതാണ് യാഥാർത്ഥ്യം.

ചെന്നൈ നഗരത്തിലെ മഹാപ്രളയത്തിൽ പത്തുലക്ഷത്തോളം മലയാളികൾ കുടിവെള്ളമോ ഭക്ഷണമോ വൈദ്യുതിയോ ഇല്ലാതെ കുടുങ്ങിക്കിടക്കുകയാണ്. വാഹനങ്ങൾ ഇല്ലാത്തതാണ് പ്രശ്‌നങ്ങൾക്ക് കാരണം. ഈ സാഹചര്യത്തിൽ മലയാളികളെ നാട്ടിലെത്തിക്കാൻ ബസുകൾ നൽകാൻ കെ.എസ്.ആർ.ടി.സി എം.ഡി ആന്റണി ചാക്കോയ്ക്ക് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർദ്ദേശം നൽകി. കോയമ്പേട് സി.എം.സി ബസ് സ്റ്റാൻഡിൽ നിന്ന് ഇന്ന് രാവിലെ 9ന് സർവീസുകൾ ആരംഭിക്കും. എക്‌സിക്യൂട്ടിവ് ഡയറക്ടർ ഷറഫ് മുഹമ്മദിനെയും ഇൻസ്‌പെക്ടർ ജയരാജനെയും സ്‌പെഷ്യൽ ഓഫീസർമാരായി ചെന്നൈയിലേക്ക് അയച്ചു.

വെള്ളം താഴ്ന്നുതുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങൾ സാധാരണ ജീവിതത്തിലേക്കു മടങ്ങിവരാൻ തയ്യാറെടുക്കുകയാണ്. എങ്കിലും ആശങ്കകൾ ബാക്കി. പ്രധാന റോഡുകളിലെ വെള്ളം കുറഞ്ഞെങ്കിലും ഉൾഭാഗങ്ങളിലെ റോഡുകളിൽ ഇപ്പോഴും വെള്ളം കെട്ടിക്കിടക്കുന്നു. ഈ സാഹചര്യത്തിലാണ് മലയാളികൾ നാട്ടിലേക്ക് മടങ്ങുന്നത്. ദുരിതമനുഭവിക്കുന്ന ചെന്നൈയിലുള്ള മലയാളികൾക്ക് നോർക്കയും മലയാളി സംഘടനകളും ആശ്വാസമെത്തിക്കുന്നുണ്ട്. താമസസ്ഥലങ്ങൾ വെള്ളത്തിൽ മുങ്ങിയ ആയിരത്തിലേറെ പേർ നോർക്കയിൽ വിളിച്ച് സഹായം തേടി. ദക്ഷിണചെന്നൈയിലെ ഡിഫൻസ് കോളനിയിലെ വസതിയുടെ രണ്ടാംനിലയും മുങ്ങി മരണത്തെ മുഖാമുഖം കണ്ട തിരുവനന്തപുരം സ്വദേശികളെ നാവികസേന രക്ഷിച്ചു. വിമുക്തഭടനും ഭാര്യയും ചെറുമകനുമാണ് ചിമ്മിനിയുടെ മുകളിൽ കയറി നിന്ന് സഹായംതേടിയത്. ഇവരെ മിലിട്ടറി ആശുപത്രിയിലേക്ക് മാറ്റി.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ഫോണിൽ വിളിച്ച് മലയാളികളുടെ വിവരങ്ങൾ ധരിപ്പിച്ചു. ചെന്നൈയിലെ കേരളാ ഹൗസും കെ.ടി.ഡി.സിയുടെ റെയിൻഡ്രോപ്‌സ് ഹോട്ടലും വെള്ളത്തിൽ മുങ്ങി. അവിടുത്തെ താമസക്കാരെ ഒഴിപ്പിച്ചു. എൽ ആൻഡ് ടിയുടെ ഇന്റർവ്യൂവിനായി ചെന്നൈയിലുണ്ടായിരുന്ന തിരുവനന്തപുരം എൻജിനിയറിങ് കോളേജിലെ എം.ടെക് വിദ്യാർത്ഥികളായ അഭിരാമി, അരുണിമ, മീനു, രേഷ്മ, റിജാസ്, രോഹിത്, ഷെറിൻ, ഷിനിത, വിന്ദുജ എന്നിവരെ നോർക്ക ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് എത്തിച്ചു. പെരുമ്പാക്കത്തെ ഗ്ലോബൽ ആശുപത്രിയിൽ കുടുങ്ങിയ മുപ്പതോളം ജീവനക്കാരെ രക്ഷിക്കാൻ നാവികസേനയുടെ സഹായംതേടി. എസ്.ആർ.എം സർവകലാശാലയിൽ കുടുങ്ങിയ ഇരുപതിലേറെ മലയാളി വിദ്യാർത്ഥികളെ രക്ഷിച്ചു.

മലയാളികളെ രക്ഷപ്പെടുത്താൻ കെ.ടി.ഡി.സി അസി. മാനേജർ അനു പി. ചാക്കോയെ സ്‌പെഷ്യൽ ഓഫീസറായി നിയമിച്ചതായി നോർക്ക സിഇഒ ആർ.എസ്. കണ്ണൻ പറഞ്ഞു.

കൺട്രോൾ റൂം നമ്പരുകൾ
നോർക്ക തിരുവനന്തപുരം 04712770522, 1800 425 3939 (ടോൾഫ്രീ)
ചെന്നൈ കെ.എസ്.ആർ.ടി.സി 09176112100

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP