Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഷ്ട്രപിതാവിനെ വധിച്ച ഗോഡ്‌സെയെ തൂക്കിലേറ്റിയ ദിവസം ബലിദാൻ ദിവസമായി ആചരിക്കാനൊരുങ്ങി ഹിന്ദു മഹാസഭ; മഹാത്മാഗാന്ധിയെ വധിച്ചതിനെ ന്യായീകരിച്ചും നിലപാടുകൾ

രാഷ്ട്രപിതാവിനെ വധിച്ച ഗോഡ്‌സെയെ തൂക്കിലേറ്റിയ ദിവസം ബലിദാൻ ദിവസമായി ആചരിക്കാനൊരുങ്ങി ഹിന്ദു മഹാസഭ; മഹാത്മാഗാന്ധിയെ വധിച്ചതിനെ ന്യായീകരിച്ചും നിലപാടുകൾ

ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെയെ മഹത്വവൽക്കരിക്കാനുള്ള നീക്കങ്ങൾ ഹൈന്ദവ സംഘടനകൾ നടത്തുന്നതായുള്ള വാർത്തകൾ കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചുകാലമായി. ഇപ്പോഴിതാ ഗാന്ധിജിയെ വധിച്ചതിനെ ന്യായീകരിച്ചും ഗോഡ്‌സെയെ തൂക്കിലേറ്റിയ ദിവസം ബലിദാൻ ദിവസമായി ആചരിക്കാൻ ആഹ്വാനം ചെയ്തും ഒരു ഹൈന്ദവ സംഘടന രംഗത്തെത്തിയിരിക്കുന്നു.

അഖില ഭാരത ഹിന്ദു മഹാസഭയാണ് ഗോഡ്‌സെയെ തൂക്കിലേറ്റിയ ദിവസം ബലിദാൻ ദിവസമായി ആചരിക്കുന്നത്. മഹാത്മാഗാന്ധിയെ വധിച്ച കുറ്റത്തിന് 1949 നവംബർ 15ന് ആണ് ഗോഡ്‌സെയെ തൂക്കിലേറ്റിയത്. ഈ ദിവസം ബലിദാൻ ദിവസമായി ആചരിക്കാനാണ് തീരുമാനം.

ഗാന്ധിയെക്കാൾ രാജ്യസ്‌നേഹിയായിരുന്നു ഗോഡ്‌സെ എന്ന് ഹിന്ദു മഹാസഭ പ്രസിഡന്റ് ചന്ദ്രപ്രകാശ് കൗശിക് പറഞ്ഞു. ഗോഡ്‌സെ എന്തിനാണ് ഗാന്ധിയെ വധിച്ചതെന്ന് ചിന്തിക്കേണ്ട ദിവസമാണ് ബലിദാൻ ദിവസം. ജില്ലാ അടിസ്ഥാനത്തിൽ ബലിദാൻ ദിവസം ആചരിക്കാൻ രാജ്യമൊട്ടാകെയുള്ള 120 കേന്ദ്രങ്ങൾക്ക് നിർദ്ദേശം നൽകിയതായി ചന്ദ്രപ്രകാശ് കൗശിക് അറിയിച്ചു. വലതുപക്ഷ സ്വഭാവമുള്ള സംഘടനകളെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

നാഥുറാം ഗോഡ്‌സെയുടെ ഇളയ സഹോദരനായ ഗോപാൽ ഗോഡ്‌സെ എഴുതിയ 'ഗാന്ധിവധം എന്തിന്?' എന്ന പുസ്തകത്തിന്റെ കോപ്പികളും അന്നേ ദിവസം വിതരണം ചെയ്യും. ഗാന്ധിയെ വധിച്ചതിന് ഗോപാൽ ഗോഡ്‌സെയും പ്രതി ചേർക്കപ്പെട്ടിരുന്നു. നാഥുറാം ഗോഡ്‌സെയുടെ ജീവിതത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾ നാടകം അരങ്ങിലെത്തിക്കും. അഖിലഭാരത ഹിന്ദു മഹാസഭയിലെ അംഗങ്ങൾ വിചാരണയ്ക്കിടെ ഗോഡ്‌സെ നടത്തിയ പ്രസംഗത്തിന്റെ ഭാഗങ്ങൾ വായിക്കുമെന്നും ചന്ദ്രപ്രകാശ് കൗശിക് അറിയിച്ചിട്ടുണ്ട്.

ഭഗത് സിങ്, വീർ സവർക്കർ തുടങ്ങിയവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി ഗോഡ്‌സെ രഥം എന്ന പേരിൽ പ്രത്യേക രഥം തയ്യാറാക്കാനും പദ്ധതിയുണ്ട്. രാജ്യമൊട്ടാകെ രഥയാത്ര നടത്തും. ഉത്തർപ്രദേശിൽ നിന്നായിരിക്കും യാത്ര ആരംഭിക്കുകയെന്നാണു ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. രാജസ്ഥാനും മഹാരാഷ്ട്രയുമാണ് ബലിദാൻ ദിവസ് ആചരിക്കുന്നതിൽ ഏറ്റവുമധികം താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നതെന്നും ചന്ദ്രപ്രകാശ് കൗശിക് പറഞ്ഞു.

ഗാന്ധിജി വെടിയേറ്റ് വീണ ബിർള മന്ദിറിന് സമീപത്തെ ഹിന്ദു മഹാസഭ ഓഫീസിലായിരിക്കും ഡൽഹിയിലെ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നതെന്നും കൗശിക് പറഞ്ഞു. ഗോഡ്‌സെയ്ക്കായി ക്ഷേത്രം നിർമ്മിക്കുമെന്ന് കഴിഞ്ഞ വർഷം ഹിന്ദു മഹാസഭ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗോഡ്‌സെയെ മഹത്വവത്കരിച്ചുകൊണ്ട് തീവ്രഹിന്ദു സംഘടന വീണ്ടും രംഗത്ത് വന്നിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP