Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അബ്ദുൾ കലാമിന് അന്ത്യാഭിവാദ്യം അർപ്പിച്ച് ഡൽഹി; രാഷ്ട്രപതിയും പ്രധാനമന്ത്രിയും രാഷ്ട്രീയ നേതാക്കളും ഉപചാരം അർപ്പിച്ചു; രാഷ്ട്രീയ ആവിഷ്‌കാർ അഭിയാന് കലാമിന്റെ പേര് നൽകി കേന്ദ്രത്തിന്റെ ആദരം; കബറടക്കം വ്യാഴാഴ്ച ജന്മനാടായ രാമേശ്വരത്ത്

അബ്ദുൾ കലാമിന് അന്ത്യാഭിവാദ്യം അർപ്പിച്ച് ഡൽഹി; രാഷ്ട്രപതിയും പ്രധാനമന്ത്രിയും രാഷ്ട്രീയ നേതാക്കളും ഉപചാരം അർപ്പിച്ചു; രാഷ്ട്രീയ ആവിഷ്‌കാർ അഭിയാന് കലാമിന്റെ പേര് നൽകി കേന്ദ്രത്തിന്റെ ആദരം; കബറടക്കം വ്യാഴാഴ്ച ജന്മനാടായ രാമേശ്വരത്ത്

ന്യൂഡൽഹി: മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിന്റെ കബറടക്കം വ്യാഴാഴ്ച ജന്മനാടായ രാമേശ്വരത്ത് നടക്കും. നാളെ രാവിലെ അദ്ദേഹത്തിന്റെ മൃതദേഹം രാമേശ്വരത്തേക്കു കൊണ്ടുപോകും.

വ്യാഴാഴ്ച രാവിലെ പത്തരയ്ക്കാണ് കബറടക്കം നടക്കുന്നത്. നാളെ വൈകിട്ട് അദ്ദേഹത്തിന്റെ വീടിന് അടുത്തുള്ള മൈതാനത്തിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും.

ഇന്നലെ ഷില്ലോങ്ങിൽ പ്രഭാഷണത്തിനിടെയാണ് ഡോ. എ പി ജെ അബ്ദുൾ കലാം കുഴഞ്ഞുവീണു മരിച്ചത്. മൃതദേഹം ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഇന്നു രാവിലെ ഡൽഹിയിലെ പാലം വിമാനത്താവളത്തിൽ എത്തിക്കുകയായിരുന്നു. രാഷ്ട്രപതി പ്രണബ് മുഖർജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ഹമീദ് അൻസാരി, മന്ത്രിമാർ, വിവിധ രാഷ്ട്രീയ നേതാക്കൾ എന്നിവർ കലാമിന് അന്ത്യാഞ്ജലി അർപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് വിമാനത്താവളത്തിൽ മൃതദേഹം ഏറ്റുവാങ്ങിയത്. രാജാജി മാർഗിലെ ഔദ്യോഗിക വസതിയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം ദർശനത്തിനു വച്ചത്. കര, വ്യോമ, നാവിക സേനാമേധാവികൾ, ഡൽഹി ഗവർണർ നജീബ് ജുങ്, മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, പ്രതിരോധമന്ത്രി മനോഹർ പരീക്കർ, സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു. മുൻ രാഷ്ട്രപതിക്ക് സൈന്യം ഗാർഡ് ഓഫ് ഓണറും നൽകി.

വൈകിട്ടു നാലുമുതൽ മൃതദേഹം പൊതുദർശനത്തിന് വച്ചു. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ രാജാജി നഗറിലുള്ള പത്താം നമ്പർ വസതിയിലാണ് പൊതുദർശനം. ഇതിനു പിന്നാലെയാണ് കലാമിന്റെ സംസ്‌കാരം വ്യാഴാഴ്ച നടക്കുമെന്ന് അധികൃതർ അറിയിച്ചത്. രാവിലെ 10.30ന് രാമേശ്വരത്താണ് കബറടക്കമെന്ന് രാമേശ്വരം കലക്ടർ അറിയിച്ചു. ബന്ധുക്കളുടെ ആവശ്യാനുസരണമാണ് രാമേശ്വരത്തു തന്നെ സംസ്‌കാരം നടത്താനുള്ള തീരുമാനം. സംസ്‌കാരം നടക്കുന്ന ദിവസങ്ങളിൽ പാർലമെന്റ് സമ്മേളിക്കില്ല.

ഷില്ലോങ്ങിൽനിന്ന് സൈനിക ഹെലിക്കോപ്റ്ററിൽ ഗുവഹാത്തിയിൽ എത്തിച്ചശേഷമാണ് മൃതദേഹം സൂപ്പർ ഹെർക്കുലീസ് വിമാനത്തിൽ ഡൽഹിയിലേക്ക് കൊണ്ടുവന്നത്. അസം മുഖ്യമന്ത്രി തരുൺ ഗോഗോയ് അടക്കമുള്ള നേതാക്കൾ ഗുവഹാത്തിയിൽ ഡോ.അബ്ദുൽ കലാമിന് അന്ത്യോപചാരം അർപ്പിച്ചു.

 

അതിനിടെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ശാസ്ത്ര വിഷയങ്ങളിൽ അഭിരുചി വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച രാഷ്ട്രീയ ആവിഷ്‌കാർ അഭിയാൻ പദ്ധതിക്ക് കലാമിന്റെ പേര് നൽകി കേന്ദ്രസർക്കാർ ആദരവ് പ്രകടിപ്പിച്ചു. ഇക്കാര്യം മാനവശേഷി വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ് അറിയിച്ചത്. സ്വാഭിമാനമുള്ള സ്വാവലംബിയായ ഭാരതത്തെ സ്വപ്നം കണ്ടയാളായിരുന്നു ഡോ. കലാമെന്ന് സ്മൃതി ഇറാനി പറഞ്ഞു. കഴിഞ്ഞ ജൂലൈ 9ന് കലാം തന്നെയായിരുന്നു രാഷ്ട്രീയ ആവിഷ്‌കാർ അഭിയാൻ ഉദ്ഘാടനം ചെയ്തത്.

തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ മേഘാലയയിലെ ഷില്ലോങ്ങിൽ ഐ.ഐ.എം. സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെ ഹൃദയാഘാതത്തെത്തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി ഒമ്പതുമണിയോടെയാണ് മരണം സ്ഥിരീകരിച്ചത്.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അബ്ദുൾ കലാമിന്റെ സംസ്‌കാരചടങ്ങിൽ പങ്കെടുക്കും

പി ജെ അബ്ദുൾ കലാമിന്റെ സംസ്‌കാര ചടങ്ങുകളിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും പങ്കെടുക്കും. ഇതിനായി ഇരുവരും വ്യാഴാഴ്ച രാമേശ്വരത്ത് എത്തും. മുഖ്യമന്ത്രിയുടെയും സ്പീക്കർ എൻ ശക്തന്റെയും രണ്ടാം തീയതി വരെയുള്ള എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായും അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP