Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുഷമാ സ്വരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി മകൾ ബൻസൂരി സ്വരാജ്; കുൽഭൂഷൺ ജാദവ് കേസിൽ ഇന്ത്യയ്ക്ക് വേണ്ടി വാദിച്ച ഹരീഷ് സാൽവെയുടെ പ്രതിഫലമായ ഒരു രൂപ നൽകിയത് ഇന്നലെ; നിന്റെ അവസാന ആഗ്രഹം നമ്മുടെ മകൾ നിറവേറ്റി എന്ന് പറഞ്ഞ് ട്വീറ്റ് ചെയ്ത് സുഷമയുടെ ഭർത്താവും

സുഷമാ സ്വരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി മകൾ ബൻസൂരി സ്വരാജ്; കുൽഭൂഷൺ ജാദവ് കേസിൽ ഇന്ത്യയ്ക്ക് വേണ്ടി വാദിച്ച ഹരീഷ് സാൽവെയുടെ പ്രതിഫലമായ ഒരു രൂപ നൽകിയത് ഇന്നലെ; നിന്റെ അവസാന ആഗ്രഹം നമ്മുടെ മകൾ നിറവേറ്റി എന്ന് പറഞ്ഞ് ട്വീറ്റ് ചെയ്ത് സുഷമയുടെ ഭർത്താവും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായിരുന്ന സുഷമാ സ്വരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി മകൾ ബൻസൂരി സ്വരാജ്. കുൽഭൂഷൺ ജാദവ് കേസിൽ അന്താരാഷ്ട്ര കോടതിയിൽ ഇന്ത്യയ്ക്ക് വേണ്ടി വാദിച്ച ഹരീഷ് സാൽവെയ്ക്ക് സുഷമാ സ്വരാജ് നൽകാമെന്ന് പറഞ്ഞിരുന്ന ഒരു രൂപ പ്രതിഫലം നൽകിയാണ് ഇന്ത്യയുടെ കരുത്തുറ്റ നേതാവിന്റെ അവസാന ആഗ്രഹം ബൻസൂരി പൂർത്തീകരിച്ചത്. 'നിന്റെ അവസാന ആഗ്രഹം നമ്മുടെ മകൾ ഇന്ന് നിറവേറ്റി. കുൽഭൂഷൻ ജാദവ് കേസിൽ ഇന്ത്യയ്ക്കായി ഹാജരായ ഹരീഷ് സാൽവേയ്ക്ക് അവൾ ഇന്ന് ഒരു രൂപ പ്രതിഫലം സമ്മാനിച്ചു' എന്ന് സുഷമാ സ്വരാജിന്റെ ഭർത്താവ് സ്വരാജ് കൗശൽ ട്വിറ്ററിൽ കുറിച്ചു.

ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് സുഷമ സ്വരാജ് ഹരിഷ് സാൽവെയുമായി ഫോണിൽ സംസാരിച്ചിരുന്നു. അപ്പോൾ തന്നെ വന്ന് കാണണമെന്നും നിങ്ങൾ വാദിച്ച് നേടിയ ഒരു രൂപ നൽകാനുണ്ടെന്നുമായിരുന്നു പറഞ്ഞത്. തീർച്ചായായിട്ടും താൻ ആ അമൂല്യ പ്രതിഫലം വാങ്ങാനായി എത്തുമെന്നും പറഞ്ഞിരുന്നു. തുടർന്നാണ് തനിക്ക് തരാനുള്ള ഒരു രൂപയുടെ കടം ബാക്കിയാക്കിയാണ് സുഷമാ സ്വരാജ് യാത്രയായതെന്ന് സുഷമയുടെ വേർപാടിന് ശേഷം ഹരിഷ് സാൽവെ പറഞ്ഞത്. ഇപ്പോൾ അമ്മയുടെ വാക്ക് നിറവേറ്റിയിരിക്കുകയാണ് മകൾ.

കുൽഭൂഷൺ ജാദവ് കേസിൽ നിർണായക ഇടപെടൽ നടത്തിയ വിദേശകാര്യമന്ത്രിയാണ് സുഷമ സ്വരാജ്. പാക്കിസ്ഥാനുമായി ഇക്കാര്യത്തിൽ നിരവധി തവണ സുഷമ ചർച്ചയും നടത്തിയിട്ടുണ്ട്. സുപ്രീം കോടതിയിലെ ഏറ്റവും പ്രശസ്തരായ അഭിഭാഷകരിൽ ഒരാളാണ് ഹരീഷ് സാൽവെ. നെതർലാൻഡ്സിലെ ഹേഗിലുള്ള ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസിൽ ഹരീഷിനെതിരെ പാക്കിസ്ഥാൻ അണിനിരത്തിയത് അവരുടെ തുറുപ്പുചീട്ടായ ഖാവർ ഖുറേഷിയെ ആയിരുന്നു. അച്ഛന്റെ വഴി പിന്തുർന്ന് ഒരു ചാർട്ടേർഡ് അക്കൗണ്ടന്റായി എഴുപതുകളിൽ മുംബൈയിൽ പ്രാക്ടീസ് ചെയ്തിരുന്ന ഹരീഷിന് അഭിഭാഷകന്റെ കുപ്പായമണിയാനുള്ള മോഹം തോന്നുന്നത് അക്കാലത്തെ ടാക്‌സ് ലോയിലെ 'മള്ളൂർ' ആയിരുന്ന അഡ്വ. പാൽഖിവാലയുടെ കോടതി മുറിയിലെ മിന്നുന്ന പ്രകടനങ്ങൾ കണ്ടിട്ടാണ്. അദ്ദേഹത്തിന്റെ ജൂനിയർ ആയിട്ടാണ് 1980-ൽ ഹരീഷും എന്റോൾ ചെയ്ത് പ്രാക്ടീസ് തുടങ്ങുന്നത്.

ഇന്ന് ഇന്ത്യയിൽ കോൺസ്റ്റിട്യൂഷനൽ, ടാക്‌സേഷൻ, കമേഴ്സ്യൽ നിയമങ്ങളിൽ അദ്ദേഹത്തെക്കാൾ അവഗാഹമുള്ള, വാദിക്കാൻ അറിയുന്ന മറ്റൊരു അഭിഭാഷകനില്ല. ഒരൊറ്റ സിറ്റിംഗിന് ആറുമുതൽ പതിനഞ്ചു വരെ ലക്ഷം പ്രതിഫലം വാങ്ങുന്ന സാൽവെ കുൽഭൂഷന്റെ കേസ് വളരെ ശ്രമകരമായിത്തന്നെ ഹേഗിൽ വാദിച്ചത് വെറും ഒരു രൂപ പ്രതിഫലം വാങ്ങിക്കൊണ്ടാണ്. സുഷമാസ്വരാജ് തന്നെയാണ് സാൽവെയുടെ പ്രതിഫല വിവരം ട്വീറ്റിലൂടെ പുറംലോകത്തെ അറിയിച്ചത്. അന്താരാഷ്ട്ര കോടതിയിൽ ഇന്ത്യ നേടിയ വിജയത്തിന്റെ ബഹുമതി സുഷമാ സ്വരാജിനും പ്രധാനമന്ത്രിക്കും അവകാശപ്പെട്ടതാണെന്ന് ഹരീഷ് സാൽവെ പറഞ്ഞു. കേസിൽ എല്ലാ രേഖകളും പരിശോധിച്ച് പല വിലയേറിയ നിർദ്ദേശങ്ങളും സുഷമാ സ്വരാജ് നൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഓാഗസ്റ്റ് 6 നാണ് സുഷമാ സ്വരാജ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മന്ത്രി എന്ന നിലയിൽ എല്ലാ വകുപ്പുകളും ഉന്നത നിലവാരത്തോടെ കൈകാര്യം ചെയ്യാൻ സുഷമാ സ്വരാജിന് സാധിച്ചിരുന്നു. വിവിധ രാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുത്തുന്നതിൽ സുപ്രധാന പങ്കാണ് അവർ വഹിച്ചത്. ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള, പ്രയാസങ്ങൾ അനുഭവിക്കുന്ന ഇന്ത്യക്കാർക്കുവേണ്ടി സുഷമ നടത്തിയ പ്രവവർത്തനങ്ങൾ പ്രശസ്തമാണ്. രാഷ്ട്രീയ വ്യത്യാസമില്ലാതെ അവർ അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്തു. ഒരേസമയം മികച്ച പ്രഭാഷകയും കഴിവുറ്റ പാർലമെന്റേറിയനുമായിരുന്നു സുഷമ സ്വരാജ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP