Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത് ഒരു ലക്ഷത്തിലേറെപ്പേർ: എൽട്ടൻ ജോണിന്റെ ഗാനങ്ങൾ മുഴങ്ങിയതോടെ സ്റ്റേഡിയത്തിൽ ചെറുപ്പക്കാരുടെ ഡിസ്‌കോ ഡാൻസുകളും നൃത്തങ്ങളും; പതാകകൾ വീശിയും മോദിക്കും ട്രംപിനും ജയ് വിളിച്ച് പ്രവർത്തകർ; വിചാരിച്ചത്ര ജനശ്രദ്ധ ആകർഷിക്കാതെ ഇരുപത്തിരണ്ട് കിലോമീറ്റർ റോഡ് ഷോ; ഔദ്യോഗിക വരവേൽപ് നൽകാനൊരുങ്ങി ഡൽഹി; രാഷ്ട്രപതി ഭവനിലെ അത്താഴ വിരുന്നിൽ കല്ലുകടിച്ച് കോൺഗ്രസ് നേതാക്കൾ

മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത് ഒരു ലക്ഷത്തിലേറെപ്പേർ: എൽട്ടൻ ജോണിന്റെ ഗാനങ്ങൾ മുഴങ്ങിയതോടെ സ്റ്റേഡിയത്തിൽ ചെറുപ്പക്കാരുടെ ഡിസ്‌കോ ഡാൻസുകളും നൃത്തങ്ങളും; പതാകകൾ വീശിയും മോദിക്കും ട്രംപിനും ജയ് വിളിച്ച് പ്രവർത്തകർ; വിചാരിച്ചത്ര ജനശ്രദ്ധ ആകർഷിക്കാതെ ഇരുപത്തിരണ്ട് കിലോമീറ്റർ റോഡ് ഷോ; ഔദ്യോഗിക വരവേൽപ് നൽകാനൊരുങ്ങി ഡൽഹി; രാഷ്ട്രപതി ഭവനിലെ അത്താഴ വിരുന്നിൽ കല്ലുകടിച്ച് കോൺഗ്രസ് നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും കുടുംബത്തെയും കാണാൻ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്കു രാവിലെ 7 മുതൽ ഒഴുകിയെത്തിയത് ഒരു ലക്ഷത്തിലേറെപ്പേർ. നമസ്‌തേ ട്രംപ് എന്നെഴുതിയ വെള്ളത്തൊപ്പി ധരിച്ചാണു ജനമെത്തിയത്. ഗുജറാത്തി ഗായകരായ കിഞ്ജൽ ദവേയും കിർത്തിദ ഗദ്വിയും ആലപിച്ച നാടൻപാട്ടുകൾക്കൊപ്പം ജനം ആടിപ്പാടി. ഇന്ത്യ, യുഎസ് പതാകകൾ വീശിയ ജനക്കൂട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ട്രംപിനും ജയ് വിളിച്ചു. ഇരുവരുടെയും മുഖംമൂടികളണിഞ്ഞാണു ചിലരെത്തിയത്.

ട്രംപുമായി എയർ ഫോഴ്‌സ് വൺ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിലിറങ്ങിയെന്ന അറിയിപ്പെത്തിയതോടെ ആവേശം ഉച്ചസ്ഥായിയിലായി. പിന്നാലെ, ബോളിവുഡ് ഗായകൻ കൈലാഷ് ഖേർ ഹിറ്റ് ഗാനങ്ങളുമായി വേദിയിലെത്തി. സബർമതി ആശ്രമം സന്ദർശിച്ച ട്രംപ് സ്റ്റേഡിയത്തിലേക്കു തിരിച്ചുവെന്ന അറിയിപ്പെത്തിയതോടെ ഹിന്ദി ഗാനങ്ങൾക്കു വിരാമം; തൊട്ടുപിന്നാലെ, ഇംഗ്ലിഷ് പാട്ടുകൾ സ്റ്റേഡിയത്തിൽ നിറഞ്ഞു.

ട്രംപിന്റെ പ്രിയ സംഗീതജ്ഞൻ എൽട്ടൻ ജോണിന്റെ ഗാനങ്ങൾ മുഴങ്ങിയതോടെ, ചെറുപ്പക്കാർ ഡിസ്‌കോയുമായി എഴുന്നേറ്റു. ബുള്ളറ്റ് പ്രൂഫ് ചില്ലുകൊണ്ടു മറച്ച വേദിയിൽ ഒന്നരയോടെ ട്രംപും മെലനിയയുമെത്തി. ഒരേ കസേരയിൽ മോദിയും ട്രംപും വേദിയിൽ 2 കസേരകൾ മാത്രമാണുണ്ടായിരുന്നത്; മെലനിയയ്ക്ക് ഒന്ന്, ട്രംപിനും മോദിക്കും കൂടി മറ്റൊന്ന്. മോദി പ്രസംഗിച്ചപ്പോൾ ട്രംപ് കസേരയിലിരുന്നു; പിന്നീട് ട്രംപ് പ്രസംഗിച്ചപ്പോൾ മോദിയും.

മോദി എത്തിക്കുന്ന ഒരു കോടിയാളുകൾ വരവേൽക്കാനുണ്ടാകുമെന്ന് ആവർത്തിച്ചു പറഞ്ഞ ട്രംപിന്റെ പ്രതീക്ഷയ്ക്ക് അൽപം മങ്ങലേൽപിച്ചാണ് അഹമ്മദാബാദ് എതിരേറ്റത്. വിമാനത്താവളത്തിൽ നിന്നു സബർമതി ആശ്രമത്തിലേക്കും തുടർന്നു മൊട്ടേര സ്റ്റേഡിയത്തിലേക്കുമുള്ള റോഡ് ഷോ വിചാരിച്ചത്ര ജനത്തെ ആകർഷിച്ചില്ല. വഴിയോരങ്ങളിൽ ആയിരക്കണക്കിനാളുകൾ യുഎസ് പ്രസിഡന്റിനെ കാണാൻ തടിച്ചുകൂടിയെങ്കിലും വൻ ആഹ്ലാദാരവങ്ങൾ ഉണ്ടായില്ലെന്നതും ഏറെ ശ്രദ്ധേയമാണ്.

അതേസമയം, രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഇന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു നൽകുന്ന അത്താഴവിരുന്നിൽ മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്, കോൺഗ്രസ് കക്ഷിനേതാക്കളായ അധീർ രഞ്ജൻ ചൗധരി (ലോക്‌സഭ), ഗുലാം നബി ആസാദ് (രാജ്യസഭ) എന്നിവർ പങ്കെടുക്കില്ല. കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണിത് ഇതെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ ഇന്ത്യ സന്ദർശനത്തിനായി മൊട്ടേര സ്റ്റേഡിയത്തിൽ എത്തിയപ്പോൾ വൻ വരവേൽപ്പാണ് ഡോണാൾഡ് ട്രംപിന് ലഭിച്ചതും.

ഞങ്ങളെ സ്വീകരിക്കാൻ വഴിയരികിലും സ്റ്റേഡിയത്തിലുമായി എത്തിയ ലക്ഷക്കണക്കിനാളുകൾക്കു നന്ദി. ഈ സ്വീകരണത്തിനു ഞങ്ങളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമുണ്ടാകും. ഞങ്ങളിതു മറക്കില്ലെന്നും ട്രംപ് വേദിയിൽ പറഞ്ഞു. ഇന്നലെ രാവിലെ 11 40 ഓടെയാണ് ട്രെംപും കുടുംബവും അഹമ്മദാബാദ് വിമാനത്താവളത്തിൽ വന്നിറങ്ങിയത്. വിമാനത്താവളത്തിൽ നിന്നും മോദി നേരിട്ടെത്തിയാണ് സ്വീകരിച്ചത്. തുടർന്ന സബർമതി ആശ്രമത്തിൽ എത്തിയ ട്രെംപ് പതിനഞ്ച് മുനിറ്റോളം അവിടെ ചിലവഴിച്ച ശേഷമാണ് ഡൽഹിയിലേക്ക് തിരിച്ചത്.

രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണത്തിന് പത്തര മണിക്ക് ഇരുവരും രാജ്ഘട്ടിലെ ഗാന്ധി സ്മൃതിയിൽ എത്തും. രാജ്ഘട്ടിലെ പുഷ്പാർച്ചനയ്ക്ക് ശേഷം ട്രംപ് മോദിയുമായുള്ള ചർച്ചക്കായി ഹൈദരാബാദ് ഹൗസിലേക്ക് എത്തും. 12.40ന് ഇരുരാജ്യങ്ങളും അഞ്ച് കരാറുകളിൽ ഒപ്പുവെക്കും. ഉച്ചക്ക് ശേഷം രണ്ടുമണിക്ക് മോദി-ട്രംപ് സംയുക്ത വാർത്ത സമ്മേളനം നടക്കും. വൈകീട്ട് ഏഴ് മണിക്ക് ട്രംപിന് രാഷ്ട്രപതി ഭവനിൽ അത്താഴ വിരുന്ന് നൽകും. ഈ പരിപാടിയിൽ നിന്ന് സോണിയാഗാന്ധിയെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് വിരുന്ന് കോൺഗ്രസ് ബഹിഷ്‌കരിക്കും. അധിർ രഞ്ജൻ ചൗധരിക്കും ഗുലാംനബി ആസാദിനും പിന്നാലെ മുൻ പ്രധാനമന്ത്രി ഡോ.മന്മോഹൻസിംഗും വിരുന്നിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു. അത്താഴ വിരുന്നിന് ശേഷം രാത്രി 10 മണിക്ക് ട്രംപും സംഘവും മടങ്ങും.

സമാനതകളില്ലാത്ത ഒരുക്കങ്ങളും സുരക്ഷയും തന്നെയാണ് ഡൽഹിയിൽ. രാഷ്ട്രപതി ഭവനും ഹൈദരാബാദ് ഹൗസുമൊക്കെ പൂക്കൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. സുരക്ഷ ഉറപ്പുവരുത്താൻ ദേശീയ സുരക്ഷാ ഗാർഡുകളും വിവിധ സൈന്യ വിഭാഗങ്ങളും ഉണ്ട്. അമേരിക്കൻ സീക്രട് ഏജന്റുമാരും ഡൽഹിയിലുണ്ട്. പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിൽ ന്യൂഡൽഹി മേഖലയിലെ മെട്രോ സ്റ്റേഷനുകൾ അടച്ചിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP