Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദളിത്-മറാത്ത വിഭാഗങ്ങൾ തമ്മിൽ വ്യാപക സംഘർഷം; അക്രമത്തിൽ വാഹനങ്ങൾക്ക് നേരേ കല്ലേറും കൊള്ളിവയ്പും; സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു; മുംബൈയിൽ നിരോധനാജ്ഞ; സ്‌കൂളുകളും കോളേജുകളും അടച്ചു; മഹാരാഷ്ട്രയിൽ നാളെ ബന്ദ്; പ്രക്ഷോഭം ശക്തമാക്കാൻ ജിഗ്നേഷ് മേവാനി അടക്കമുള്ള ദളിത് നേതാക്കൾ മുംബൈയിലേക്ക്

ദളിത്-മറാത്ത വിഭാഗങ്ങൾ തമ്മിൽ വ്യാപക സംഘർഷം; അക്രമത്തിൽ വാഹനങ്ങൾക്ക് നേരേ കല്ലേറും കൊള്ളിവയ്പും; സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു; മുംബൈയിൽ നിരോധനാജ്ഞ; സ്‌കൂളുകളും കോളേജുകളും അടച്ചു; മഹാരാഷ്ട്രയിൽ നാളെ ബന്ദ്; പ്രക്ഷോഭം ശക്തമാക്കാൻ ജിഗ്നേഷ് മേവാനി അടക്കമുള്ള ദളിത് നേതാക്കൾ മുംബൈയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മഹാരാഷ്ട്രയിൽ സാമുദായിക സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ദളിത്- മറാത്ത വിഭാഗങ്ങൾ തമ്മിലാണ് വ്യാപകമായി സംഘർഷം. നൂറിലധികം വാഹനങ്ങൾ തകർന്നു. റെയിൽ, റോഡ് ഗതാഗതം തടസ്സപ്പെട്ടു. പ്രതിഷേധത്തെ തുടർന്ന് സ്‌കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ദളിത് സംഘടനകൾ ദേശീയപാതകൾ ഉപരോധിക്കുകയാണ്. അതിനിടെ, സംഘർഷത്തിനു തുടക്കമിട്ട പ്രശ്‌നങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ജുഡീഷ്യൻ അന്വേഷണം പ്രഖ്യാപിച്ചു. ഹൈക്കോടതി സിറ്റിങ് ജഡ്ജിയാകും അന്വേഷണം നടത്തുക.

ഭീമ കൊറേഗാവ് യുദ്ധത്തിന്റെ ഇരുന്നൂറാം വാർഷികാഘോഷത്തിൽ പങ്കെടുക്കാനെത്തിയ ദളിത് വിഭാഗത്തിൽ പെട്ടവർക്കെതിരെ മറാത്ത വിഭാഗക്കാർ നടത്തിയ അക്രമമാണ് ഇരു വിഭാഗങ്ങളും തമ്മിലുണ്ടായ സംഘർഷത്തിലേക്ക് നയിച്ചത്.

അക്രമത്തിൽ ദളിത് വിഭാഗക്കാരുടെ വാഹനങ്ങൾ തകർക്കപ്പെട്ടു. തുടർന്ന് ചൊവ്വാഴ്ച അക്രമികളും ദളിതുകളും തമ്മിൽ ഏറ്റുമുട്ടി. ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റവും കല്ലേറുമുണ്ടായി. വ്യാപകമായി വാഹനങ്ങൾ അടിച്ചും എറിഞ്ഞു തകർത്തു. നിരവധി വാഹനങ്ങൾ അഗ്‌നിക്കിരയായി. സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു.

സംഘർഷത്തെ തുടർന്ന് മുംബൈ നഗരത്തിന്റെ വിവിധയിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നു രാവിലെ വിവിധ ദളിത് സംഘടനകൾ നടത്തിയ പ്രതിഷേധത്തിൽ ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേ നിശ്ചലമായി. ലോക്കൽ ട്രെയിൻ ഗതാഗതത്തെയും സംഘർഷം ബാധിച്ചു.

നിരവധി വാഹനങ്ങളാണ് അക്രമികൾ തല്ലിത്തകർത്തത്. ഉച്ചയോടെ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. മുൻകരുതൽ എന്ന നിലയിലാണ് സ്‌കൂളുകൾക്കും കോളജുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചത്. മുംബൈയിലെ ഹാർബർ ലെയ്ൻ പ്രക്ഷോഭകർ തടഞ്ഞിരിക്കുകയാണ്.ദളിത് സംഘടനകൾ നാളെ മഹാരാഷ്ട്രയിൽ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം കൊറേഗാവ് സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ ശുപാർശ ചെയ്യുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. ഇന്നലത്തെ സംഘർഷത്തിൽ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരവും സി ഐ ഡി അന്വേഷണത്തിന് നിർദ്ദേശം നൽകിയതായും ഫഡ്നാവിസ് അറിയിച്ചു.

മഹാരാഷ്ട്ര പുരോഗമന സംസ്ഥാനമാണെന്നും ജാതി അക്രമങ്ങളിൽ വിശ്വസിക്കുന്നില്ലെന്നും പറഞ്ഞ ഫഡ്‌നാവിസ് സമാധാനത്തിനായി ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം, സമൂഹമാധ്യമങ്ങളിലൂടെ അസത്യപ്രചാരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1818ൽ സവർണരായ പേഷ്വാ സൈനികർക്കെതിരേ ദളിതർ അടങ്ങിയ സൈന്യം പൊരുതി നേടിയ വിജയം ആഘോഷമാണ് ഭീമ കൊറേഗാവ് ദിവസ്.മറാത്തികളെ തോൽപ്പിച്ച ബ്രിട്ടിഷ് സേനയിൽ ദലിത് വിഭാഗക്കാരുടെ പട്ടാള യൂണിറ്റും പങ്കെടുത്തിരുന്നു. അന്ന് യുദ്ധത്തിൽ മരിച്ച ദലിതർക്കായി പുണെയ്ക്കു സമീപം സ്മാരകം നിർമ്മിച്ചിട്ടുമുണ്ട്. ഇക്കഴിഞ്ഞ ജനുവരി ഒന്നിനായിരുന്നു യുദ്ധവിജയത്തിന്റെ 200-ാം വാർഷികം. ആഘോഷങ്ങൾക്കിടെ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് ദലിത് വിഭാഗക്കാർ ആരോപിക്കുന്നു. വാഹനങ്ങളും നശിപ്പിച്ചെന്ന് ഇവർ പറയുന്നു. വാഗ്വാദത്തെത്തുടർന്ന് കല്ലേറുണ്ടാവുകയും ഇതു നിയന്ത്രണാതീതമാവുകയുമായിരുന്നു.

ഭീമ കൊറേഗാവ് ദിവസ് ആഘോഷത്തിൽ ജിഗ്‌നേഷ് മേവാനി അടക്കം ദളിത് നേതാക്കൾ സംബന്ധിച്ചിരുന്നു. മേവാനിയെക്കൂടാതെ ഒമർ ഖാലിദ്, ബി.ആർ അംബേദ്ക്കറുടെ ചെറുമകൻ പ്രകാശ് അംബേദ്ക്കർ, രാധിക വെമൂല എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഈ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയവർക്കു നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായത്. ഇത് പിന്നീട് മുംബൈയകിലേക്കും പടരുകയായിരുന്നു.മറാത്താ സംഘർഷം കത്തിപ്പടർന്ന മുംബൈയിൽ ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി സന്ദർശിക്കും

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP