Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദുർമന്ത്രവാദികളെന്ന് ആരോപിച്ച് വയോധികദമ്പതിമാരെ ജനക്കൂട്ടം തല്ലിക്കൊന്നു; ഝാർഖണ്ഡിൽ നടന്ന അക്രമം രാജ്യത്തെ അന്ധവിശ്വാസത്തിന്റെ നേർസാക്ഷ്യമെന്ന് വിശേഷിപ്പിച്ച് വിദേശ മാദ്ധ്യമങ്ങൾ

ദുർമന്ത്രവാദികളെന്ന് ആരോപിച്ച് വയോധികദമ്പതിമാരെ ജനക്കൂട്ടം തല്ലിക്കൊന്നു; ഝാർഖണ്ഡിൽ നടന്ന അക്രമം രാജ്യത്തെ അന്ധവിശ്വാസത്തിന്റെ നേർസാക്ഷ്യമെന്ന് വിശേഷിപ്പിച്ച് വിദേശ മാദ്ധ്യമങ്ങൾ

മറുനാടൻ ഡെസ്‌ക്‌

റാഞ്ചി: ദുർഭൂതങ്ങളാണെന്ന സംശയത്തിൽ ഝാർഖണ്ഡിൽ ആദിവാസി വയോധിക ദമ്പതിമാരെ ജനക്കൂട്ടം തല്ലിക്കൊന്നു. അറുപതു പിന്നിട്ട ദമ്പതികൾക്കുനേരേയാണ് ജനങ്ങളുടെ ആക്രമണം ഉണ്ടായതെന്നും ഇതുസംബന്ധിച്ച് മൂന്നുപേരെ അറസ്റ്റുചെയ്തതായും ജാർഖണ്ഡ് പൊലീസ് അറിയിച്ചു.

രണ്ടാഴ്ചയ്ക്കിടെ ഇത്തരത്തിൽ രണ്ടാമത്തെ കൊലപാതകസംഭവം അരങ്ങേറിയതോടെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ഇപ്പോഴും ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ വലിയ പ്രചാരം കിട്ടുന്നുണ്ടെന്ന വിലയിരുത്തലോടെ വിദേശമാദ്ധ്യമങ്ങളും സംഭവം റിപ്പോർട്ടുചെയ്തു.

ഝാർഖണ്ഡിലെ സിംദേഗാ ജില്ലാ ആസ്ഥാനത്തു നിന്ന് നൂറോളം കിലോമീറ്റർ അകലെ ഗിർദ ഔട്ട് പോസ്റ്റ് പരിധിയിലുള്ള തെമ്പ്ര ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. ലോറാ സിങ് (70), ഭാര്യ ചോരതി ദേവി (62) എന്നിവരാണ് മരിച്ചത്. ഇവർ ദുർമന്ത്രവാദം നടത്തിയതോടെ ഗ്രാമത്തിൽ പലരും കൊല്ലപ്പെട്ടതായും പലർക്കും അപായം സംഭവിച്ചതായും പ്രചരണമുണ്ടായിരുന്നു.

ഇതോടെയാണ് ജനം വീടാക്രമിച്ച് ഇരുവരേയും തല്ലിക്കൊല്ലുകയും മൃതദേഹം കത്തിക്കുകയും ചെയ്തത്. അക്രമം നടത്തിയവർ ഇവരുടെ വീടും പൂർണമായും അഗ്നിക്കിരയാക്കി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിന് പാതി കത്തിക്കരിഞ്ഞ നിലയിൽ ഇവരുടെ മൃതദേഹമാണ് കാണാൻ കഴിഞ്ഞത്.

അയൽക്കാരിൽ ചിലർ രോഗം വന്നും മറ്റു ചിലർ വാർധക്യസഹജമായ കാരണങ്ങളാലും അടുത്തിടെ മരിച്ചിരുന്നു. ഇതിന് കാരണം ലോറയും ചോരതിയും ചേർന്ന നടത്തിയ ദുർമന്ത്രവാദമാണെന്ന കാരണം പറഞ്ഞാണ് അവരുടെ വീടാക്രമിച്ചതും ഇരുവരേയും കൊലപ്പെടുത്തിയതുമെന്ന് കേസ് അന്വേഷിക്കുന്ന സിംദെഗയിലെ പൊലീസ് ഓഫീസർ അമിത് കുമാർ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ശങ്കർസിങ് എന്നുപേരുള്ള രണ്ടുപേരും വിജയ് സിങ് എന്നൊരാളും അറസ്റ്റിലായി.

ദമ്പതികൾക്ക് പിശാചിന്റെ ബാധയുണ്ടെന്നും ഇരുവരും ചേർന്ന ദുർമന്ത്രവാദം നടത്തി നാട്ടുകാരായ നാലുപേരെ കൊലപ്പെടുത്തിയെന്നും പ്രചരണമുണ്ടായതിന് പിന്നാലെയാണ് ഇവരുടെ വീട് ആക്രമിച്ച ജനക്കൂട്ടം ഇരുവരേയും കൊലപ്പെടുത്തിയത്. സമാനമായ ഒരു സംഭവത്തിൽ രണ്ടാഴ്ചമുമ്പ് പ്രദേശത്ത് മറ്റൊരു കൊലപാതകവും ഉണ്ടായി. തന്റെ നവജാജശിശുവിനെ കൊല്ലാൻ ദുർമന്ത്രവാദം നടത്തിയെന്നാരോപിച്ച് അയൽക്കാരിയായ 60കാരിയെ ഒരാൾ തീവച്ചുകൊല്ലുകയായിരുന്നു.

ഈ സംഭവങ്ങളുടേ പശ്ചാത്തലത്തിൽ രാജ്യത്ത് ആദിവാസി-ഗോത്രവർഗ സമൂഹങ്ങൾക്കിടയിൽ ഇത്തരം ദുർമന്ത്രവാദം പോലെയുള്ള അന്ധവിശ്വാസങ്ങൾ സജീവമായി നിലനിൽക്കുന്നതായാണ് വിദേശമാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. നരബലി ഉൾപ്പെടെ പലയിടത്തും നടക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. 2000 മുതൽ 2012 വരെയുള്ള കാലത്ത് രണ്ടായിരത്തിലേറെ പേർക്ക് ഇത്തരം സംഭവങ്ങളിൽ ജീവഹാനി നേരിട്ടതായി ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയെ ഉദ്ദരിച്ച് റിപ്പോർട്ടുകളിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ കൊല്ലപ്പെട്ടവരിലേറെയും സ്ത്രീകളാണെന്നതും ശ്രദ്ധേയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP