Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഴ നിലച്ചു; വെള്ളം താഴുന്നു; വൈദ്യുതി ബന്ധം ഭാഗീകമായി സ്ഥാപിച്ചു; റോഡുകൾ ചലിച്ചു തുടങ്ങി; ട്രയിനുകൾ ഓടി തുടങ്ങി; വിമാനം ഇന്നു മുതൽ; ചെന്നൈയെ രക്ഷിച്ചത് ഇന്ത്യൻ സേനയുടെ ധീരമായ ഇടപെടൽ; കരസേനാ മേധാവി തന്നെ നേരിട്ടെത്തി രക്ഷാപ്രവർത്തനത്തിന് ഊർജ്ജം പകർന്നു; മരണ സംഖ്യ മറച്ചു വയ്ക്കുന്ന സർക്കാർ കണക്ക് മാത്രം ആശങ്ക

മഴ നിലച്ചു; വെള്ളം താഴുന്നു; വൈദ്യുതി ബന്ധം ഭാഗീകമായി സ്ഥാപിച്ചു; റോഡുകൾ ചലിച്ചു തുടങ്ങി; ട്രയിനുകൾ ഓടി തുടങ്ങി; വിമാനം ഇന്നു മുതൽ; ചെന്നൈയെ രക്ഷിച്ചത് ഇന്ത്യൻ സേനയുടെ ധീരമായ ഇടപെടൽ; കരസേനാ മേധാവി തന്നെ നേരിട്ടെത്തി രക്ഷാപ്രവർത്തനത്തിന് ഊർജ്ജം പകർന്നു; മരണ സംഖ്യ മറച്ചു വയ്ക്കുന്ന സർക്കാർ കണക്ക് മാത്രം ആശങ്ക

ചെന്നൈ: തമിഴ്‌നാട്ടിൽ മഴയുടെ ശക്തി കുറഞ്ഞു തുടങ്ങിയതോടെ ദുരിതവും കുറയുന്നു. ഇന്ത്യൻ സേനയുടെ നേതൃത്വത്തിൽ നടന്ന അതിവേഗ രക്ഷാപ്രവർത്തനങ്ങളും ഫലം കണ്ടു. അടിസ്ഥാന ഗതഗാത സംവിധാനങ്ങളെല്ലാം പുനഃസ്ഥാപിച്ചിട്ടുണ്ട്. 11 ലക്ഷത്തോളം പേരെ ഇതുവരെ രക്ഷപെടുത്തിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടുണ്ട്. എന്നാൽ വെള്ളപ്പൊക്കത്തിൽ റോഡുകൾ തകർന്നത് ഗതാഗതം സാധാരണ ഗതിയിലാകുന്നതിന് തടസ്സമാണ്. തീവണ്ടി ഗതാഗതവും പുനഃസ്ഥാപിച്ചു. വിമാനത്താവളങ്ങളും ഇന്ന് മുതൽ തുറക്കും.

ഇന്നലെ രാത്രി മുതൽ മഴയുടെ ശക്തി ഭാഗികമായി കുറഞ്ഞു. ഭക്ഷണവും വെള്ളവും ലഭിക്കാതെ നിരവധിപേർ വീടുകളിൽ ഇപ്പോഴും കുടുങ്ങികിടക്കുകയാണ്. സൈന്യത്തിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടേയും രക്ഷാപ്രവർത്തനം തുടരുകയാണ്. രാവിലെ വീണ്ടും മഴ ആവർത്തിച്ചത് നേരിയ ആശങ്ക വളർത്തി. എന്നാൽ പിന്നീട് അത് മാറി. നഗരത്തിലെ വെള്ളക്കെട്ടിന് കാര്യമായ കുറവുണ്ടായിട്ടില്ല. വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സാഹചര്യം ഇനിയും ഒരുങ്ങാത്തതാണ് കാരണം. ഇക്കാരണത്താൽ നഗരം സാധാരണ നിലയിലെത്താൻ ഇനിയും ദിവസങ്ങളെടുക്കും. മഴ ശമിച്ചതോടെ രക്ഷാപ്രവർത്തനവും സഹായ വിതരണവും ഊർജിതമായി. ചെന്നൈ സെൻട്രൽ, എഗ്മൂർ റയിൽവേ സ്റ്റേഷനുകൾ വഴിയുള്ള ട്രെയിൻ ഗതാഗതം ഇന്ന് അർധരാത്രിക്കു ശേഷം പുനഃസ്ഥാപിക്കും. അതിനു ശേഷം സാധാരണ പോലെ ട്രെയിൻ സർവ്വീസുകൾ തുടരും.

ജല സംഭരണികളിലേയും നദികളിലേയും ജലനിരപ്പ് താഴ്ന്നുതുടങ്ങി. ഭൂരിഭാഗം ഇടങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. ആഭ്യന്തര യാത്രാവിമാനങ്ങൾ ഞായറാഴ്ച രാവിലെ മുതൽ പുനഃരാരംഭിക്കും. റൺവേ ഇപ്പോൾ പകൽ സമയത്ത് മാത്രമേ പ്രവർത്തിപ്പിക്കാൻ സാധിക്കൂവെന്ന് എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ശതമാനം ബസുകളും സർവീസ് ആരംഭിച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ചെന്നൈ നഗരത്തിൽ ബസ് യാത്ര സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി ജയലളിത അറിയിച്ചു. 16000 ലധികം പേരെ ദേശീയ ദുരന്ത നിവാരണ സേന ഇതിനോടകം മാറ്റിപ്പാർപ്പിച്ചു.

നൂറുകണക്കിന് സന്നദ്ധ സംഘടനകളാണ് ചെന്നൈയിൽ രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ദുരന്തത്തിൽ മുന്നൂറോളം പേർ മരിച്ചെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാൽ കൃത്യമായ കണക്കുകൾ സർക്കാർ പുറത്തുവിടുന്നുമില്ല.

മാതൃകയായി കരസേനയും എൻഡിആർഎഫും

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കരസേനാ മേധാവി ജനറൽ ദൽബീർ സിങ് നേരിട്ട് ചെന്നൈയിലെത്തിയിരുന്നു. ദുരിതബാധിതപ്രദേശങ്ങളിൽ അദ്ദേഹം വ്യോമനിരീക്ഷണം നടത്തി. തമിഴ്‌നാട് സർക്കാർ ആവശ്യപ്പെടുന്നതുവരെ കരസേന ദുരിതാശ്വാസപ്രവർത്തനങ്ങൾ തുടരും. ആവശ്യപ്പെട്ടാൽ കൂടുതൽ മെഡിക്കൽ സംഘവും എൻജിനീയറിങ് സംഘവുമെത്തുമെന്നും അദ്ദേഹം പറഞ്ഞു. കരസേനാ മേധാവിയുടെ സാന്നിധ്യവും രക്ഷാ പ്രവർത്തനത്തിന് ഊർജ്ജം പകർന്നു.

വെള്ളക്കെട്ടിൽപ്പെട്ടവരെയെല്ലാം സൈന്യം അതി സാഹസകിമായാണ് രക്ഷിച്ചത്. ജനങ്ങളുടെ ദുരിതം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. കരസേന 5,500 പേരെ വിവിധയിടങ്ങളിൽനിന്നായി രക്ഷിച്ചിരുന്നു. താംബരം, ഊരപ്പാക്കം, മണിവാക്കം, മുടിച്ചൂർ എന്നിവിടങ്ങളിൽ കരസേനയുടെ 50 സംഘങ്ങൾ ഇപ്പോഴും ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. ദുരിതമേഖലകളിൽ കരസേന താത്കാലിക മെഡിക്കൽ സെന്ററുകൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

വിമാനത്താവളത്തിൽ കുടുങ്ങിയവരെ ദേശീയ ദുരന്തനിവാരണസേന (എൻ.ഡി.ആർ.എഫ്.) രക്ഷപ്പെടുത്തി ആരക്കോണത്തെത്തിച്ചു. ഇവരെ പിന്നീട് വിവിധ സ്ഥലങ്ങളിലേക്ക് വിമാനമാർഗം എത്തിച്ചു. തങ്ങൾ ഇതുവരെ നടത്തിയതിൽ വലിയ രക്ഷാപ്രവർത്തനമാണ് ചെന്നൈയിലേതെന്ന് എൻ.ഡി.ആർ.എഫ്. ഡയറക്ടർ ജനറൽ ഒ.പി.സിങ് പറഞ്ഞു. 200 ബോട്ടുകളുമായി 1600 സൈനികരാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഇതിനകം 16,000 പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റാനായി. ഇപ്പോഴും നഗരത്തിന്റെ മിക്കഭാഗങ്ങളിലും മൊബൈൽ ഫോൺ ശൃംഖല നിശ്ചലമാണ്.

ആശ്വാസമായി മലയാളിക്ക് കെഎസ് ആർ ടി സി

ദുരിതത്തിൽ കുടുങ്ങിയ നൂറുകണക്കിന് മലയാളികൾക്ക് കെ.എസ്.ആർ.ടി.സി. ഏർപ്പെടുത്തിയ ബസ്സുകൾ നാട്ടിലെത്താനുള്ള തുണയായി. ശനിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് കോയമ്പേട് മൊഫ്യുസിൽ ബസ് ടെർമിനസിൽനിന്ന് ആദ്യ ബസ് കേരളത്തിലേക്ക് പുറപ്പെട്ടത്.

12 ബസ്സുകളിലായി 600ഓളം പേരാണ് ശനിയാഴ്ച നാട്ടിലേക്ക് യാത്രതിരിച്ചത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഭാഗങ്ങളിലേക്കായിരുന്നു സർവീസ്. മലബാർ മേഖലയിലേക്കാണ് കൂടുതൽ തിരക്കനുഭവപ്പെട്ടത്. ഞായറാഴ്ചയും ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് 12 ബസ്സുണ്ടാകും. യാത്ര സൗജന്യമാണ്. ശനിയാഴ്ച യാത്രതിരിക്കാൻ സാധിക്കാത്തവർക്ക് ഞായറാഴ്ച മുൻഗണന നൽകുമെന്ന് അധികൃതർ അറിയിച്ചു.

കോയമ്പേട് മൊഫ്യൂസിൽ ബസ് ടെർമിനസിലെ നാല്, അഞ്ച് ബസ് ബേകളിൽനിന്നാണ് ബസ് പുറപ്പെട്ടത്. യാത്രക്കാരുടെ പേര് രജിസ്റ്റർചെയ്തശേഷമാണ് വണ്ടികളിൽ കയറ്റുന്നത്. ചെന്നൈ എഗ്മോർ ഗ്രീംസ് റോഡിലുള്ള കേരള ഹൗസിൽ ഇതിനായി പ്രത്യേക കൗണ്ടർ തുറന്നു. മൊബൈൽ നമ്പർ: 9444186238, ഫോൺ: 28293020. മറ്റുനമ്പറുകൾ : 9495099902 (തിരുവനന്തപുരം), 9495099909 (തൃശ്ശൂർ), 9495099910 (പാലക്കാട് ), 9449020305 (ജയരാജ്, കെ.എസ്.ആർ.ടി.സി ഇൻസ്‌പെക്ടർ, ചെന്നൈ). തിരുവനന്തപുരത്തെ കൺട്രോൾ റൂം നമ്പർ : 9447071014

തീവണ്ടികൾ ഓടി തുടങ്ങി

ചെന്നൈ സെൻട്രൽ,എഗ്മോർ സ്റ്റേഷനുകളിൽനിന്ന് തീവണ്ടിസർവീസുകൾ ശനിയാഴ്ച അർധരാത്രിയോടെ പുനരാരംഭിച്ചു. എന്നാൽ, കേരളത്തിലേക്കുള്ള അഞ്ചു വണ്ടികൾ ഞായറാഴ്ചയും സർവീസ് നടത്തില്ല. ചെന്നൈ-മംഗലാപുരം വെസ്റ്റ്‌കോസ്റ്റ് എക്‌സപ്രസ്, ചെന്നൈമംഗലാപുരം മെയിൽ, ചെന്നൈ-തിരുവനന്തപുരം പ്രതിവാര എക്‌സപ്രസ്, ചെന്നൈ-തിരുവനന്തപുരം എക്‌സപ്രസ്, ചെന്നൈ-ആലപ്പുഴ എക്‌സപ്രസ് എന്നീ വണ്ടികളാണ് റദ്ദാക്കിയത്.

കേരളത്തിലേക്ക് ചെന്നൈയിൽ നിന്ന് മംഗലാപുരം എക്‌സപ്രസ്, തിരുവനന്തപുരം മെയിൽ എന്നിവമാത്രമാണ് സർവീസ് നടത്താൻ സാധ്യത. മൊത്തം 20 തീവണ്ടികളാണ് ചെന്നൈ സെൻട്രലിൽനിന്ന് റദ്ദാക്കിയത്. ചെന്നൈ സെൻട്രലിൽനിന്ന് ശനിയാഴ്ച രാത്രി കോയമ്പത്തൂരിലേക്കും ഈറോഡിലേക്കും പ്രത്യേക തീവണ്ടികൾ സർവീസ് നടത്തിയിരുന്നു. എഗ്മോറിൽനിന്ന് മധുര, രാമനാഥപുരം, തിരുനൽവേലി, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കും പ്രത്യേക തീവണ്ടികൾ ഓടി.

എ ടി എമ്മുകൾ സാധാരണ നിലയിലായില്ല

എ.ടി.എമ്മുകളിൽ പണമില്ലാത്ത അവസ്ഥയ്ക്കും കാര്യമായ മാറ്റംവന്നിട്ടില്ല. നഗരത്തിലെ പല പെട്രോൾ പമ്പുകളും പ്രവർത്തിക്കാത്തതും ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാൻ ഡീസൽ കൂടുതലായി വാങ്ങുന്നതും ഇന്ധനക്ഷാമവും രൂക്ഷമാക്കിയിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളുടെ ക്ഷാമവും വിലക്കയറ്റവുമാണ് മറ്റൊരു പ്രതിസന്ധി.

എടിഎമ്മുകൾക്കു മുന്നിലും പെട്രോൾ പമ്പുകൾക്കു മുന്നിലും വലിയ നിരയാണുള്ളത്. എടിഎമ്മുകളിൽ പണമില്ലാത്തതിനാൽ ബാങ്കുകൾ നാളെയും തുറന്നുപ്രവർത്തിക്കും. ചെന്നൈയിലോ സമീപ പ്രദേശങ്ങളിലോ പെട്രോൾ, ഡീസൽ ക്ഷാമമില്ലെന്നും പമ്പുകൾ സുരക്ഷിതമായിരിക്കുന്നതിനു വേണ്ടിയാണ് അടച്ചതെന്നും ഇന്ത്യൻ ഓയിൽ കോർപറേഷൻ അറിയിച്ചു. ജനങ്ങൾ ആശങ്കാകുലരാകേണ്ട കാര്യമില്ല. ഇന്ധനക്ഷാമം നിലവിലില്ലെന്നും ഐഒസി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP