Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വവർഗപ്രേമിയായ ഭർത്താവിനെതിരെ യുവതിയുടെ പരാതി; തിരുവനന്തപുരം സ്വദേശി ബംഗളൂരുവിൽ അറസ്റ്റിൽ

സ്വവർഗപ്രേമിയായ ഭർത്താവിനെതിരെ യുവതിയുടെ പരാതി; തിരുവനന്തപുരം സ്വദേശി ബംഗളൂരുവിൽ അറസ്റ്റിൽ

ബംഗളൂരു: സ്വവർഗപ്രേമിയായ മലയാളി യുവാവ് ഭാര്യയുടെ പരാതിയെത്തുടർന്ന് ബംഗളൂരുവിൽ അറസ്റ്റിലായി. ഇൻഫോസിസ് എൻജിനിയറും തിരുവനന്തപുരം സ്വദേശിയുമായ മുപ്പത്തിരണ്ടുകാരനാണ് സ്വവർഗ ബന്ധം നടത്തിയതിന് ഐപിസി 377ാം വകുപ്പ് പ്രകാരം അറസ്റ്റിലായത്. ഭാര്യ വീട്ടിൽ സ്ഥാപിച്ച ക്യാമറയിലാണ് യുവാവും പങ്കാളിയും ചേർന്നുള്ള ദൃശ്യങ്ങൾ പതിഞ്ഞത്. ദൃശ്യങ്ങൾ പൊലീസിന് കൈമാറിയതിനെ തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്.

അബുദാബിയിലാണ് യുവാവ് വളർന്നത്. ഭാര്യ ദന്തഡോക്ടറാണ്. 2013 നവംബറിലായിരുന്നു ഇവരുടെ വിവാഹം. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ചാണ് വിവാഹം നടന്നത്. യുവാവ് ഇൻഫോസിസിന്റെ മൈസൂർ ബ്രാഞ്ചിലും ഭാര്യ ബംഗളൂരുവിലുമാണ് ജോലി ചെയ്തിരുന്നത്. അതിനാൽ വിവാഹത്തിന് ശേഷമുള്ള ആദ്യത്തെ ആറു മാസം ഇരുവരും വേറിട്ടാണ് താമസിച്ചിരുന്നത്.

2014 മേയിൽ യുവാവിന് ബംഗളൂരുവിലേക്ക് സ്ഥലംമാറ്റം കിട്ടി. തുടർന്ന് ഭാര്യയുമൊത്ത് കർണാടകയിലെ മല്ലേശ്വരത്ത് വാടകയ്ക്ക് താമസം തുടങ്ങി. എന്നാൽ കഴിഞ്ഞ ആറു മാസമായി യുവാവ് ഭാര്യയെ ഒന്ന് തൊടുകയോ, ഇരുവരും തമ്മിൽ ശാരീരിക ബന്ധമോ ഉണ്ടായില്ല. ഇരുവരും വെവ്വേറെ മുറികളിലാണ് ഉറങ്ങിയിരുന്നതും.

ചുണ്ടുകൾക്ക് തിളക്കം വരുത്താൻ ഉപയോഗിക്കുന്ന പിങ്ക് നിറത്തിലുള്ള ജെൽ പോലുള്ളവ നിരന്തരം ഉപയോഗിക്കുന്നത് കണ്ടാണ് ഭാര്യയ്ക്ക് സംശയം തോന്നിയത്. ചുണ്ടുകളിൽ കറുത്ത പാട് വരാൻ തുടങ്ങുമ്പോൾ തന്നെ യുവാവ് വീണ്ടും ഇത് ഉപയോഗിക്കുന്നതായും ഭാര്യ മനസിലാക്കി. മാത്രമല്ല യുവാവിന്റെ പെരുമാറ്റ രീതികളും സ്ത്രീകളുടേതിന് സമാനമായിരുന്നു. പലപ്പോഴും ഇതേക്കുറിച്ച് ചോദിച്ചെങ്കിലും യുവാവ് മറുപടിയൊന്നും നൽകിയില്ല.

രാവിലെ എട്ടു മണിക്ക് ജോലിക്ക് പോകുന്ന യുവാവ് രാത്രി പതിനൊന്ന് മണിയോടെയാണ് വീട്ടിലെത്തുന്നത്. ഭാര്യ എത്താൻ വൈകുന്ന ദിവസങ്ങളിൽ എല്ലാം യുവാവ് നേരത്തെ വീട്ടിൽ എത്തും. യുവാവിനൊപ്പം മറ്റ് പലപ്പോഴും ആൺസുഹൃത്തുക്കൾ വീട്ടിൽ വരാറുണ്ടെന്ന് അയൽക്കാർ ഭാര്യയോട് പറഞ്ഞു. മാത്രമല്ല ഭാര്യ വീട്ടിൽ ഇല്ലാത്ത ദിവസം അപരിചിതരും യുവാവിനൊപ്പം വീട്ടിലെത്തും. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ മുട്ടുന്യായങ്ങൾ പറഞ്ഞ് തടിതപ്പുകയായിരുന്നു യുവാവിന്റെ രീതി. ബിസിനസ് കാര്യങ്ങളും മറ്റും ചർച്ച ചെയ്യുന്നു എന്ന മറുപടിയും യുവാവ് ഭാര്യയ്ക്ക് നൽകിയിരുന്നു.

തുടർന്ന് യുവതി ഭർത്താവിന്റെ വീട്ടുകാരെ വിവരം അറിയിച്ചു. എന്നാൽ മകന് കുഴപ്പമൊന്നുമില്ലെന്നും ഭർത്താവിനെ ആകർഷിക്കാൻ യുവതിക്ക് കഴിയാത്തതാണ് പ്രശ്‌നമെന്നും മാതാപിതാക്കൾ പറഞ്ഞു. ഒത്തുപോകാൻ കഴിയില്ലെങ്കിൽ ബന്ധം വേർപെടുത്താനും നിർദ്ദേശിച്ചു.

തുടർന്നാണ് യുവതി സ്വന്തം നിലയിൽ അന്വേഷണം നടത്താൻ തീരുമാനിച്ചത്. ഹാൾ, കിടപ്പറ, അടുക്കള എന്നിവിടങ്ങളിലെല്ലാം കാമറകൾ സ്ഥാപിച്ചു. പിന്നീട് യുവതി തുംകൂറിലെ തന്റെ വീട്ടിലേക്ക് പോയി. തിരിച്ചുവന്ന യുവതി കാമറ പരിശോധിച്ചപ്പോൾ കണ്ടത് ഭർത്താവിന്റെ സ്വവർഗാനുരാഗത്തിന്റെ ദൃശ്യങ്ങളായിരുന്നു. ദൃശ്യങ്ങൾ സിഡിയിലാക്കി യുവതി പൊലീസിന് പരാതി നൽകുകയായിരുന്നു. ഭർത്താവിന്റെ അച്ഛനമ്മമാർക്കെതിരെയും കേസ് കൊടുത്തിട്ടുണ്ട്.

377ാം വകുപ്പ് പ്രകാരം സ്വവർഗരതി ജയിൽശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഡൽഹി ഹൈക്കോടതി 2009 ജൂലൈയിൽ ഈ വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ 2013 ഡിസംബറിൽ സുപ്രീംകോടതി ഈ വിധി അസാധുവാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP