Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെപ്റ്റംബർ രണ്ടിന്റെ ദേശീയ പണിമുടക്കിനെ നേരിടാൻ കേന്ദ്ര ജീവനക്കാർക്ക് ഡബിൾ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം; ആവശ്യങ്ങൾ മിക്കവയും അംഗീകരിച്ചെന്നും പണിമുടക്ക് അനാവശ്യമെന്നുമുള്ള വാദവുമായി കേന്ദ്ര ധനമന്ത്രി; പ്രതിരോധ, ഔഷധ മേഖലകളിൽ വിദേശനിക്ഷേപം സ്വീകരിക്കുമെന്നതിൽ വിട്ടുവീഴ്ചയില്ലെന്നും മോദി സർക്കാർ

സെപ്റ്റംബർ രണ്ടിന്റെ ദേശീയ പണിമുടക്കിനെ നേരിടാൻ കേന്ദ്ര ജീവനക്കാർക്ക് ഡബിൾ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം; ആവശ്യങ്ങൾ മിക്കവയും അംഗീകരിച്ചെന്നും പണിമുടക്ക് അനാവശ്യമെന്നുമുള്ള വാദവുമായി കേന്ദ്ര ധനമന്ത്രി; പ്രതിരോധ, ഔഷധ മേഖലകളിൽ വിദേശനിക്ഷേപം സ്വീകരിക്കുമെന്നതിൽ വിട്ടുവീഴ്ചയില്ലെന്നും മോദി സർക്കാർ

ന്യൂഡൽഹി: വെള്ളിയാഴ്ച ദേശീയ പണിമുടക്ക് പ്രഖ്യാപിച്ച ജീവനക്കാരുടെയും തൊഴിലാളികളുടെയും സംഘടനകളെ വെട്ടിലാക്കി വിവിധ വിഭാഗങ്ങൾക്ക് വേതന വർദ്ധനവും ബോണസുമെല്ലാം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഡബിൾ ബോണസ് പ്രഖ്യാപിച്ചതിനൊപ്പം കാർഷികേതര തൊഴിലാളികളുടെയെല്ലാം കുറഞ്ഞവേതനം ഉയർത്തുകയും ചെയ്തുകൊണ്ടാണ് കേന്ദ്രമന്ത്രിസഭ സമരത്തെ നേരിടുന്നത്.

വിവിധ തൊഴിലാളി യൂണിയനുകൾ മുന്നോട്ടുവച്ച മുഖ്യ ആവശ്യങ്ങൾ അംഗീകരിക്കുകയാണ് കേന്ദ്രസർക്കാർ എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് കേന്ദ്ര ധനമന്ത്രി അരുൺജെയ്റ്റ്‌ലി കേന്ദ്രജീവനക്കാർക്കുള്ള ബോണസ് വർധനയും ജീവനക്കാർക്കുള്ള വേതന വർധനവും പ്രഖ്യാപിച്ചിട്ടുള്ളത്.

കേന്ദ്രസർക്കാർ ജീവനക്കാർക്കു 2014-15, 2015-16 വർഷങ്ങളിലെ ബോണസാണു പ്രഖ്യാപിച്ചത്. പേയ്‌മെന്റ് ഓഫ് ബോണസ് ആക്ട് (ഭേദഗതി) പാർലമെന്റിന്റെ പരിഗണനയിൽ ഇരുന്നതിനാൽ രണ്ടു വർഷങ്ങളിൽ ബോണസ് പ്രഖ്യാപിച്ചിരുന്നില്ല.

ബോണസ് നിശ്ചയിക്കുന്നതിനുള്ള പരിധി 3500 രൂപയിൽനിന്ന് 7000 രൂപയാക്കി വർധിപ്പിക്കാനും നടപടിയായി. ഉൽപാദനക്ഷമതയുമായി ബന്ധപ്പെട്ട പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസും ഇതല്ലാത്ത നോൺ പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസും കണക്കാക്കുന്നതിനു മേലിൽ 3500 രൂപയുടെ സ്ഥാനത്ത് 7000 രൂപയായിരിക്കും പരിധി.

2015 ഒക്ടോബർ 10നു പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ നേരത്തേ ബോണസ് നൽകിയവർക്കു പുതുക്കിയ ബോണസ് കുടിശികയും ലഭിക്കും. കേന്ദ്രസർക്കാരിലെ ഗ്രൂപ്പ് ബി (നോൺ ഗസറ്റഡ്), ഗ്രൂപ്പ് സി ജീവനക്കാർക്കാണു ബോണസ് ലഭിക്കുക. പാർലമെന്റ് പാസാക്കിയ ബോണസ് ഭേദഗതി നിയമപ്രകാരം ബോണസിന് അർഹതയുള്ള ശമ്പളത്തിന്റെ പരിധി 10,000 രൂപയിൽനിന്ന് 21,000 രൂപയാക്കി ഉയർത്തിയിരുന്നു. ബോണസ് വർധന 33 ലക്ഷം കേന്ദ്രജീവനക്കാർക്കു ഗുണം ചെയ്യുമെന്നാണു കണക്കാക്കുന്നത്.

കാർഷികയിതര തൊഴിലാളികളുടെ കുറഞ്ഞ വേതനം 246 രൂപയിൽനിന്നു 350 രൂപയാക്കി ഉയർത്തുമെന്നതാണ് മറ്റൊരു തീരുമാനം. കാർഷികയിതര തൊഴിലാളികളുടെ കുറഞ്ഞ കൂലി സംസ്ഥാനങ്ങളിൽ കൂടുതലാണെങ്കിൽ അതനുസരിച്ചു വർധന പ്രഖ്യാപിക്കാമെന്നു മന്ത്രി അരുൺ ജയ്റ്റ്‌ലി പറഞ്ഞു. എന്നാൽ, കുറഞ്ഞ കൂലി 350 രൂപയിൽ താഴെയാകാൻ അനുവദിക്കില്ല. മിനിമം വേജസ് ഉപദേശക സമിതിയുടെ ശുപാർശ പ്രകാരമാണ് ഈ തുക നിശ്ചയിച്ചത്.

ഈ രണ്ട് പ്രധാന തീരുമാനങ്ങൾക്കു പുറമെ തൊഴിലാളി സംഘടനകൾ മുന്നോട്ടുവച്ച വിവിധ ആവശ്യങ്ങളിൽ അനുകൂല നടപടികൾ എടുക്കുമെന്നും അരുൺ ജെയ്റ്റ്‌ലി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ പണിമുടക്ക് അനാവശ്യമാണെന്നും സംഘടനകൾ അതിൽ നിന്ന് പിൻതിരിയണമെന്നുമാണ് കേന്ദ്രസർക്കാർ അഭ്യർത്ഥന.

ബോണസ് നൽകുന്നതു സംബന്ധിച്ചു സുപ്രീം കോടതിയിലും ഹൈക്കോടതികളിലും നിലനിൽക്കുന്ന കേസുകൾ എത്രയും വേഗം തീർപ്പാക്കാൻ നടപടിയെടുക്കും. കരാർ ജീവനക്കാരുടെയും സ്റ്റാഫിങ് ഏജൻസികളുടെയും റജിസ്‌ട്രേഷൻ കർശനമായി നടപ്പാക്കാൻ സംസ്ഥാനങ്ങളോടും ആവശ്യപ്പെടും. പിഴവു വരുത്തുന്ന കരാറുകാരുടെമേൽ കർശന നടപടിയെടുക്കും. സമരത്തിൽ മുഖ്യ ആവശ്യങ്ങളായി ഉന്നയിക്കപ്പെട്ടിരുന്ന കാര്യങ്ങൾ ഇവയാണ്.

ഇതിനു പുറമെ അങ്കണവാടി, ഉച്ചഭക്ഷണ പരിപാടി, ആശ വോളന്റിയർമാർ തുടങ്ങി അസംഘടിത മേഖലയിലെ തൊഴിലാളികൾക്കു സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ നൽകുന്നതിനെക്കുറിച്ചു പഠിക്കാൻ സമിതിയെ നിയമിക്കും. എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുമെന്നും അതുപ്രകാരം വേതനവർധന ഉൾപ്പെടെയുള്ള കാര്യങ്ങൾ നടപ്പാക്കുമെന്നും കേന്ദ്രം നിലപാടെടുക്കുന്നു. തൊഴിലാളി യൂണിയനുകളുടെ റജിസ്‌ട്രേഷൻ 45 ദിവസത്തിനുള്ളിൽ നടത്തണമെന്ന് എല്ലാ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകും. ത്രികക്ഷി ചർച്ചാ സംവിധാനം തുടരും. ഓരോ മേഖലയിലെയും വ്യവസായങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ വെവ്വേറെ യോഗം വിളിക്കും.

യൂണിയനുകൾ ഉന്നയിച്ച ഇത്രയും കാര്യങ്ങളിൽ അനുകൂലവും അനുഭാവത്തോടെയുള്ളതുമായ നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. എന്നാൽ ഔഷധ നിർമ്മാണം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ച കേന്ദ്രസർക്കാർ തീരുമാനം പുനഃപരിശോധിക്കാനാവില്ലെന്നുള്ള കർശന നിലപാട് കേന്ദ്രസർക്കാർ സ്വീകരിക്കുന്നുമുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP