Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുടിവെള്ളത്തിനായി ജനങ്ങൾ കാത്തിരിക്കേണ്ടി വരുന്നത് ദിവസങ്ങളോളം; താഴിട്ടുപൂട്ടി സുരക്ഷയൊരുക്കി പൊതുകിണറുകൾ; ഞറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന ഭാഗ്യവാന്മാർക്കു മാത്രം സൗജന്യമായി മൂന്നുകുടം വെള്ളം; പണം കൊടുത്താലും കുടിവെള്ളം കിട്ടാതെ ദാഹിച്ച് വലഞ്ഞ് നഗരവാസികൾ; കത്തുന്ന ചൂടിലും ദാഹജലത്തിനായി പരസ്പരം കലഹിച്ച് ഒരു ജനത; ഇനിയൊരു ലോകയുദ്ധം എന്തിന് വേണ്ടിയാകും എന്നതിന്റെ ഉത്തരമായി ചെന്നൈ നഗരവും പരിസരപ്രദേശങ്ങളും

കുടിവെള്ളത്തിനായി ജനങ്ങൾ കാത്തിരിക്കേണ്ടി വരുന്നത് ദിവസങ്ങളോളം; താഴിട്ടുപൂട്ടി സുരക്ഷയൊരുക്കി പൊതുകിണറുകൾ; ഞറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന ഭാഗ്യവാന്മാർക്കു മാത്രം സൗജന്യമായി മൂന്നുകുടം വെള്ളം; പണം കൊടുത്താലും കുടിവെള്ളം കിട്ടാതെ ദാഹിച്ച് വലഞ്ഞ് നഗരവാസികൾ; കത്തുന്ന ചൂടിലും ദാഹജലത്തിനായി പരസ്പരം കലഹിച്ച് ഒരു ജനത; ഇനിയൊരു ലോകയുദ്ധം എന്തിന് വേണ്ടിയാകും എന്നതിന്റെ ഉത്തരമായി ചെന്നൈ നഗരവും പരിസരപ്രദേശങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: വേനലിന്റെ കാഠിന്യത്തിൽ ചെന്നൈ നഗരം വെന്തെരിയുമ്പോൾ ഇനിയൊരു ലോകയുദ്ധം ഉണ്ടാകുകയാണെങ്കിൽ അത് ശുദ്ധജലത്തിന് വേണ്ടിയാകും എന്ന് പറയുന്നതിന്റെ അർത്ഥം ശരിക്കും മനസ്സിലാക്കുകയാണ് നഗരവാസികൾ. പണം കൊടുത്താൽ പോലും കുടിവെള്ളം കിട്ടാത്ത അവസ്ഥയാണ് നഗരത്തിൽ എങ്ങും. പൊതു കിണറുകൾ പോലും താഴിട്ട് പൂട്ടിയിരിക്കുന്നു. നിശ്ചിത സമയത്ത് നറുക്കെടുപ്പിലൂടെ ഭാഗ്യവാന്മാരായ ആളുകൾക്ക് മൂന്നു കുടം വെള്ളം വീതം ലഭിക്കും.

ചെന്നൈ പല്ലാവരം ഈശ്വരി നഗറിലെ പൊതുകിണറിലാണ് ഭാഗ്യവാന്മാർക്ക് കുടിവെള്ളത്തിന് റേഷൻ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇവിടെ രാവിലെയും വൈകിട്ടും ഇത്തരത്തിൽ വെള്ളം വിതരണം ചെയ്യാൻ ഒരാളെ നിയോഗിച്ചിരിക്കുകയാണ്. രാവിലെ വെള്ളം ലഭിക്കാത്തവർക്ക് വൈകിട്ട് അവസരമുണ്ട്. എന്നാൽ എത്രത്തോളം വെള്ളം ആ സമയം കൊണ്ട് ഊറി വരുമോ അത്രയും മാത്രമാണ് വൈകിട്ട് വിതരണം ചെയ്യുക.

പണം നൽകിയാൽ പോലും കുടിവെള്ളം കിട്ടാക്കനിയാവുകയാണ് ചെന്നൈയിൽ. സ്വകാര്യ ജലവിതരണ കമ്പനികളും സജീവമായി രംഗത്തുണ്ടെങ്കിലും ഓരോ കുടുംബത്തിനും ആറ് കുടം വെള്ളത്തിലധികം നൽകില്ലെന്ന നിലപാടിലാണ് സ്വകാര്യ വാട്ടർ ടാങ്കർ വിതരണക്കാർ. ഇതോടെ ശക്തമായി പ്രതിഷേധവുമയാി സ്ത്രീകൾ ഉൾപ്പടെയുള്ളവർ രംഗത്തിറങ്ങി. കുടിവെള്ള പ്രശ്‌നം സംസ്ഥാന വ്യാപകമായി ഉയർത്തിക്കൊണ്ടുവരാനാണ് ഡിഎംകെ നീക്കം.

ചെന്നൈയിലേക്ക് വെള്ളമെത്തിക്കുന്ന അഞ്ച് ജലസംഭരണികളിൽ ഒന്നിൽ മാത്രമാണ് ഇപ്പോൾ കുറച്ചെങ്കിലും വെള്ളമുള്ളത്. കത്തുന്ന ചൂടിനിടെ ഏപ്രിലിൽ പതുങ്ങിയെത്തിയ ജലക്ഷാമം ജൂണായതോടെ രൂക്ഷമായി. കത്തുന്ന സൂര്യനുകീഴെ വെള്ളത്തിനായി കരിഞ്ഞുണങ്ങുന്ന മനുഷ്യർ. അവർ തെരുവുകളിൽ വെള്ളത്തിനായി കലഹിക്കുന്നു. ഇതിൽ ഭൂരിഭാഗവും സ്ത്രീകളാണ്. പലയിടത്തും പൊലീസിന് ഇടപെടേണ്ടിയും വരുന്നു. സർക്കാർ ഓഫീസുകളിലും ആശുപത്രികളിലും ശുചിമുറികളിൽ പോലും വേണ്ടത്ര വെള്ളമില്ല. ചെന്നൈയിലും തഞ്ചാവൂരിലുമായി മൂന്ന് സ്വകാര്യ സ്‌കൂളുകൾ തൽക്കാലത്തേക്ക് അടച്ചു. മിക്ക സ്‌കൂളുകളും പ്രവർത്തന സമയം ഉച്ചവരെയാക്കി ചുരുക്കിയിട്ടുണ്ട്.

കുടിവെള്ളത്തിനായി കാത്തിരിക്കുന്ന, തർക്കിക്കുന്ന, അലമുറയിടുന്ന ഒരു ജനതയുടെ കാഴ്ചകളാൽ മൂടിയിരിക്കുകയാണ് ചെന്നൈയും പരിസര ജില്ലകളും. കുടിവെള്ള ക്ഷാമം കൊടുംരൂക്ഷതയിലേക്ക് നീങ്ങുകയാണ്. 2015-ലുണ്ടായ വെള്ളപ്പൊക്കത്തിൽ ജനങ്ങൾ ആഗ്രഹിച്ചത് വെള്ളക്കെട്ടിൽനിന്നുള്ള പലായനമാണ്. എന്നാൽ ഇപ്പോൾ തൊണ്ട നനയ്ക്കാൻ ഒരു തുള്ളി വെള്ളത്തിനുവേണ്ടി കൊതിക്കുകയാണവർ. വെള്ളത്തിനായുള്ള കാത്തിരിപ്പ് മണിക്കൂറുകളിൽ നിന്ന് ദിവസങ്ങളിലേക്ക് നീളുകയാണ്.

മമുഷ്യരെ മാത്രമല്ല, വരൾച്ച സർവ്വജീവജാലങ്ങലുടെയും നിലനിൽപ്പിന് തന്നെ ഭീഷണിയാകുകയാണ്. കുളങ്ങളും നദികളും വറ്റി വരണ്ടതോടെ ജലജീവികളെല്ലാം ചത്തൊടുങ്ങുകയാണ്. 2003-ൽ ചെന്നൈയിൽ വരൾച്ച ഉണ്ടായിരുന്നു. എന്നാൽ അതിനെക്കാൾ ഭയാനകമാണ് നിലവിലെ സ്ഥിതിയെന്നും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ഒട്ടേറെ ഹോട്ടലുകൾ പ്രവർത്തനം നിർത്തി. ചിലതിൽ ഉച്ചഭക്ഷണം ഒഴിവാക്കി. പല ഐ.ടി. സ്ഥാപനങ്ങളും ജീവനക്കാരോട് വീട്ടിലിരുന്ന് ജോലിചെയ്യാൻ നിർദേശിച്ചു. സ്‌കൂളുകളുടെ പ്രവൃത്തിസമയം വെട്ടിക്കുറച്ചു. ചില സ്‌കൂളുകളിൽ പ്രവൃത്തിദിനം മൂന്നു ദിവസമാക്കി. കെട്ടിടനിർമ്മാണ മേഖല സ്തംഭിച്ചു. സർക്കാർ ആശുപത്രികളിൽ രോഗികൾ വിഷമത്തിലാണ്. ഹോസ്റ്റലുകൾ പൂട്ടുന്നു. തടാകങ്ങളും കിണറുകളും വറ്റിവരണ്ടു. എണ്ണൂറടി കുഴിച്ചാലും കുഴൽക്കിണറുകളിൽ വെള്ളം കിട്ടുന്നില്ല. ടാങ്കർ ലോറികളിൽ എത്തിക്കുന്ന വെള്ളത്തിന് ദിവസങ്ങൾ കാത്തിരിക്കണം. ടാങ്കറുകളിൽ നിറയ്ക്കാനും വെള്ളം കിട്ടാത്ത അവസ്ഥയാണ്.

സഹായാഭ്യർത്ഥനയും നിരസിച്ച് ഭരണകൂടം

കേരളം ട്രെയിൻ മാർഗം കുടിവെള്ളം എത്തിക്കാം എന്നറിയിച്ചിരുന്നെങ്കിലും തമിഴ്‌നാട് അത് നിരസിക്കുകയാണ് ഉംണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസിനെ കുടിവെള്ളം എത്തിക്കാനുള്ള സന്നദ്ധത അറിയിച്ചത്. എന്നാൽ കുടിവെള്ളം ആവശ്യമില്ലെന്ന് തമിഴ്‌നാട് സർക്കാർ മറുപടി നൽകി. തിരുവനന്തപുരത്തും നിന്നും ചെന്നൈയിലേക്ക് ട്രെയിന്മാർഗം 20 ലക്ഷം ലിറ്റർ കുടിവെള്ളം എത്തിക്കാനായിരുന്നു സർക്കാർ പദ്ധതി. അതേസമയം, കേരള മുഖ്യമന്ത്രി പിണറായി വിജയനു നന്ദിയറിയിച്ചു തമിഴ്‌നാട്ടിലെ പ്രതിപക്ഷമായ ഡിഎംകെയുടെ അധ്യക്ഷൻ സ്റ്റാലിൻ രംഗത്തു വന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹം കേരളമുഖ്യന് നന്ദി അറിയിച്ചത്. കേരളത്തിന്റെ സഹായത്തോടെ ജനങ്ങൾക്ക് കുടിവെള്ളം എത്തതിക്കണം എന്നും അദ്ദേഹം തമിഴ്‌നാട് സർക്കാരിനോട് ആവശ്യപ്പെട്ടു.

മാധ്യമങ്ങളാണ് ജലക്ഷാമം പെരുപ്പിച്ചുകാട്ടുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തുന്നു. എന്നാൽ യാഥാർഥ്യങ്ങൾ തിരിച്ചറിയുന്ന ജനങ്ങൾ സർക്കാരിനെതിരേ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. ചെന്നൈ ഉൾപ്പെടെ 24 ജില്ലകളാണ് ജലക്ഷാമം നേരിടുന്നത്. ആറു മാസമായി നഗരത്തിലും പരിസരജില്ലകളിലും മഴ ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസാണ് 196 ദിവസത്തെ ഇടവേളയ്ക്കു ശേഷം നഗരത്തിൽ മഴ ലഭിച്ചത്. സ്ഥിതി ഇങ്ങനെ തുടർന്നാൽ ഇവിടെനിന്നുള്ള പലായനത്തിന്റെ മറ്റൊരു ദൈന്യചിത്രം വിദൂരമാവില്ല എന്നാണ് ജനങ്ങൾ തന്നെ സാക്ഷ്യപ്പെടുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP