Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വീടുകളും പാലങ്ങളും തകർന്നു; വാഹനങ്ങൾ വെള്ളത്തിനടിയിൽ; മിക്ക റോഡുകളും അടച്ചു; വിമാനത്താവളത്തിൽ വെള്ളം കുത്തി ഒഴുകുന്നു; വൈദ്യുതിയും നിലച്ചു; ഇരുന്നൂറോളം മരണം; 15,000 കോടിയുടെ നാശനഷ്ടം: മഹാപ്രളയത്തിൽ പകച്ച് രാജ്യം

വീടുകളും പാലങ്ങളും തകർന്നു; വാഹനങ്ങൾ വെള്ളത്തിനടിയിൽ; മിക്ക റോഡുകളും അടച്ചു; വിമാനത്താവളത്തിൽ വെള്ളം കുത്തി ഒഴുകുന്നു; വൈദ്യുതിയും നിലച്ചു; ഇരുന്നൂറോളം മരണം; 15,000 കോടിയുടെ നാശനഷ്ടം: മഹാപ്രളയത്തിൽ പകച്ച് രാജ്യം

ചെന്നൈ: നൂറ് വർഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ പേമാരിയെ എങ്ങനെ നേരിടണമെന്ന് അറിയാതെ തമിഴ്‌നാട്. ചെന്നൈ നഗത്തിലുണ്ടായ പ്രളയത്തിൽ കേന്ദ്ര സർക്കാരും പ്രതിസന്ധിയിലായി. നൂറ്റാണ്ടിലെ ഏറ്റവും ശക്തമെന്നു വിശേഷിപ്പിക്കപ്പെട്ട പേമാരിയെത്തുടർന്ന് ചെന്നൈ നഗരം പ്രളയത്തിൽ മുങ്ങി. ജനജീവിതം പൂർണമായി സ്തംഭിച്ചു. രണ്ടാഴ്ചയായി തുടരുന്ന മഴയിൽ മരണം 197 ആയി. ഒരാഴ്ച കൂടി മഴ തുടരുമെന്നാണ് സൂചന. ഇതോടെ തമിഴ്‌നാടിന്റെ തീര പ്രദേശങ്ങളെല്ലാം ഭീതിയിലാണ്. എല്ലാ നദികളും കരവിഞ്ഞ് ഒഴുകുകയാണ്. അതിനിടെ ചെന്നൈ വിമാനത്താവളം നാലു ദിവസത്തേക്ക് അടച്ചിടാൻ തീരുമാനിച്ചു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, കടലൂർ ജില്ലകളിൽ ഇനിയൊരറിയിപ്പുണ്ടാവുന്നതുവരെ അവധി പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിലൂടെയുള്ള ട്രെയിനുകൾ മിക്കതും റദ്ദാക്കി. ചെന്നൈയിൽ റെയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.

അതിനിടെ, ചെന്നൈയിലെ പ്രളയത്തിന് കാലാവസ്ഥാവ്യതിയാനവുമായി ബന്ധമില്ലെന്ന് കേന്ദ്ര പരിസ്ഥിതിമന്ത്രി പ്രകാശ് ജാവ്‌ദേക്കർ പറഞ്ഞു. ഇത് പ്രകൃതിദുരന്തം മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി. ഏപ്രിലിൽ കൊടുംവരൾച്ചയെത്തുടർന്ന് കനത്ത വിളനാശമുണ്ടായ അഞ്ച് സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. അന്ന് ചെന്നൈ തീരത്ത് രൂപംകൊണ്ട ഉഷ്ണവാതമാണ് വരൾച്ചയ്ക്കിടയാക്കിയത്. ജൂലായ് മുതൽ സപ്തംബർവരെ നീണ്ടുനിൽക്കുന്ന തെക്കുപടിഞ്ഞാറൻ കാലവർഷം തമിഴ്‌നാട്ടിൽ ദുർബലമായിരുന്നു.

ചൊവ്വാഴ്ച രാവിലെ 8.30 മുതൽ ബുധനാഴ്ച രാവിലെ 8.30 വരെ പെയ്തത് കനത്ത മഴയാണ് കെടുതി രൂക്ഷമാക്കിയത്. താംബരത്ത് 49 സെന്റിമീറ്ററും ചെമ്പരമ്പാക്കത്ത് 47 സെന്റിമീറ്ററും മഴ പെയ്തു. നൂറുവർഷത്തിനിടെ ചെന്നൈയിൽ ഒറ്റദിവസം പെയ്ത ഏറ്റവും വലിയ മഴയാണിത്. മഴയിൽ ദുരിതത്തിലായി ആയിരക്കണക്കിനാളുകളെ മാറ്റിപ്പാർപ്പിച്ചു. അപകടസാധ്യത കണക്കിലെടുത്ത് മിക്കയിടത്തും വൈദ്യുതിബന്ധം വിച്ഛേദിച്ചു. മൊബൈൽ ഫോണുകൾ പ്രവർത്തനരഹിതമായി. സഹായം തേടി ആയിരക്കണക്കിന് വിളികൾ പ്രവഹിക്കുന്നതിനാൽ ഹെൽപ്പ് ലൈനുകളിൽ പലതും പ്രതിസന്ധിയിലാണ്. ബുധനാഴ്ചയും മഴയ്ക്ക് ശമനമുണ്ടായില്ല. ഒരാഴ്ചകൂടി ചെന്നൈയിലും തമിഴ്‌നാടിന്റെ മറ്റു ഭാഗങ്ങളിലും കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം മാറ്റമില്ലാതെ തുടരുന്നതിനാൽ അടുത്ത 24 മണിക്കൂർ നിർണായകമാണെന്നും അവർ വ്യക്തമാക്കി. രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാണെന്ന് മുഖ്യമന്ത്രി ജയലളിത അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

ചെന്നൈ വിമാനത്താവളത്തിന്റെ റൺവേയിൽ വെള്ളംകയറി. വിമാനത്താവളം ഞായറാഴ്ചവരെ അടച്ചു. വിമാനത്താവളത്തിലേക്കുള്ള സെയ്ദാപേട്ട് പാലവും അടച്ചു. മിക്കവാറും ഭാഗങ്ങളിൽ കെട്ടിടങ്ങളുടെ താഴത്തെ നിലകൾ വെള്ളത്തിലാണ്. അഡയാർ, കൂവം നദികൾ കരകവിഞ്ഞൊഴുകുന്നതിനാൽ ചെന്നൈയുടെ പ്രധാന കേന്ദ്രമായ മൗണ്ട് റോഡിൽ ഗതാഗതതടസ്സമുണ്ട്. രക്ഷാപ്രവർത്തനത്തിന് കരസേനയുടെ രണ്ടും ദേശീയ ദുരന്തനിവാരണസേനയുടെ എട്ടും ബറ്റാലിയനുകളിറങ്ങി. നാവികസേനയുടെ യുദ്ധക്കപ്പൽ 'ഐ.എൻ.എസ്. ഐരാവത്' വിശാഖപട്ടണത്തുനിന്ന് വ്യാഴാഴ്ച രാവിലെയെത്തും. ചെന്നൈ വിമാനത്താവളം അടച്ചിട്ട പശ്ചാത്തലത്തിൽ ആരക്കോണത്തെ രാജാലി നേവൽ എയർ സ്‌റ്റേഷൻ താൽക്കാലിക വിമാനത്താവളമായി പ്രവർത്തനം തുടങ്ങി. ബുധനാഴ്ച വൈകിട്ട് ഹൈദരാബാദിൽ നിന്നെത്തിയ എയർ ഇന്ത്യ എയർ ബസ് 320 ഇവിടെ പരീക്ഷണാർത്ഥം ഇറങ്ങി. ചൊവ്വാഴ്ച വൈകുന്നേരം മുതൽ ചെന്നൈ വിമാനത്താവളം ഒറ്റപ്പെട്ട നിലയിലാണ്. 700 യാത്രക്കാർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. അഡയാർ നദി കരകവിഞ്ഞൊഴുകുന്നതാണ് വിമാനത്താവളവും അങ്ങോട്ടുള്ള റോഡുകളും വെള്ളത്തിനടിയിലാകാൻ കാരണം.

നഗരത്തിൽനിന്നു പ്രസിദ്ധീകരിക്കുന്ന മിക്കവാറും പത്രങ്ങൾ ബുധനാഴ്ച പുറത്തിറങ്ങിയില്ല. ചിലത് പത്രങ്ങൾ അച്ചടിച്ചെങ്കിലും വിതരണം ചെയ്യാനായില്ല. 1878 മുതൽ ചെന്നൈയിൽനിന്നു പ്രസിദ്ധീകരിക്കുന്ന ഹിന്ദു പത്രവും ചരിത്രത്തിലാദ്യമായി ബുധനാഴ്ച ഇറങ്ങിയില്ല. നഗരത്തിൽ പലയിടത്തും കുടിവെള്ളംപോലും കിട്ടാനില്ലാത്ത അവസ്ഥയാണ്. മഴ തുടരുന്നത് പകർച്ചവ്യാധി ഭീഷണിയും ഉയർത്തുന്നുണ്ട്. ഫ്‌ലറ്റുകളിലുംമറ്റും മഴവെള്ളം ശേഖരിച്ച് തിളപ്പിച്ചാണ് ആളുകൾ കുടിക്കുന്നത്. ബസ്സുകൾ വെള്ളക്കെട്ടിൽ കുടുങ്ങിയതോടെ യാത്രക്കാരിൽ ചിലർക്ക് രാത്രിമുഴുവൻ ബസ്സിൽ കഴിയേണ്ടിവന്നു. സാധാരണഗതിയിൽ കാലവർഷം കനക്കുമ്പോൾ ചെന്നൈയുടെ പ്രാന്തപ്രദേശങ്ങളാണ് വെള്ളത്തിനടിയിലാവുന്നതെങ്കിൽ ഇക്കുറി നഗരം മൊത്തം വെള്ളത്തിലാണ്. പ്രധാനപ്പെട്ട ജലസംഭരണികളും തടാകങ്ങളുമെല്ലാം നിറഞ്ഞുകവിഞ്ഞതിനാൽ വെള്ളമത്രയും ജനവാസസ്ഥലങ്ങളിലേക്കെത്തുന്നതാണ് പ്രളയത്തിനു കാരണം.

താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിലാണ്. റോഡുകളും വീടുകളും മുങ്ങി. പല റോഡുകളിലും വെള്ളം അരയോളമുണ്ട്. പ്രളയത്തിൽ ഒറ്റപ്പെട്ടു ചെറുദ്വീപുകളായി മാറിയ പ്രദേശങ്ങളിൽനിന്നു ജനങ്ങളെ ബോട്ടുകളിൽ സുരക്ഷിതസ്ഥാനങ്ങളിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. മൊബൈൽ ഫോൺ നെറ്റ്‌വർക്കുകൾ തടസ്സപ്പെട്ടതോടെ സ്ഥിതി രൂക്ഷമായി. പതിനാലായിരം കോടി രൂപയുടെ നഷ്ടമാണ് ഇത് മൂലമുണ്ടായത്. ജനങ്ങളെല്ലാം ഉയർന്ന കെട്ടിടങ്ങളിലാണ് നിലയുറപ്പിച്ചിട്ടുണ്ട്. ഇവർക്ക് ഭക്ഷണം എത്തിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. മഴ ഇനിയും തുടർന്നാൽ എന്തു ചെയ്യുമെന്നാണ് അധികൃതരുടെ ആശങ്ക. നഗരത്തിനടുത്തുള്ള കാഞ്ചീപുരം ജില്ലയിലെ ചെമ്പരമ്പാക്കം ജലസംഭരണിയിൽനിന്നു സെക്കൻഡിൽ 36,000 ഘനയടി വെള്ളമാണു തുറന്നുവിടുന്നത്. ഇതുമൂലം ചെന്നൈയിലൂടെ ഒഴുകുന്ന അഡയാർ നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. നദീതീരത്തോടു ചേർന്നുള്ള വീടുകളുടെ ഒന്നാം നിലയിലേക്കുപോലും വെള്ളമെത്തി.

സെയ്ദാപേട്ട് മറൈമലൈ നഗർ അഡിഗളർ -– വ്യോമ - നാവിക സേനകളും ദേശീയ ദുരന്തനിവാരണ സേനയും രംഗത്തുണ്ട്. 15 സംഘങ്ങളിലായി 600 ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളെയാണു വിന്യസിച്ചിട്ടുള്ളത്. ഏഴു സംഘങ്ങൾകൂടി ഇന്നെത്തും. ദുരിതമേഖലകളിൽ ഹെലികോപ്റ്ററിൽ ഭക്ഷണവും ശുദ്ധജലവും സൈന്യം വിതരണം ചെയ്യുന്നു. ചെന്നൈയിൽനിന്ന് കേരളത്തിലേക്കുള്ള ഭൂരിഭാഗം തീവണ്ടികളും റദ്ദാക്കി. ചെന്നൈആലപ്പുഴ എക്സ്‌പ്രസ്, ചെന്നൈതിരുവനന്തപുരം മെയിൽ, ചൈന്നെതിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ്, ചെന്നൈമംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ്, ചെന്നൈകൊല്ലം എക്സ്‌പ്രസ്, ആലപ്പുഴധൻബാദ് എക്സ്‌പ്രസ്, തിരുവനന്തപുരം ഗോരഖ്പുർ എക്സ്‌പ്രസ്, ബറൗണിഎറണാകുളം എക്സ്‌പ്രസ് എന്നീ വണ്ടികളാണ് റദ്ദാക്കിയത്.

കൺട്രോൾറൂം തുറന്നു

സൈന്യത്തിന്റെ ഹെൽപ്‌ലൈൻ നമ്പറുകൾ: 04427237107/ 04425394240/ 9840295100
നോർക്ക ഹെൽപ്പ്‌ലൈൻ ഡസ്‌ക്: 18004253939 (ടോൾഫ്രീ), 0471 2770522.

തമിഴ്‌നാട്ടിൽ കുടുങ്ങിയ കേരളീയരുടെ വിവരങ്ങൾ അറിയാൻ പ്രത്യേക കൺട്രോൾ റൂം തുറന്നതായി മുഖ്യമന്ത്രി അറിയിച്ചു.

നോർക്ക ഹെൽപ്പ്‌ലൈൻ ഡസ്‌ക്:
18004253939 (ടോൾഫ്രീ), 0471 2770522.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP