Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശതകോടികൾ വെട്ടിച്ച കൂടുതൽ കോർപ്പറേറ്റുകളുടെ വിവരങ്ങൾ പുറത്ത്; 800 കോടിയിലധികം വെട്ടിച്ച റോട്ടോമാക് പെൻ ഉടമ രാജ്യംവിട്ടു; പലിശയടക്കം വിവിധ ബാങ്കുകൾക്ക് അടയ്ക്കാനുള്ളത് 5000 കോടി

ശതകോടികൾ വെട്ടിച്ച കൂടുതൽ കോർപ്പറേറ്റുകളുടെ വിവരങ്ങൾ പുറത്ത്; 800 കോടിയിലധികം വെട്ടിച്ച റോട്ടോമാക് പെൻ ഉടമ രാജ്യംവിട്ടു; പലിശയടക്കം വിവിധ ബാങ്കുകൾക്ക് അടയ്ക്കാനുള്ളത് 5000 കോടി

ന്യൂഡൽഹി: പാവങ്ങളെ പിഴിയാൻ ജാഗ്രത കാണിക്കുന്ന ബാങ്കുകൾ കോർപ്പറേറ്റുകൾക്ക് വാരിക്കോരി വായ്പ നൽകുന്നതും അതിൽ തിരിച്ചടവ് മുടങ്ങുന്നതോടെ കിട്ടാക്കടമായി എഴുതി തള്ളുന്നതും വലിയ ചർച്ചയാകുന്നതിനിടെ വീണ്ടുമൊരു തട്ടിപ്പ് വാർത്ത കൂടി. വിവിധ ബാങ്കുകളിൽ നിന്നായി എണ്ണൂറുകോടിയിലധികം രൂപ തട്ടിച്ച റോട്ടോമാക് പെൻ ഉടമ വിക്രം കോത്താരി രാജ്യം വിട്ടതായ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. യൂണിയൻ ബാങ്ക്, അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയിൽനിന്ന് വായ്പയെടുത്ത കോത്താരി ഒരൂ രൂപപോലും തിരിച്ചടച്ചിട്ടല്ലെന്നാണ് കേസ്. പലിശയടക്കം 5,000 കോടി രൂപയോളം തിരിച്ചടവുണ്ടെന്നാണ് റിപ്പോർട്ട്.

പഞ്ചാബ് നാഷണൽ ബാങ്ക് സാമ്പത്തിക തട്ടിപ്പിനു പിന്നാലെ കൂടുതൽ ക്രമക്കേടുകളാണ് പുറത്തുവരുന്നത്. ബാങ്കിങ് ചട്ടങ്ങൾ അട്ടിമറിച്ചാണു കോത്താരിക്ക് ഇത്രയും വലിയ തുക ബാങ്കുകൾ നൽകിയതെന്നും ആരോപണമുയർന്നിട്ടുണ്ട്. കോത്താരിയുടെ സ്വത്തുകൾ കണ്ടുകെട്ടുമെന്ന് അലഹബാദ് ബാങ്ക് മാനേജ്‌മെന്റ് പ്രതികരിച്ചു. ഒരാഴ്ചയായി കാൺപുർ നഗരത്തിലെ കോത്താരിയുടെ ഓഫിസ് പൂട്ടിയിട്ട നിലയിലാണ്. 45 വർഷത്തിലധികമായി വ്യവസായം ചെയ്യുന്നയാൾ ഇപ്പോൾ എവിടെയാണെന്നു പോലും അറിയില്ല. അതേസമയം, കോത്താരി കാൺപുരിലുണ്ടെന്നും വിഷയം പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും റോട്ടോമാക് ഗ്രൂപ്പ് പ്രസ്താവനയിൽ അറിയിച്ചു.

