Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോഹൻഭഗവത്തിന് പിന്തുണയുമായി ആർഎസ്എസ്; ഒന്നും മിണ്ടാതെ മോദി; പ്രതിഷേധവുമായി കെജ്രിവാളും പ്രതിപക്ഷവും; നിരാശ വ്യക്തമാക്കി കത്തോലിക്കാസഭ

മോഹൻഭഗവത്തിന് പിന്തുണയുമായി ആർഎസ്എസ്; ഒന്നും മിണ്ടാതെ മോദി; പ്രതിഷേധവുമായി കെജ്രിവാളും പ്രതിപക്ഷവും; നിരാശ വ്യക്തമാക്കി കത്തോലിക്കാസഭ

ലോകമാരാധിക്കുന്ന മദർതെരേസ ഇന്ത്യയിൽ വന്നത് മതപരിവർത്തനം ലക്ഷ്യമിട്ടു കൊണ്ടാണെന്ന ആർഎസ്എസ് നേതാവ് മോഹൻ ഭഗവത്തിന്റെ പ്രസ്താവനക്കെതിരെയുള്ള പ്രതിഷേധങ്ങൾ ഇനിയും ശമിച്ചിട്ടില്ല. എന്നാൽ ഭഗവത്തിനെ ഇക്കാര്യത്തിൽ ശക്തമായ പിന്തുണച്ച് കൊണ്ട് ആർഎസ്എസും രംഗത്തെത്തിയതോടെ വിവാദം ഒന്നു കൂടി കൊഴുക്കുകയാണ്. ലോക്‌സഭയിൽ ഇതിനെച്ചൊല്ലി പ്രതിപക്ഷത്തിന്റെ നേതൃത്ത്വത്തിൽ ശക്തമായ പ്രതിഷേധവും വാഗ്വാദങ്ങളുമാണ് അരങ്ങേറിയത്. എന്നാൽ മോദി ഈ വിവാദങ്ങളോട് ഇനിയും പ്രതികരിച്ചിട്ടില്ല. അതിനിടെ ഭഗവത്തിന്റെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി തലവനുമായ അരവിന്ദ് കെജ്രിവാളും രംഗത്തെത്തിയിട്ടുണ്ട്. ഭഗവത്തിന്റെ പ്രസ്താവന നിരാശാജനകമാണെന്നാണ് കത്തോലിക്കാ സഭ പ്രതികരിച്ചത്.

ലോക്‌സഭയിൽ രാഷ്ട്രപതിയുടെ നന്ദിപ്രകടനത്തെത്തുടർന്നുണ്ടായ ചർച്ചക്കിടെയാണ് പ്രതിപക്ഷം പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്. ആർഎസ്എസും മറ്റ് ഹിന്ദുത്വ തീവ്രവാദികളും രാജ്യത്തുടനീളം നടത്തുന്ന വർഗീയപ്രസ്താവനകൾക്കെതിരെ മൗനം വെടിഞ്ഞ് മോദി തന്റെ നിലപാടുകൾ വ്യക്തമാക്കണമെന്നാണ് കോൺഗ്രസ് നേതാവ് മല്ലികാർജുന ഗാർഖെ ആവശ്യപ്പെട്ടത്. ഇന്ത്യയിൽ മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുവെന്ന യുഎസ് പ്രസിഡന്റ് ഒബാമയുടെ പ്രസ്താവനയ്ക്ക് വഴിയൊരുക്കിയ സാഹചര്യമിവിടെയുണ്ടായതിലും പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു.സംഘപരിവാർ നടപ്പിലാക്കുന്ന പുനർമതപരിവർത്തന നടപടികളെക്കുറിച്ചുള്ള നിലപാടുകൾ മോദി വ്യക്തമാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ബിജെപി എംപിമാരും സംഘ്പരിവാറും രാജ്യത്തെ വിഘടിപ്പിക്കാൻ ശ്രമിക്കുകയാണെന്നാണ് മല്ലികാർജുന ഗാർഖെ ആരോപിച്ചത്. രാജ്യത്തെ ശുചിയാക്കാൻ ചൂലുമായി ഇറങ്ങുന്ന ബിജെപിക്കാരുടെ മനസ്സിൽ നിറയെ മാലിന്യമാണെന്നും അദ്ദേഹം പരിഹസിച്ചു.

മദർതെരേസ ഇന്ത്യയിൽ സേവനം ചെയ്തത് മതപരിവർത്തനം ലക്ഷ്യമിട്ടാണെന്ന വിവാദ പ്രസ്താവന ഭഗവത് തിങ്കളാഴ്ചയാണ് നടത്തിയിരുന്നത്. മദർ ഇന്ത്യയിൽ നല്ല സേവനം കാഴ്ചവച്ചതിന് പിന്നിൽ ഒരു ഉറച്ച ലക്ഷ്യമുണ്ടായിരുന്നുവെന്നും അത് മതപരിവർത്തനമായിരുന്നുവെന്നുമാണ് ആർഎസ്എസ് പ്രത്യയശാസ്ത്രത്തെ വിട്ട് വീഴ്ചയില്ലാതെ പിന്തുടരുന്ന എം.ജി. വൈദ്യ , ഭഗവത്തിനെ പിന്തുണച്ച് കൊണ്ട് പറഞ്ഞിരിക്കുന്നത്. ആർഎസ്എസും നിരവധി സാമൂഹ്യസേവനപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നുണ്ടെന്നും എന്നാൽ അത് മിഷനറികളെപ്പോലെ സ്വാർത്ഥലക്ഷ്യങ്ങൾക്കായല്ലെന്നും വൈദ്യ അവകാശപ്പെട്ടു. ഒന്നിലധികം വിശ്വാസങ്ങളെ ക്രിസ്ത്യാനിറ്റി അംഗീകരിക്കുന്നില്ലെന്നും എന്നാൽ ഒരു ദൈവമേയുള്ളുവെങ്കിലും അതിലേക്ക് എത്തിച്ചേരാൻ വ്യത്യസ്തമായ വഴികളുണ്ടെന്നും വൈദ്യ കൂട്ടിച്ചേർത്തു. കഴിഞ്ഞ തിങ്കളാഴ്ച രാജസ്ഥാനിൽ വച്ചാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയിരിക്കുന്നത്.

മോഹൻ ഭഗവത്തിനെ പിന്തുണച്ച് കൊണ്ട് കൂടുതൽ ആർഎസ്എസ് നേതാക്കൾ ചൊവ്വാഴ്ച രംഗത്തെത്തിയിരുന്നു. സേവനത്തിന്റെ പേരിൽ ഇന്ത്യക്കാരെ മതപരിവർത്തനം ചെയ്യിക്കാൻ മാത്രമാണ് മിഷനറിമാർ ഇന്ത്യയിലെത്തിയതെന്നും അവർ പറഞ്ഞു. മിഷനറിമാരുടെ പ്രധാന അജൻഡ മതപരിവർത്തനമായിരുന്നുവെന്നും ഭഗവത് പറഞ്ഞത് ശരിയാണെന്നും വിഎച്ച്പി നേതാവ് വെങ്കിടേഷും ആവർത്തിച്ചു. മദർതെരേസയ്‌ക്കൊപ്പം കഴിഞ്ഞിരുന്ന പാവപ്പെട്ട കുട്ടികളുടെ യഥാർത്ഥ സ്ഥിതി പലർക്കുമറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു സംസ്‌കാരത്തെക്കുറിച്ച് ഹിന്ദുക്കൾക്ക് തന്നെ അറിയില്ലെന്നും അത് പുനരുജ്ജീവിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും ഹിന്ദുസമുദായത്തിലെ ദൗർഭല്യങ്ങൾ മുതലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും ഭഗവത് ചൊവ്വാഴ്ച ജയ്പൂരിൽ നടത്തിയ തന്റെ തുടർ പ്രസ്താവനയിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ മദർ തെരേസ മതപരിവർത്തനം ലക്ഷ്യമാക്കിയല്ല പ്രവർത്തിച്ചതെന്നും വെറും സേവനം മാത്രമാണ് അവരെ മുന്നോട്ട് നയിച്ചതെന്നുമാണ് മിഷനറീസ് ഓഫീസ് ചാരിറ്റിയുടെ വക്താവ് സുനിതാ കുമാർ ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. വിവാദമായി ഘർവാപസിയെച്ചൊല്ലിയുള്ള ചർച്ചകൾ കൊഴുക്കുന്ന സമയത്താണ് ഭഗവത് തന്റെ ഈ വിവാദപ്രസ്താവന നടത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP