അയൽവാസിയുമായി മകൾക്ക് പ്രണയം; അച്ഛൻ മകളെ ഷോക്കടിപ്പിച്ചും കഴുത്തറത്തും കൊന്നു; ദാരുണ സംഭവം യുപി ഫിറോസബാദിൽ; ഒന്നര മാസത്തിനിടെ യുപിയിൽ ഉണ്ടായ 23ാം ദുരഭിമാന കൊല
November 19, 2019 | 09:55 AM IST | Permalink

മറുനാടൻ ഡെസ്ക്
ഫിറോസാബാദ് (യു.പി.): അയൽവാസിയുമായുള്ള പ്രണയത്തിൽ ക്ഷുഭിതനായ അച്ഛൻ മകളെ ഷോക്കടിപ്പിച്ചും കഴുത്തറത്തും കൊലപ്പെടുത്തി. പൂജയെന്ന ഇരുപത്തിരണ്ടുകാരിയാണ് കൊല്ലപ്പെട്ടത്. കേസിൽ അച്ഛൻ ഹരിവംശ് കുമാറിനെ പൊലീസ് അറസ്റ്റുചെയ്തു. ഉത്തർപ്രദേശിലെ ഫിറോസാബാദിൽ ഞായറാഴ്ച പകലാണ് സംഭവം. പടിഞ്ഞാറൻ യു.പി.യിൽ മാത്രം ഒന്നരമാസത്തിനിടെയുണ്ടായ 23-ാമത്തെ ദുരഭിമാനക്കൊലയാണിത്.
പെൺകുട്ടിയുടെ അമ്മയും നാലുസഹോദരന്മാരും ഗുരുഗ്രാമിലെ ബന്ധുവീട്ടിൽപ്പോയ സമയത്തായിരുന്നു കൊലപാതകം. ഷോക്കേൽപ്പിച്ചശേഷം മരണം സ്ഥിരീകരിക്കാൻ കഴുത്തറക്കുകയായിരുന്നു. ശനിയാഴ്ച രാത്രി അയൽവാസിയായ ഗജേന്ദ്രനുമായി പൂജ സംസാരിച്ചുനിൽക്കുന്നത് കണ്ടതാണ് പെട്ടെന്നുള്ള പ്രകോപനമെന്ന് ഹരിവംശ് കുമാർ പൊലീസിൽ മൊഴിനൽകി.ഗജേന്ദ്രൻ സ്വന്തം ജാതിയിൽപ്പെട്ടയാളായിരുന്നെങ്കിലും ബന്ധത്തിൽ നേരത്തേ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നതായി ഹരിവംശ് കുമാർ പൊലീസിനോടു പറഞ്ഞു.
