അർദ്ധരാത്രിയിൽ പെൺകുട്ടികളെ ഫോൺ ചെയ്ത് ശല്യപ്പെടുത്തൽ; കട്ട് ചെയ്താൽ വീണ്ടും വീണ്ടും വിളിക്കും; പിറന്നാൾ ആശംസയ്ക്ക് പിന്നാലെ വന്നത് വീട്ടിൽ ഭാര്യയില്ലെന്നും ആരാണ് ഭക്ഷണം ഉണ്ടാക്കുക നീ വരണമെന്നുമുള്ള ആവശ്യം; ഹോസ്റ്റൽ ചുമതലയുള്ള പ്രൊഫസറെ രക്ഷിക്കാനുള്ള കുതന്ത്രങ്ങൾ പൊളിച്ച് ഗവർണ്ണറുടെ ഇടപെടൽ; പഞ്ചാബിലെ ജിബി പാന്ത് സർവ്വകലാശാല വിവാദത്തിൽ
November 15, 2019 | 12:48 PM IST | Permalink

സ്വന്തം ലേഖകൻ
ന്യൂഡൽഹി: പാചകം ചെയ്യാൻ ആവശ്യപ്പെട്ട് വിദ്യാർത്ഥിനിയെ പ്രൊഫസർ വീട്ടിലേക്ക് വിളിച്ചത് വിവാദത്തിൽ. പഞ്ചാബിലെ ജിബി പാന്ത് സർവ്വകലാശാലയിലാണ് സംഭവം.
വീട്ടിൽ ഭാര്യയില്ലെന്നും പാചകം ചെയ്യാൻ വരണമെന്നും ആവശ്യപ്പെട്ട് അർദ്ധരാത്രിയിലാണ് പ്രൊഫസർ വിദ്യാർത്ഥിനിയെ വിളിച്ചത്.ഒക്ടോബറിൽ നടന്ന സർവ്വകലാശാല അച്ചടക്ക സമിതിയോഗത്തിൽ വൈസ് ചാൻസലർക്കു മുമ്പാകെ ഇക്കാര്യം ഉന്നയിച്ചെങ്കിലും രേഖാമൂലം പരാതി ലഭിക്കാത്ത സാഹചര്യത്തിൽ ഇതുവരെ നടപടി എടുത്തില്ല. പാന്ത് സർവ്വകലാശാല വിദ്യാർത്ഥി ക്ഷേമ അംഗം സലിൽ തിവാരിയാണ് ഇക്കാര്യം പുറത്തു വിട്ടത്. ഹോസ്റ്റൽ ചുമതലയുണ്ടായിരുന്ന പ്രൊഫസറാണ് പെൺകുട്ടിയോട് മോശമായി പെരുമാറിയത്.
ഇയാൾ അർദ്ധ രാത്രിയിൽ പല പെൺകുട്ടികളേയും വിളിക്കാറുണ്ടെന്നും ഫോൺ കട്ടു ചെയ്താൽ വീണ്ടും വിളിച്ചുകൊണ്ടിരിക്കുമെന്നും പെൺകുട്ടി വിസിയോട് പരാതിപ്പെട്ടിരുന്നു. ഒരു ദിവസം രാത്രിയിൽ പിറന്നാൾ ആശംസകൾ എന്ന് ആദ്യം സന്ദേശം അയച്ചു. പിന്നീട് വീട്ടിൽ ഭാര്യയില്ലെന്നും ആരാണ് ഭക്ഷണം ഉണ്ടാക്കുക നീ വരണമെന്ന് ആവശ്യപ്പെട്ടതായും പെൺകുട്ടി പറഞ്ഞു. തെളിവായി സന്ദേശങ്ങൾ കാണിച്ചുകൊടുത്തെങ്കിലും പ്രൊഫസർക്കെതിരെ കടുത്ത നടപടിയൊന്നും ഉണ്ടായില്ലെന്നും പെൺകുട്ടി ആരോപിച്ചു.
സംഭവത്തിനു ശേഷം പ്രൊഫസറെ ഹോസ്റ്റൽ ചുമതലയിൽ നിന്നും മാറ്റിയതായി അധികൃതർ വ്യക്തമാക്കി. എന്നാൽ ഇയാൾക്കെതിരെ മറ്റുനടപടികളൊന്നും ഉണ്ടായില്ല. പരാതി രൂക്ഷമായതോടെ വിഷയത്തിൽ ഗവർണർ ഇടപെട്ടു. പെൺകുട്ടിയുടെ പരാതിയിൽ വിസി അന്വേഷണം നടത്തണമെന്നും തക്കതായ നടപടി എടുക്കണമെന്നും ഗവർണർ ബേബി റാണി മൗര്യ ആവശ്യപ്പെട്ടു.
ഗവർണറുടെ നിർദ്ദേശ പ്രകാരം വിഷയത്തിൽ വേണ്ട നടപടി സ്വീകരിക്കുമെന്ന് പാന്ത് സർവ്വകലാശാല രജിസ്ട്രാർ എപി ശർമ്മ പറഞ്ഞു. വിഷയം ഗൗരവകരമായി പരിഗണിക്കും, പ്രൊഫസറെ ഹോസ്റ്റൽചുമതലയിൽ നിന്നും നീക്കയിട്ടുണ്ട്. പെൺകുട്ടികളുടെ പ്രശ്നത്തിന് പരിഹാരം കാണുമെന്നുംശർമ്മ പറഞ്ഞു.