മുമ്പ് വിജയ് മല്യയുടെ കാര്യത്തിലുൾപ്പെടെ കേന്ദ്രസർക്കാർ ഉദാസീന നയം സ്വീകരിക്കുന്നു എന്ന ആക്ഷേപം ഉയർന്നതിന് പിന്നാലെയാണ് ഇപ്പോൾ ഇത്തരത്തിൽ ശതകോടീശ്വരന്മാർ ബാങ്കുകളെ വെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ വരുന്നത്. പഞ്ചാബ് നാഷനൽ ബാങ്കിലെ (പിഎൻബി) ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പ്രമുഖ വ്യവസായി നീരവ് മോദിയും സംഘവും കബളിപ്പിച്ചത് ഏഴു ബാങ്കുകളെയെന്ന വിവരവും ചർച്ചയായിട്ടുണ്ട്. അഞ്ചു രാജ്യങ്ങളിലേക്കും കള്ള ഇടപാടുകൾ നടന്നു. പിഎൻബിയുടെ ജാമ്യരേഖ നിയമവിരുദ്ധമായി സംഘടിപ്പിച്ച് വിവിധ ബാങ്കുകളുടെ വിദേശ ശാഖകളിൽനിന്ന് ഹ്രസ്വകാല വായ്പകളെടുത്തായിരുന്നു തട്ടിപ്പ്. ഇതിനിടെ വിവാദത്തിൽ രാഷ്ട്രീയവും ചർച്ചയാവുകയാണ്. എല്ലാത്തിനും പിന്നിൽ ബിജെപിയാണെന്ന് കോൺഗ്രസ് പറയുന്നു. എന്നാൽ കോൺഗ്രസിനെ വെട്ടിലാക്കുന്ന തെളിവുകളും പുറത്തുവന്നു. ഇതോടെ രാഷ്ട്രീയ പോര് അതിശക്തമാണ്.

ഇത്തരത്തിൽ കേന്ദ്രംഭരിച്ച കോൺഗ്രസ്സിനും ബിജെപിക്കും ഇത്തരം തട്ടിപ്പുകാർക്ക് ഒത്താശ ചെയ്യുന്നതിൽ ഒരുപോലെ പങ്കുണ്ടെന്ന വിവരമാണ് ചർച്ചയാകുന്നത്. നീരവ് മോദിയുടെ കീഴിലുള്ള സ്ഥാപനത്തിൽ കോൺഗ്രസ് നേതാവ് അഭിഷേക് സിങ്വിയുടെ ഭാര്യയ്ക്കും മകനും ഓഹരി പങ്കാളിത്തമുണ്ടെന്ന ആരോപണവുമായി ബിജെപി രംഗത്തുവന്നു. അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിച്ച ബിജെപി നേതാവും പ്രതിരോധ മന്ത്രിയുമായ നിർമല സീതാരാമനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിങ്വി പ്രതികരിച്ചു.

നീരവിന്റെ ഉടമസ്ഥതയിൽ മുംബൈയിലുള്ള ഫയർ സ്റ്റാർ ഡയമണ്ട് എന്ന പേരിലുള്ള കമ്പനിയിൽ സിങ്വിയുടെ ഭാര്യ അനിത 2002 മുതൽ പങ്കാളിയാണെന്നും ഡയറക്ടർ പദവിയാണ് അവർ വഹിക്കുന്നതെന്നും വാർത്താസമ്മേളനത്തിൽ നിർമല സീതാരാമൻ ആരോപിച്ചു. യുപിഎ സർക്കാരിന്റെ കാലത്താണു തട്ടിപ്പു നടന്നത്. ഇക്കാര്യത്തിൽ കോൺഗ്രസ് നുണപ്രചാരണം നടത്തുകയാണ്. നീരവ് മോദി രാജ്യം വിട്ടെന്നതു ശരിയാണ്. പക്ഷേ, കേന്ദ്രസർക്കാർ അദ്ദേഹത്തിനെതിരെ കർശന നടപടി സ്വീകരിക്കുന്നുണ്ട്. അഴിമതിക്കാതെ രാജ്യം വിടാൻ കേന്ദ്രസർക്കാർ സഹായിക്കുന്നില്ല; മറിച്ച് അവരെ പിടികൂടാൻ ശ്രമിക്കുകയാണ് നിർമല വ്യക്തമാക്കി.

നേരത്തെ നീരവ് മോദിക്കും കൂട്ടർക്കും അന്യായമായി കോടികളുടെ വായ്പ ലഭ്യമാക്കിയ കേസിൽ പഞ്ചാബ് നാഷനൽ ബാങ്ക് റിട്ട. ഡപ്യൂട്ടി മാനേജരടക്കം മൂന്നു പേരെ സിബിഐ അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ടു മലയാളി ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ബാങ്കിന്റെ മുംബൈ സോണൽ ശാഖാ ഡപ്യൂട്ടി മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണു മലയാളിയായ അനിയത്ത് ശിവരാമൻ നായരെയും പ്രതിചേർത്തിരിക്കുന്നത്. നീരവിന്റെ ബന്ധുവും വ്യാപാര പങ്കാളിയുമായ മെഹുൽ ചോക്സിയുടെ കീഴിൽ മുംബൈ ആസ്ഥാനമായുള്ള ഗില്ലി ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടറാണു ശിവരാമൻ നായർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP