Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കസ്തൂരിരംഗനൊപ്പം ഗാഡ്ഗിൽ റിപ്പോർട്ടും പരിഗണനയിലെന്ന് വ്യക്തമാക്കി കേന്ദ്രം; ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയുള്ള നോട്ടിഫിക്കേഷനെ കുറിച്ച് മൗനം; മലയോര മേഖലകളെ ആശങ്കയിലാഴ്‌ത്തി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നീക്കം വീണ്ടും

കസ്തൂരിരംഗനൊപ്പം ഗാഡ്ഗിൽ റിപ്പോർട്ടും പരിഗണനയിലെന്ന് വ്യക്തമാക്കി കേന്ദ്രം; ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയുള്ള നോട്ടിഫിക്കേഷനെ കുറിച്ച് മൗനം; മലയോര മേഖലകളെ ആശങ്കയിലാഴ്‌ത്തി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നീക്കം വീണ്ടും

ന്യൂഡൽഹി: കസ്തൂരി രംഗൻ റിപ്പോർട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മലയോര മേഖലയിൽ ആശങ്ക നിലനിൽക്കെ, അതിനും മുമ്പുള്ള ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് തള്ളാതെ കേന്ദ്ര സർക്കാർ. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി അനിൽ മാധവ് ദവെയാണ് നിലപാട് വിശദീകരിക്കുന്നത്. രണ്ടു റിപ്പോർട്ടുകളാണ് പരിഗണനയിലുള്ളതെന്നും ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് തള്ളിയിട്ടില്ലെന്നും കേരളത്തിൽനിന്നുള്ള എംപിമാരുടെ യോഗത്തിനു ശേഷം മന്ത്രി പറഞ്ഞു.

ഉപഗ്രഹചിത്രങ്ങൾ മുഖേന പഠനം നടത്തിയതിനാൽ കൃഷിയിടങ്ങൾ പോലും വനമേഖലയായി ചിത്രീകരിക്കപ്പെട്ടുവെന്നത് കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ പോരായ്മ. കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുറത്തിറക്കിയ കരട് വിജ്ഞാപനമാണു നിലവിലുള്ളത്. കരട് വിജ്ഞാപനത്തിൽ പരാമർശിച്ച ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി അന്തിമവിജ്ഞാപനം ഇറക്കണമെന്ന ആവശ്യം ഉയരുന്നതിനിടയിലാണ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കിയേക്കുമെന്ന് കേന്ദ്ര സർക്കാർ സൂചിപ്പിക്കുന്നത്. ഇത് മലയോര മേഖലയിൽ പ്രതിഷേധത്തിന് ഇട നൽകിയിട്ടുണ്ട്. ഗാഡ്ഗിലിനെതിരെ ശക്തമായ നിലപാടാണ് കേരളം എടുത്തിട്ടുള്ളത്.

ഏതു റിപ്പോർട്ടാണു നടപ്പാക്കുന്നതെങ്കിലും ആറു മാസത്തിനകം അന്തിമ വിജ്ഞാപനം ഇറക്കും. ഇതിനായി കേരളത്തിൽ വച്ച് വീണ്ടും എംപിമാരുടെ യോഗം ചേരും. ജനപ്രതിനിധികളുടെ ആശങ്ക കണക്കിലെടുക്കുന്നു. അവരുടെ വാക്കുകൾ വിശ്വാസത്തിലെടുക്കും. പരിസ്ഥിതി മന്ത്രാലയം എല്ലാവർക്കും മുന്നിൽ വാതിൽ തുറന്നിട്ടിരിക്കുകയാണ്. എല്ലാവർക്കും നിർദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാം. ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ചേ അന്തിമ വിജ്ഞാപനം ഇറക്കൂ. പശ്ചിമഘട്ടത്തിന്റെ സംരക്ഷണം അനിവാര്യമാണ്. അതിനൊപ്പം ജനങ്ങളുടെ സുരക്ഷയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും പ്രാധാന്യം നൽകണം. മൂന്നാമതൊരു റിപ്പോർട്ട് തയ്യാറാക്കാനായി പുതിയ സമിതിയെ നിയോഗിക്കുന്നത് ആലോചനയിലില്ലെന്നും മന്ത്രി പറഞ്ഞു.

എന്നാൽ ഏത് റിപ്പോർട്ടാണ് നടപ്പാക്കാത്തതെന്ന് വ്യക്തമായി പറയാത്തത് ആശങ്ക സജീവമാക്കുന്നു. കസ്തൂരി രംഗൻ റിപ്പോർട്ടിലും പ്രശ്‌നങ്ങളുണ്ട്. ജനവാസ കേന്ദ്രങ്ങളും ഇതും പൂർണ്ണമായും ഒഴിവാക്കുന്നില്ല. അതുകൊണ്ട് തന്നെ പുതിയ സമിതിയെ നിയോഗിക്കണമെന്നതായിരുന്നു കേരളത്തിലെ മലയോര നിവാസികളുടെ ആവശ്യം. അത് പൂർണ്ണമായും അംഗീകരിക്കില്ലെന്നാണ് മന്ത്രി നൽകുന്ന സൂചന. ഇത് മലയോര മേഖലകളെ വീണ്ടും സംഘർഷത്തിലേക്കും പ്രതിഷേധത്തിലേക്കും തള്ളിവിടും.

പശ്ചിമഘട്ടം സംരക്ഷണത്തിനായി 2010 മാർച്ചിലാണ് യു.പി.എ. സർക്കാർ മാധവ് ഗാഡ്ഗിൽ കമ്മിറ്റിയെ നിയോഗിച്ചത്. സംസ്ഥാനത്തെ 14 താലൂക്കുകൾ പരിസ്ഥിതി ദുർബല മേഖലയായി കണക്കാക്കണമെന്നും സംരക്ഷണ നടപടികൾ സ്വീകരിക്കണമെന്നും 2011 മാർച്ചിൽ സമർപ്പിച്ച റിപ്പോർട്ടിൽ കമ്മിറ്റി ശിപാർശ ചെയ്തു. ഇടുക്കി ജില്ലയിലെ നാലു താലൂക്കുകളും പരിസ്ഥിതി ദുർബല മേഖലയായി കണക്കാക്കുന്ന രീതിയിലായിരുന്നു ഗാഡ്ഗിൽ റിപ്പോർട്ടിലെ ശിപാർശ.

പ്രാദേശിക യോഗങ്ങൾ വിളിച്ചും ശാസ്ത്രീയ പഠനങ്ങൾ നടത്തിയും തയാറാക്കിയ റിപ്പോർട്ടിനെതിരേ പ്രതിഷേധം വ്യാപകമായതോടെയാണ് ഇതേക്കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ കസ്തൂരിരംഗൻ കമ്മിറ്റിയെ നിയോഗിച്ചത്.2012 സെപ്റ്റംബറിൽ പ്രവർത്തനം തുടങ്ങിയ കസ്തൂരി രംഗൻ കമ്മിറ്റി 2013 ഏപ്രിലിൽ റിപ്പോർട്ട് നൽകി. പരിസ്ഥിതി ദുർബല മേഖലയുടെ എണ്ണം 121 വില്ലേജുകളായി ചുരുക്കിയെങ്കിലും ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കപ്പെട്ടില്ലെന്നു കുറ്റപ്പെടുത്തി മലയോര ജനത പ്രതിഷേധവുമായി രംഗത്തിറങ്ങി. ഇത് കണ്ടില്ലെന്ന് നടിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കി കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കണമെന്നതാണ് കേരളത്തിന്റെ നിലപാട്. അപ്പോഴും മാറ്റങ്ങൾ വേണമെന്ന് ആവശ്യപ്പെടുന്നു. രണ്ടു റിപ്പോർട്ടുകളും പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നാമതൊരു കമ്മിറ്റിയെ നിയോഗിക്കണമെന്നാണ് ചുരുക്കത്തിൽ കേരള സർക്കാരിന്റെ നിലപാട്. ഇതിനിടെ ഗാഡ്ഗിൽ റിപ്പോർട്ട് വീണ്ടും ചർച്ചയാക്കാനും ജനങ്ങളെ ബോധവത്കരിച്ച് നടപ്പാക്കാനുമാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP