Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സച്ചിൻ സമ്മാനിച്ച ബി.എം.ഡബ്ല്യു കാർ ദിപ കർമാക്കർ തിരികെ നൽകുന്നു; കാറിന്റെ പരിപാലനചെലവ് താങ്ങാനാകാത്തത്; അഗർത്തലയിൽ ബി.എം.ഡബ്ല്യുവിന് സർവ്വീസ് സെന്ററുകളുമില്ല; പൊട്ടിപ്പൊളിഞ്ഞ ഇവിടുത്തെ റോഡുകളിൽ വാഹനങ്ങൾ വേഗം തകരാറിലാകുമെന്നതും തിരികെ നൽകാൻ കാരണമായി

സച്ചിൻ സമ്മാനിച്ച ബി.എം.ഡബ്ല്യു കാർ ദിപ കർമാക്കർ തിരികെ നൽകുന്നു; കാറിന്റെ പരിപാലനചെലവ് താങ്ങാനാകാത്തത്; അഗർത്തലയിൽ ബി.എം.ഡബ്ല്യുവിന് സർവ്വീസ് സെന്ററുകളുമില്ല; പൊട്ടിപ്പൊളിഞ്ഞ ഇവിടുത്തെ റോഡുകളിൽ വാഹനങ്ങൾ വേഗം തകരാറിലാകുമെന്നതും തിരികെ നൽകാൻ കാരണമായി

അഗർത്തല:റിയോ ഒളിമ്പിക്‌സിൽ മികച്ച പ്രകടനം കാഴ്ച വച്ചതിന് ലഭിച്ച സമ്മാനമായ ബിഎംഡബ്ല്യു കാർ ജിംനാസ്റ്റിക്‌സ് താരം ദിപ കർമാക്കർ തിരികെ നൽകുന്നു.രാജ്യത്തിന്റെ അഭിമാനം ഉയർത്തിയ പ്രകടനം കാഴ്ചവച്ചതിന് ഹൈദരാബാദ് ബാഡ്മിന്റൺ അസോസിയേഷൻ പ്രസിഡന്റ് ചാമുണ്ഡേശ്വരനാഥ് സമ്മാനിച്ച ബിഎംഡബ്ല്യൂ കാറാണ് ജിംനാസ്റ്റിക്‌സ് താരം ദിപ കർമാകർ മടക്കിനൽകിയേക്കുമെന്ന റിപ്പോർട്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൺഡുൽക്കറാണ് സമ്മാനം കൈമാറിയത്.കോടികൾ വിലമതിക്കുന്ന ഈ ആഡംബര കാറിന്റെ പരിപാലന ചെലവ് താങ്ങാനാവാത്തതാണ് കാർ മടക്കി നൽകാൻ ദിപയേയും കുടുംബത്തേയും പ്രേരിപ്പിക്കുന്നതെന്നാണ് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട് ചെയ്യുന്നത്.

വനിതകളുടെ ബാഡ്മിന്റൻ സിംഗിൾസിൽ വെള്ളി മെഡൽ നേടിയ പി.വി സിന്ധു, വനിതാവിഭാഗം ഗുസ്തിയിൽ വെങ്കലം നേടിയ സാക്ഷി മാലിക്ക്, ജിംനാസ്റ്റിക്‌സിൽ നാലാം സ്ഥാനം നേടിയ ദിപ കർമാകർ എന്നിവർക്കാണ് കാറുകൾ സമ്മാനമായി ലഭിച്ചത്. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ഹൈദരാബാദിൽ നടന്ന ചടങ്ങിൽ ക്രിക്കറ്റ് സൂപ്പർ താരം സച്ചിൻ തെൻഡുൽക്കറാണ് ഇവർക്ക് കാർ സമ്മാനിച്ചത്.

അതേസമയം, കാർ മടക്കി നൽകാനുള്ള തീരുമാനം ദിപ ഒറ്റയ്ക്ക് കൈക്കൊണ്ടതല്ലെന്നും, ദിപയുടെ കുടുംബാംഗങ്ങളം താനും ചേർന്ന് കൂട്ടായി എടുത്ത തീരുമാനമാണിതെന്നും പരിശീലകനായ ബിശ്വേശ്വർ നന്ദി വ്യക്തമാക്കി. രണ്ട് കാരണങ്ങളാണ് വാഹനം മടക്കി നൽകാനുള്ള തീരുമാനത്തിന് പിന്നിൽ. ഒന്ന്, അഗർത്തലയിൽ ബിഎംഡബ്ല്യൂ കാറിന്റെ സർവീസ് സെന്ററില്ല. രണ്ട്, നഗരത്തിലെ മോശം റോഡുകൾ വാഹനത്തിന് ചേരുന്നതല്ല - ബിശ്വേശ്വർ പറഞ്ഞു. ഇക്കാര്യം കാർ സമ്മാനിച്ച ഹൈദരാബാദ് ബാഡ്മിന്റൻ അസോസിയേഷനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ദിപ താമസിക്കുന്ന അഗർത്തല നഗരത്തിൽ ഇത്തരം ആഡംബര കാറുകൾ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടാണ് വാഹനം മടക്കി നൽകുന്നതിനുള്ള പ്രധാന കാരണം. ഇവിടുത്തെ റോഡുകൾ ബി.എം.ഡബ്ല്യു പോലുള്ള ആഡംബര കാറുകൾക്ക് യോജിച്ചതല്ല. വല്ലപ്പോഴും മാത്രമേ അറ്റകുറ്റപണികൾ നടത്താറുള്ളു

അതുകൊണ്ടുതന്നെ വാഹനത്തിന്റെ അറ്റകുറ്റപണികൾക്കും പരിപാലനത്തിനുമായി വൻതുക ചിലവഴിക്കേണ്ടി വരുന്നു. സാമ്പത്തികമായി അത്ര മുന്നോക്കമല്ലാത്ത കുടുംബത്തിന് ബി.എം.ഡബ്ല്യു കാറിന്റെ പരിപാലന ചെലവും താങ്ങാവുന്നതിന് അപ്പുറമായിരുന്നു.മാത്രമല്ല, ദിപ പങ്കെടുക്കുന്ന അടുത്ത ടൂർണമെന്റായ ചാലഞ്ചേഴ്‌സ് കപ്പ്, ഒരു മാസത്തിനുള്ളിൽ ജർമനിയിൽ ആരംഭിക്കും. അതുകൊണ്ടുതന്നെ, വാഹനത്തിൽ ശ്രദ്ധ പതിപ്പിക്കാതെ മൽസരത്തിനൊരുങ്ങാനാണ് ദിപയ്ക്ക് ലഭിച്ചിട്ടുള്ള നിർദ്ദേശം. ഇതും വാഹനം മടക്കി നൽകുന്നതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ, ഇതേക്കുറിച്ച് ദിപ കർമാകർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP