Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡൽഹിയിൽ ക്രിസ്ത്യൻ പള്ളികൾക്കു സംരക്ഷണം ഉറപ്പാക്കുമെന്നു രാജ്‌നാഥ് സിങ്; ആക്രമണത്തിൽ പ്രതിഷേധിച്ചു പ്രകടനം നടത്തിയവർക്കെതിരായ പൊലീസ് നടപടി വിവാദത്തിൽ

ഡൽഹിയിൽ ക്രിസ്ത്യൻ പള്ളികൾക്കു സംരക്ഷണം ഉറപ്പാക്കുമെന്നു രാജ്‌നാഥ് സിങ്; ആക്രമണത്തിൽ പ്രതിഷേധിച്ചു പ്രകടനം നടത്തിയവർക്കെതിരായ പൊലീസ് നടപടി വിവാദത്തിൽ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തു തുടർച്ചയായി ക്രിസ്ത്യൻ പള്ളികൾക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങൾ തടയാൻ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ക്രിസ്ത്യൻ പള്ളികൾക്ക് സംരക്ഷണം ഉറപ്പാക്കും. മതം, നിറം, ഭാഷ എന്നിവയുടെ പേരിലുള്ള വിവേചനങ്ങൾ വച്ചുപൊറുപ്പിക്കില്ല.

പള്ളികൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ ആവശ്യമെങ്കിൽ ജുഡീഷ്യൽ അന്വേഷണം നടത്തും. പൊലീസ് അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഡൽഹി അതിരൂപതാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഉറപ്പ് നൽകിയത്.

അതിനിടെ, ക്രിസ്ത്യൻ പള്ളികൾക്കുനേരെ നടന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച പുരോഹിതരും കന്യാസ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ അടിച്ചമർത്താൻ പൊലീസ് ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. ഡൽഹി സേക്രഡ് ഹാർട്ട് കത്തീഡ്രലിന് മുന്നിൽ പ്രതിഷേധിച്ചവരെയാണ് പൊലീസ് തെരുവിൽ വലിച്ചിഴച്ചത്. റോഡിൽ കുത്തിയിരുന്ന പ്രതിഷേധിച്ച പ്രായമായ സ്ത്രീയെ പൊലീസ് തൂക്കിയെടുത്ത് പൊലീസ് വാഹനത്തിലേക്ക് തള്ളിയിട്ടു.

പള്ളികൾക്കുനേരെ നടക്കുന്ന അതിക്രമത്തിൽ പ്രതിഷേധിച്ച് നൂറുകണക്കിനാളുകളാണ് ആഭ്യന്തര മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയത്. മാർച്ചിന് അനുമതി നൽകിയിരുന്നില്ലെന്ന വാദമുയർത്തിയായിരുന്നു പൊലീസ് അതിക്രമം. പ്രതിഷേധ മാർച്ച് അടിച്ചമർത്തിയ പൊലീസ് നടപടി കിരാതമാണെന്ന് ഡൽഹി അതിരൂപത വക്താവ് ഫാ. ഡൊമനിക് ഇമ്മാനുവേൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവരെയും കുറിച്ച് സംസാരിക്കുന്നു. എന്നാൽ, ക്രൈസ്തവ ദേവാലയങ്ങൾക്കുനേരെ നടക്കുന്ന ആക്രമണങ്ങളെ കുറിച്ചുമാത്രം ഒന്നും പ്രതിരിക്കുന്നില്ല. ഇപ്പോൾ പ്രതിഷേധിച്ച തങ്ങളെയും തെരുവിലൂടെ വലിച്ചിഴക്കുന്നു. ഇത്അനീതിയാണെന്ന് ഫാ. ഡൊമനിക് ഇമ്മാനുവേൽ ചൂണ്ടിക്കാട്ടി.

വസന്ത് കുഞ്ച് അൽഫോൻസാ ദേവാലയത്തിന് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായത്. അക്രമികൾ സക്രാരിയിൽ നിന്ന് തിരുവോസ്തികൾ എടുത്തുകൊണ്ട് പോയിരുന്നു. ദേവാലയത്തിന്റെ മുൻ വാതിൽ തകർത്തു. അൾത്താരയിൽ വിശുദ്ധ കുർബാന സ്ഥാപിച്ചിരിക്കുന്ന സക്രാരി കുത്തി തുറന്ന് തിരുവോസ്തികൾ പുറത്തിട്ടു. ഡിസംബർ ഒന്നിന് ദിൽഷാദ് ഗാർഡൻ പള്ളി കത്തിച്ചതുൾപ്പെടെ അഞ്ചു തവണയാണ് ഡൽഹിയിൽ ക്രൈസ്തവ ദേവാലയങ്ങൾക്കു നേരെ ആക്രമണമുണ്ടാകുന്നത്. ഇതിൽ ചില സംഭവങ്ങളിൽമാത്രമാണ് സംശയിക്കുന്നവരെന്ന് പറഞ്ഞ് ചിലരെ അറസ്റ്റ് ചെയ്തത്. സാമുഹിക വിരുദ്ധരാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, തുടർച്ചയായി നടക്കുന്ന ആക്രമണത്തിന് പിന്നിൽ ആസൂത്രിത നീക്കമുണ്ടോ എന്നത് ഗൗരവമായി അന്വേഷിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഡൽഹിയിലെ ക്രമസമാധാന പാലനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP