Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാജ്യം ചുട്ടുപൊള്ളുന്നു; സൂര്യതാപമേറ്റും മലിനജലം കുടിച്ചും ആളുകൾ മരിക്കുന്നു; ചിലയിടങ്ങളിൽ എങ്കിലും 50 ഡിഗ്രിയിലേക്ക് ഉയരുമെന്ന ആശങ്ക ശക്തം: കേരളവും 42 ഡിഗ്രിയിലേക്ക്; കുടിവെള്ളത്തിന്റെ പേരിൽ കാലഹങ്ങൾ പതിവായി

രാജ്യം ചുട്ടുപൊള്ളുന്നു; സൂര്യതാപമേറ്റും മലിനജലം കുടിച്ചും ആളുകൾ മരിക്കുന്നു; ചിലയിടങ്ങളിൽ എങ്കിലും 50 ഡിഗ്രിയിലേക്ക് ഉയരുമെന്ന ആശങ്ക ശക്തം: കേരളവും 42 ഡിഗ്രിയിലേക്ക്; കുടിവെള്ളത്തിന്റെ പേരിൽ കാലഹങ്ങൾ പതിവായി

ന്യൂഡൽഹി: കത്തിക്കാളുന്ന കൊടുംചൂടിൽ ഉരുകിയൊലിച്ച് രാജ്യം. രാജ്യത്തെ പകുതിയിലേറെ സംസ്ഥാനങ്ങൾ കൊടും വരൾച്ചയുടെ പിടിയിലാണ്. മലിനജനം കുടിച്ചും സൂര്യതാപമേറ്റും ആളുകൾ മരിക്കുന്നത് രാജ്യത്ത് പതിവു സംഭവമായി മാറുകയാണ്. തെലുങ്കാനയും ആന്ധ്രയും അടക്കമുള്ള സംസ്ഥാനങ്ങളിൽ ചൂട് അമ്പത് ഡിഗ്രിയോട് അടുക്കുന്നത് കടുത്ത ആശങ്കയ്ക്ക് ഇട നൽകുന്നു. കേരളത്തിൽ ചൂട് 42 ഡിഗ്രിയിലേക്ക് അടുത്തിട്ടുണ്ട്. പാലക്കാട് ജില്ലയാണ് കൊടും ചൂടിൽ വെന്തുരുകുന്നത്.

ഒഡീഷ, തെലങ്കാന, ആന്ധ്രാ പ്രദേശ് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. കൂടാതെ മഹാരാഷ്ട്ര, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, ഹരിയാന, പഞ്ചാബ്, ഉത്തർ പ്രദേശ് സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിലും ചൂട് അസഹനീയമാണ്. 150ാളം പേർക്കാണ് ഇതുവരെ കൊടുംചൂടിൽ ജീവൻ നഷ്ടപ്പെട്ടത്. ഇതിൽ പകുതിയും ഒഡീഷയിലാണ്. കഴിഞ്ഞമാസം തന്നെ മെട്രോളജിക്കൽ വകുപ്പ് ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ചൂട് പതിവിൽ കവിഞ്ഞ് കൂടുതലായിരിക്കുമെന്നു റിപ്പോർട്ട് ചെയ്തിരുന്നു.

രാജ്യത്തിന്റെ മധ്യ, വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിലായിരിക്കും കനത്ത ചൂട് അനുഭവപ്പെടുകയെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. റെക്കോഡ് ചൂടായ 47.5 ഡിഗ്രി സെൽഷ്യസ് ഒഡീഷയിലാണ് രേഖപ്പെടുത്തിയത്. സോണേപുരിൽ ചൂട് 46.3 ഡിഗ്രിയിലെത്തി. കൊടുംചൂട് പശ്ചിമ ബംഗാളിലേക്കും പടരും. ഡൽഹിയിൽ കഴിഞ്ഞ ശനിയാഴ്ച ചൂട് 44 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരുന്നു.

അതിനിടെ പലയിടത്തും വെള്ളത്തിന്റെ പേരിൽ സംഘർഷം ഉടലെടുത്തിട്ടുണ്ട്. കർണ്ണാടകയിൽ വരൾച്ചക്കെടുതി വിലയിരുത്താനെത്തിയ എംഎൽഎയെ ജനങ്ങൾ കലക്കവെള്ളം കുടിപ്പിച്ചു. ജനങ്ങൾ കുടിക്കുന്ന അതേ മലിനജലം പക്ഷേ, എംഎൽഎ കുടിച്ചത് ഒരു കവിൾ മാത്രം. ബാക്കി അദ്ദേഹം കമഴ്‌ത്തിക്കളഞ്ഞു. ശുദ്ധജലക്ഷാമം രൂക്ഷമായ വടക്കൻ കർണാടകയിലെ റായ്ച്ചൂരിലെത്തിയ ജി.ഹംപയ്യ നായക്കിനെതിരെയാണ് പ്രതിഷേധം ഉണ്ടായത്.

വറ്റിവരണ്ട പുഴയുടെ തീരത്തു കുഴികുത്തി അതിൽ നിന്നുള്ള വെള്ളം ചിരട്ടയിലും ചെറിയ പാത്രത്തിലും കോരിയെടുത്താണു ജനങ്ങൾ കുടിക്കാൻ ഉപയോഗിക്കുന്നത്. ഇതു ശേഖരിക്കാൻ കുടവുമായി കിലോമീറ്ററുകൾ നടന്നെത്തുന്നവർ ഇവിടെ പതിവുകാഴ്ചയാണ്. കുടിവെള്ളമെത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വേണ്ട നടപടിയെടുത്തില്ലെന്നാവശ്യപ്പെട്ടു കഴിഞ്ഞ വ്യാഴാഴ്ച മുതൽ കർഷകർ അനിശ്ചിതകാല പ്രക്ഷോഭം നടത്തിവരികയാണ്. സമീപകാലത്തെ ഏറ്റവും വലിയ വരൾച്ചയാണു ജില്ല നേരിടുന്നത്.

വെള്ളവും ഭക്ഷ്യസാധനങ്ങളും തേടി പല ഗ്രാമങ്ങളിൽനിന്നും ജനങ്ങൾ പലായനം തുടങ്ങുന്നതാണ് കടുത്ത ആശങ്കയ്ക്ക് ഇടയാക്കുന്നത്. തെലങ്കാനയിലെ മെഹ്ബൂബ നഗർ, മഹാരാഷ്ട്രയിലെ ലാത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് പലായനം നടക്കുന്നതായി റിപ്പോർട്ടുണ്ട്. വെള്ളത്തിനുവേണ്ടിയുള്ള പോര് ആക്രമണത്തിലേക്ക് നീങ്ങിയതിനെ തുടർന്ന് മറാത്ത്വാഡ മേഖലയിലെ പർബാനിയിൽ നിരോധാജ്ഞ തുടരുകയാണ്. ലാത്തൂരിൽ ജലസംഭരണികൾക്ക് സമീപം ആളുകൾ കൂട്ടംകൂടുന്നതിന് വിലക്കുണ്ട്. കർണാടകയിലെ ചിക്കബെല്ലാപുർ, കോലാർ എന്നിവിടങ്ങളിൽ കർഷകർ ബന്ദ് നടത്തി. വാഹനങ്ങൾക്കുനേരെ കല്ലേറുണ്ടായി.

40 വർഷങ്ങൾക്കിടെ കാണാത്ത വരൾച്ചയാണ് തെലങ്കാനയിലെ മെഹ്ബൂബ നഗർ, നിസാമാബാദ്, നൽഗോണ്ട ജില്ലകളിൽ. വ്യാപക കൃഷിനാശത്തിനു പുറമെ, കാലികളെ പോറ്റാൻ കഴിയാത്ത പ്രതിസന്ധിയിലാണ് കർഷകർ. വീടുവിട്ട് ആളുകൾ ഒഴിഞ്ഞുപോകുന്നു. തീറ്റയും വെള്ളവുമില്ലാതെ കാലികൾ ചാവുന്നു. പാതി വിലപോലും കിട്ടാതെ കാലികളെ വിറ്റഴിക്കുന്നു.

443ൽ 231 മണ്ഡലങ്ങൾ വരൾച്ചബാധിതമായി പ്രഖ്യാപിക്കപ്പെട്ട തെലങ്കാനക്കു പുറമെ മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, യു.പി, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നദികളും പാടങ്ങളും വിണ്ടുകീറി. കർണാടകം, തമിഴ്‌നാട്, കേരളം, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളും അസഹ്യമായ ചൂടും ജലക്ഷാമവും നേരിടുകയാണ്. ആന്ധ്രയിലെ 670ൽ 359 മണ്ഡലങ്ങൾ വരൾച്ചബാധിതമായി പ്രഖ്യാപിച്ചു. ഭദ്രാചലം, ഖമ്മം, നൽഗൊണ്ട, നിസാമാബാദ് എന്നിവിടങ്ങളിൽ കൂടിയ ചൂട് 45 ഡിഗ്രിയാണ്. ഝാർഖണ്ഡിലെ ജാംഷെഡ്പൂരിൽ ഏറ്റവുമുയർന്ന ചൂടായ 45.8 ഡിഗ്രി രേഖപ്പെടുത്തി. സംസ്ഥാനത്തെ നിരവധി ജില്ലകളിൽ ചൂടുകാറ്റ് ഭീഷണിയുണ്ട്. ഇവിടങ്ങളിൽ 43 ഡിഗ്രി വരെയാണ് ചൂട്. ഒഡീഷയിൽ രാവിലെ 11നും മൂന്നിനുമിടയിൽ വീടുകളിൽ തന്നെ കഴിയാൻ നിർദേശിച്ചിരിക്കുകയാണ്.

13 സംസ്ഥാനങ്ങളിലെ 256 ജില്ലകളിൽ 33 കോടി ജനങ്ങൾ വരൾച്ചക്കെടുതി നേരിടുന്നതായി കഴിഞ്ഞദിവസം കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. 91 അണക്കെട്ടുകളിൽ ജലനിരപ്പ് ആശങ്കാജനകമായി താഴ്ന്നു. സംഭരണശേഷിയുടെ 22 ശതമാനം വെള്ളം മാത്രമാണ് അണക്കെട്ടുകളിലുള്ളത്. മറാത്ത്വാഡയിൽ ഇത് മൂന്നു ശതമാനം മാത്രമാണ്.

ലാത്തൂരിലേക്ക് രണ്ടാഴ്ചക്കിടയിൽ ട്രെയിന്മാർഗം 70 ലക്ഷം ലിറ്റർ വെള്ളമത്തെിച്ചു. എന്നാൽ, ലാത്തൂരിന്റെ തൊണ്ട നനക്കാൻപോലും ഇത് പര്യാപ്തമല്ല. റെയിൽവേയുടെ അധീനതയിലുള്ള താണെ, നവിമുംബൈ ഡാമുകളിൽനിന്ന് വെള്ളം വിട്ടുകൊടുക്കാൻ വകുപ്പുമന്ത്രി സുരേഷ് പ്രഭു നിർദേശിച്ചു. വരൾച്ചക്കെടുതി നേരിടുന്നതിന് കേന്ദ്രം സംസ്ഥാനങ്ങളെ സഹായിക്കുന്നില്‌ളെന്ന് ആക്ഷേപവും ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP