Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഘർ വാപ്പസി ചർച്ചയായി; ന്യൂനപക്ഷങ്ങൾ ഭീതിയിലും; വികസന അജണ്ട അട്ടിമറിക്കാൻ എന്ന പരാതിയുമായി പ്രധാനമന്ത്രി; മോദി പരിഭവിച്ചിട്ടും ആർഎസ്എസും വിഎച്ച്പിയും മുന്നോട്ട്

ഘർ വാപ്പസി ചർച്ചയായി; ന്യൂനപക്ഷങ്ങൾ ഭീതിയിലും; വികസന അജണ്ട അട്ടിമറിക്കാൻ എന്ന പരാതിയുമായി പ്രധാനമന്ത്രി; മോദി പരിഭവിച്ചിട്ടും ആർഎസ്എസും വിഎച്ച്പിയും മുന്നോട്ട്

ഹിന്ദുമതത്തിലേക്ക് പുനർ മതപരിവർത്തനം നടത്തുന്ന വിഎച്ച്പിയുടെ ഘർ വാപ്പസി പരിപാടിയോട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനിഷ്ടം. സർക്കാരിന്റെ വികസന അജൻഡ അട്ടിമറിക്കാൻ ഇത് രാഷ്ട്രീയ പ്രതിയോഗികൾ ആയുധമാക്കുമെന്നാണ് മോദിയുടെ പക്ഷം. തന്റെ പരിഭവം മോദി വിഎച്ച്പി നേതാക്കളെ നേരിട്ടറിയിക്കുകയും ചെയ്തു. ഇതോടെ, രാജ്യത്തുടനീളം വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്ന ഘർവാപ്പസി പരിപാടി തൽക്കാലം നിർത്തിവെക്കാൻ വിഎച്ച്പി നേതാക്കൾ വാക്കാൽ നിർദ്ദേശം നൽകിയിട്ടുണ്ട്.

എന്നാൽ, ഘർ വാപ്പസി പരിപാടി നിർത്തിവെക്കാനുള്ള നേതാക്കളുടെ നിർദേശമൊന്നും ഫലത്തിൽ കാണുന്നില്ലെന്നതാണ് യാഥാർഥ്യം. ഘർ വാപ്പസി പരിപാടി പുതിയതായി നടത്താനോ നടത്തിവരുന്ന പരിപാടികൾ നിർത്തുവെയ്ക്കാനോ ആവശ്യപ്പെട്ടിട്ടില്ലെന്ന് വിഎച്ച്പി അന്താരാഷ്ട്ര പ്രസിഡന്റ് പ്രവീൺ തൊഗാഡിയ പറഞ്ഞു. ഞായറാഴ്ച മാത്രം ആറുലക്ഷത്തോളം പേർ ഹിന്ദുമതത്തിലേക്ക് പുനർ മതപരിവർത്തനം നടത്തിയതായി വിഎച്ച്പി മധ്യപ്രദേശ് ഘടകം വ്യക്തമാക്കി. കേരളത്തിലും മുപ്പതിലേറെപ്പേർ മതപരിവർത്തനം നടത്തി.

ഗുജറാത്തിലെ വൽസാഡിൽ 500-ഓളം പേരെ മതപരിവർത്തനം നടത്തിയ സംഭവമാണ് മോദിയുടെ അനിഷ്ടത്തിന് കാരണമായത്. എന്നാൽ, പ്രധാനമന്ത്രിയുടെ അനിഷ്ടം അത്ര ഗൗരവത്തോടെ കാണേണ്ട കാര്യമില്ലെന്ന മട്ടിലാണ് വിഎച്ച്പി നേതാക്കളുടെ പ്രതികരണം. ഹിന്ദുത്വത്തെ സംരക്ഷിക്കുന്ന സർക്കാരാണ് ഇപ്പോഴുള്ളതെന്ന് വിഎച്ച്പി തലവൻ അശോക് സിംഗാൾ പറഞ്ഞു.

ഗുജറാത്തിൽ വിഎച്ച്പിയുടെ ഒരു പരിപാടികളും നിയന്ത്രിക്കാൻ നിർദ്ദേശം വന്നിട്ടില്ലെന്നും സംഘടനയ്ക്ക് യാതൊരു സമ്മർദവുമില്ലെന്നും സംസ്ഥാനത്തെ നേതാക്കൾ പറഞ്ഞു. എന്നാൽ, പുതിയതായി നടക്കുന്ന ഘർവാപ്പസി പരിപാടികളുടെ വിശദാംശങ്ങൾ പുറത്തുവിടേണ്ടെന്ന് പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുള്ളതായും റിപ്പോർട്ടുണ്ട്.

വിഎച്ച്പിയും ആർഎസ്എസ്സും ഘർ വാപ്പസ്സി പരിപാടികളുമായി മുന്നോട്ടുപോകുമ്പോൾ രാജ്യത്തെ ന്യൂനപക്ഷങ്ങൾ കടുത്ത ആശങ്കയിലാണ്. രാജ്യത്ത് കടുത്ത വർഗീയ ധ്രുവീകരണത്തിലേക്ക് ഈ നടപടികൾ പോകുമോ എന്ന് ആശങ്കപ്പെടുന്നവരുമുണ്ട്. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ഇത്തരം നടപടികളിലൂടെ മറയ്ക്കപ്പെടുന്നതിന്റെ നിരാശ ബിജെപി നേതാക്കളും പങ്കുവെക്കുന്നു.

അതിനിടെ, ചരിത്രത്തിലെ ഏറ്റവും വലിയ ശക്തിപ്രകടനത്തിന് തയ്യാറെടുക്കുകയാണ് ആർഎസ്എസ്. ഡിസംബർ 25-ന് അലിഗഢിൽ നടത്താനിരുന്ന പുനർ മതപരിവർത്തന പരിപാടി മാറ്റിവച്ചെങ്കിലും, ഫെബ്രുവരിയിൽ ബുലന്ദേശ്വറിൽ വിപുലമായ സ്വയം സേവക് സംഗമം നടത്താനാണ് സംഘപരിവാർ പദ്ധതിയിടുന്നത്. സംഗമത്തിനെത്തുന്ന പ്രവർത്തകർ ആർഎസ്എസിന്റെ ഔദ്യോഗിക യൂണിഫോമിൽ വേണം എത്താൻ. പങ്കാളിത്തഫീസായി 30 രൂപയും നൽകണം. ക്രിസ്മസ് ദിനത്തിലെ പരിപാടി മാറ്റിവച്ചത് സംഘപരിവാർ പ്രവർത്തകർക്കിടയിൽ കടുത്ത നിരാശയ്ക്ക് കാരണമായിരുന്നു. അതൊഴിവാക്കാനാണ് സംഗപരിവാർ സംഗമം നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP