Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡൽഹി കത്തുമ്പോൾ സ്‌നേഹത്തിന്റെ മതിൽക്കെട്ട് തീർത്ത് ചാന്ദ്ബാഗിലെ രണ്ടാം നമ്പർ തെരുവ്; കൊലവിളിയുമായി ഇരുവിഭാഗങ്ങളും തെരുവ് കീഴടക്കിയപ്പോൾ മതവ്യത്യാസമില്ലാതെ ഹിന്ദുക്കളും മുസ്ലിംകളും ദുർഗാക്ഷേത്രത്തിന് കാവൽ നിന്നത് രണ്ട് ദിവസം

ഡൽഹി കത്തുമ്പോൾ സ്‌നേഹത്തിന്റെ മതിൽക്കെട്ട് തീർത്ത് ചാന്ദ്ബാഗിലെ രണ്ടാം നമ്പർ തെരുവ്; കൊലവിളിയുമായി ഇരുവിഭാഗങ്ങളും തെരുവ് കീഴടക്കിയപ്പോൾ മതവ്യത്യാസമില്ലാതെ ഹിന്ദുക്കളും മുസ്ലിംകളും ദുർഗാക്ഷേത്രത്തിന് കാവൽ നിന്നത് രണ്ട് ദിവസം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: വളരെ പെട്ടെന്നാണ് ഹിന്ദുക്കളും മുസ്ലിംകളും വർഗീയമായി ചേരി തിരിഞ്ഞ് ഡൽഹി കത്തിച്ചത്. കലാപകാരികൾഡ തെരുവ് കീഴടക്കി മതം ചോദിച്ച് ജനങ്ങളെ പച്ചയ്ക്ക് കത്തിച്ചപ്പോൾ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മതിൽക്കെട്ട് തീർത്തിരിക്കുകയാണ് ചാന്ദ്ബാഗിലെ രണ്ടാം നമ്പർ തെരുവിലെ ജനങ്ങൾ. ഇവിടെ ഹിന്ദുവെന്നോ മുസ്ലീമെന്നോ ക്രിസ്ത്യനെന്നോ വേർതിരിവില്ല. എല്ലാവരും വളരെ സ്‌നേഹത്തോടെയാണ് കഴിയുന്നത്.

അതുകൊണ്ട് തന്നെ മീറ്ററുകൾക്കപ്പുറം കൊലവിളിച്ച് ഇരുവിഭാഗവും ഏറ്റുമുട്ടുമ്പോൾ രണ്ടുദിവസം രാപകൽ ഇവിടെയുള്ളവർ മതവ്യത്യാസമില്ലാതെ ദുർഗാക്ഷേത്രത്തിനു കാവൽനിൽക്കുകയായിരുന്നു. കലാപം പൊട്ടിപ്പുറപ്പെട്ട പ്രധാനറോഡിന്റെ തുടക്കത്തിലാണ് ഈ ഗലി. ഇവിടെ സി ബ്ലോക്കിലാണ് ദുർഗാക്ഷേത്രം. ഹിന്ദു-ഇസ്ലാം വിഭാഗങ്ങളിലെയും ഇരുനൂറോളം കുടുംബങ്ങളാണ് തെരുവിലെ താമസക്കാർ. കലാപകാരികളിൽ ചിലർ ഈ തെരുവിലേക്കും കടക്കാൻ ശ്രമിച്ചു. കവാടമടച്ച് എല്ലാവരും ക്ഷേത്രത്തിനു കാവൽ നിന്നു. ഇതുവരെയും ഒന്നിച്ചു ജീവിച്ചവർ മതത്തിന്റെപേരിൽ തമ്മിലടിച്ചു പിരിയരുതെന്ന ദൃഢനിശ്ചയത്തിലാണ് രണ്ടുദിവസവും അവർ കൈകോർത്തുനിന്നത്.

40 വർഷത്തോളമായി ക്ഷേത്രമിവിടെയുണ്ടെന്ന് നാട്ടുകാരനായ വികാസ് പറഞ്ഞു. തൊട്ടപ്പുറത്തു നടന്ന സംഘർഷങ്ങൾ ഇവിടത്തെ സമാധാനജീവിതം തകർക്കാതിരിക്കാൻ ഒന്നിച്ചുനിന്നെന്ന് താമസക്കാരനായ മുഹമ്മദ് മൂസ ഖാനും പറഞ്ഞു. മതഭേദമില്ലാതെ സ്‌നേഹത്തോടെ ജീവിക്കുന്നവരാണ് ഈ തെരുവിലുള്ളവരെന്ന് ക്ഷേത്രത്തിന്റെ പൂജാരി പണ്ഡിറ്റ് ഓംപ്രകാശ് സാക്ഷ്യപ്പെടുത്തി. തെരുവിന്റെ പുറത്തുതന്നെ മസ്ജിദുമുണ്ട്. അക്രമികൾ അതും ലക്ഷ്യമിട്ടെങ്കിലും ഒന്നും സംഭവിച്ചില്ല. ഒന്നാം നമ്പർ ഗലിയിലും കുഴപ്പങ്ങളുണ്ടായില്ല. അഥവ ഇവർ ഒറ്റക്കെട്ടായി നിന്ന് കുഴപ്പമുണ്ടാക്കാൻ സമ്മതിച്ചില്ല.

രണ്ടുദിവസമായി അർധസൈനികരുടെ കനത്ത കാവലിലാണിവിടം. ഇരുവശവുമുള്ള തെരുവുകളിൽനിന്ന് കൂട്ടംകൂടി പുറത്തിറങ്ങാൻ ആരെയും അനുവദിക്കാതെ ഓരോ ഗേറ്റിനുമുന്നിലും കാവൽനിൽക്കുകയാണ് അർധസൈനികർ. ഇങ്ങനെയൊരു യുദ്ധഭൂമിയിൽ സ്‌നേഹത്തുരുത്തായി തിളങ്ങിനിൽക്കുകയാണ് രണ്ടാം നമ്പർ ഗലി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP