Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കശ്മീരിലെ മിടുക്ക് എന്തുകൊണ്ടാണ് ഡൽഹിയിൽ കാട്ടാത്തതെന്ന് 'പഴയ ചങ്ങാതി'; ബീജെപി നേതാക്കൾക്ക് കൂടുതൽ വഴങ്ങുക ഭീഷണിയുടെ ഭാഷയെന്ന് ശിവസേന; 1984ലെ സിഖ് വിരുദ്ധ കലാപത്തിന്റെ ഭീകരതയെ ഓർമ്മിപ്പിക്കുന്ന ലഹളയെന്നും സാമ്‌നയിലെ ലേഖനം

കശ്മീരിലെ മിടുക്ക് എന്തുകൊണ്ടാണ് ഡൽഹിയിൽ കാട്ടാത്തതെന്ന് 'പഴയ ചങ്ങാതി'; ബീജെപി നേതാക്കൾക്ക് കൂടുതൽ വഴങ്ങുക ഭീഷണിയുടെ ഭാഷയെന്ന് ശിവസേന; 1984ലെ സിഖ് വിരുദ്ധ കലാപത്തിന്റെ ഭീകരതയെ ഓർമ്മിപ്പിക്കുന്ന ലഹളയെന്നും സാമ്‌നയിലെ ലേഖനം

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഡൽഹി കലാപത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് ശിവസേന. രാജ്യതലസ്ഥാനത്ത് സമാധാനം നിലനിർത്തുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടു എന്ന് സാമ്‌നയിലെ ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. ഡൽഹിയിൽ ഇപ്പോൾ അരങ്ങേറുന്ന കലാപം അധികാരികൾ പരിഹരിക്കേണ്ടത് അനിവാര്യമാണ്, എന്നാൽ ഭീഷണിയുടെ ഭാഷയും താക്കീതുകളുമാണ് ഭരണത്തിൽ തുടരുന്ന ബിജെപിയുടെ നേതാക്കൾക്ക് കൂടുതൽ വഴങ്ങുകയെന്നും ശിവസേന കൂട്ടിച്ചേർത്തു. കാശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തപ്പോൾ ഉണ്ടായ കലാപങ്ങൾ കൈകാര്യം ചെയ്തപ്പോൾ കാണിച്ച മിടുക്ക് എന്തുകൊണ്ട് പൗരത്വ ഭേദഗദിക്കെതിരായ സമരത്തിൽ സർക്കാർ കാണിക്കുന്നില്ലെന്നും സേന ചോദിക്കുന്നു.

ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട കലാപം 1984 ൽ നടന്ന സിഖ് വിരുദ്ധ കലാപത്തിന്റെ ഭീകരതയും രക്തച്ചൊരിച്ചിലും ഓർമ്മിപ്പിക്കുന്നുവെന്ന് ശിവസേന ചൂണ്ടിക്കാട്ടുന്നു. സമാധാനത്തിന്റെ സന്ദേശവുമായി യു.എസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയിലുള്ളപ്പോൾ രാജ്യതലസ്ഥാനത്ത് നടന്ന ചോരക്കളി അപലപനീയമെന്നും ശിവസേന വ്യക്തമാക്കി. ട്രംപിന്റെ സന്ദർശനവേളയിൽ തന്നെ ഡൽഹിയിലെ തെരുവുകൾ പുകഞ്ഞത് ഇന്ത്യയുടെ പ്രതിഛായയെ തന്നെ ബാധിച്ചു. കേന്ദ്രസർക്കാർ ക്രമസമാധാനം നിലനിർത്തുന്നതിൽ പരാജയപ്പെട്ടു എന്ന സന്ദശമാണ് ഈ സാഹചര്യത്തിൽ മനസിലാക്കാൻ കഴിയുന്നതെന്നും ശിവസേന കുറ്റപ്പെടുത്തുന്നു.

തെരുവുകളിൽ കലാപകാരികൾ ദണ്ഡയും കത്തിയും വാളും കൈത്തോക്കുകളുമായി നിന്നതും റോഡുകളിൽ തളം കെട്ടിയ ചോരയും 1984 ൽ സിഖ് ജനതയെ വേട്ടയാടിയ ഭീകരചിത്രത്തിന്റെ പകർപ്പാണ്. ഇന്ദിരാഗാന്ധി വധത്തെതുടർന്നുണ്ടായ കലാപത്തിൽ നൂറുകണക്കിന് സിഖുകാർക്കാണ് പ്രാണൻ നഷ്ടമായത്. 1984 സിഖ് വിരുദ്ധ കലാപത്തിന്റെ പേരിൽ ഇപ്പോഴും ബിജെപി കോൺഗ്രസിനെതിരെ വാളെടുക്കാറുണ്ട് എന്നും ശിവസേന ഓർമ്മിപ്പിക്കുന്നു.

സൗഹൃദത്തിന്റെയും സമധാനത്തിന്റെയും പ്രതിപുരുഷനായാണ് ട്രംപ് ഇന്ത്യയിൽ എത്തിയത് എന്നാൽ അദ്ദേഹത്തെ വരവേറ്റത് രക്തരൂക്ഷിതമായ തെരുവുകളും തലസ്ഥാനസഗരിയുടെ അലമുറയും കണ്ണീർവാതകങ്ങളുമാണ്. 'നമസ്‌തേ ട്രംപ്' അഹമ്മദാബാദിലും 'കലാപം' ഡൽഹിയിലുമായിരുന്നു നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ട്രംപും കുടിക്കാഴ്ച നടത്തിയ സമയം തന്നെ ഡൽഹി കത്തിയത് ട്രംപിന് ഭീകരമായൊരു സ്വീകരണം കൊടുത്തതിനു സമമാണെന്ന് ശിവസേന കുറ്റപ്പെടുത്തി. 24 നാണ് ട്രംപ് ഇന്ത്യാസന്ദർശനത്തിനെത്തിയത്, കലാപത്തിൽ 22 പേർക്ക് ജീവൻ നഷ്ടമായി നൂറോളം പേർക്ക് പരിക്കേറ്റു.

ഷഹീൻ ബാഗ് സമരത്തിൽ പങ്കെടുക്കുന്നവരെ അനുനയിപ്പിക്കാൻ സുപ്രീംകോടതി നിയോഗിച്ച മദ്ധ്യസ്ഥരും പരാജയപ്പെട്ടിരുന്നു. ബിജെപി നേതാക്കളുടെ പ്രകോപനപരമായ ആഹ്വാനങ്ങൾ ജനങ്ങൾക്കിടയിൽ വിപരീതമായൊരു ഫലമാണ് ബിജെപിക്ക് നൽകുകയെന്നും അതിന്റെ ഭവിഷ്യത്താണ് മഹാരാഷ്ട്രയിൽ ശിവസേനയും, എൻ.സി.പിയും, കോൺഗ്രസും ചേർന്ന് നൽകിയതെന്നും ശിവസേന വ്യക്തമാക്കി.

അതേസമയം, ഡൽഹിയിൽ 1984 ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് ഡൽഹി ഹൈക്കോടതിയും വ്യക്തമാക്കി. കലാപത്തിൽ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചിട്ടുണ്ട്. അഡ്വ. സുബൈദ ബീഗത്തിനെയാണ് കോടതി അമിക്കസ് ക്യൂറിയായി നിയോഗിച്ചത്. കലാപത്തിനിരയായവരും സർക്കാരും തമ്മിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടിയാണ് അമിക്കസ് ക്യൂറിയെ നിയോഗിച്ചിരിക്കുന്നത്. വേണമെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ വിട്ടുനൽകാൻ ഡൽഹി പ്രിൻസിപ്പൽ സെക്രട്ടറിയോട് അമിക്കസ് ക്യൂറിക്ക് ആവശ്യപ്പെടാം. കലാപത്തിന്റെ ഇരകൾക്ക് ഏത് സമയത്തും അമിക്കസ് ക്യൂറിക്ക് മുന്നിൽ പരാതി പറയാൻ അവകാശമുണ്ടായിരിക്കും.

കലാപത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് ഷെൽട്ടർ ഹോമുകൾ തയ്യാറാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇത്തരം കേന്ദ്രങ്ങളിൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിരിക്കണമെന്നും കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന് ആവശ്യമായ സുരക്ഷയൊരുക്കണമെന്നും നിർദ്ദേശമുണ്ട്. അടുത്ത രണ്ടാഴ്ചത്തേക്ക് എല്ലാ ജില്ലകളിലും രാത്രികാലങ്ങളിൽ സബ്ഡിവിഷണൽ മജിസ്ട്രേറ്റുമാരെ നിയമിക്കാൻ ജില്ലാ ജഡ്ജിമാരോട് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP