ഊർജിത് പട്ടേലിനും അദ്ദേഹത്തിന്റെ സംഘത്തിനും നട്ടെല്ല് ഉണ്ടെന്നാണ് കരുതുന്നതെന്ന് രാഹുൽ ഗാന്ധി; മോദിയും കൂട്ടുകക്ഷികളും ഓരോ സ്വതന്ത്ര സ്ഥാപനങ്ങളെയും അവരുടെ കൈപ്പിടിയിലെതുക്കാൻ നശിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ
November 19, 2018 | 04:46 PM IST | Permalink

മറുനാടൻ ഡെസ്ക്
ന്യുഡൽഹി: റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേലിനും അദ്ദേഹത്തിന്റെ സംഘത്തിനും നട്ടെല്ല് ഉണ്ടെന്ന് കരുതുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്തെ ഓരോ സ്വതന്ത്ര്യ സ്ഥാപനങ്ങളെയും തകർക്കാൻ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അവർ ചെറുത്തുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുൽ ഗാന്ധി പറഞ്ഞു. ഓഫ് ഇന്ത്യയുടെ നിർണായക ബോർഡ് മീറ്റിങ് ചേരാനിരിക്കേയാണ് രാഹുലിന്റെ ട്വീറ്റ്.
''പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ കൂട്ടുകക്ഷികളും ഓരോ സ്വതന്ത്ര സ്ഥാപനങ്ങളെയും അവരുടെ കൈപ്പിടിയിലൊതുക്കാൻ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ റിസർവ് ബാങ്ക് ബോർഡ് യോഗത്തിലുള്ള അദ്ദേഹത്തിന്റെ പാവകൾ റിസർവ് ബാങ്കിനെ തകർക്കാൻ ശ്രമിക്കുന്നു. ഉർജിത് പട്ടേലിനും അദ്ദേഹത്തിന്റെ സംഘത്തിനും നട്ടെല്ല് ഉണ്ടെന്നും അത് തെളിയിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും'' രാഹുൽ പറയുന്നു.
റിസർവ് ബാങ്കിൽ നിന്നുള്ള അധിക കരുതൽ തുക കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത് ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ആർ.ബി.ഐയും ധനമന്ത്രാലയവുമായി അഭിപ്രായ ഭിന്നത തുടരുന്നതിനിടെയാണ് ഇന്നത്തെ യോഗം.നേരത്തെ ആർബിഐ ബോർഡ് യോഗത്തിൽ ഊർജിത് പട്ടേൽ രാജി പ്രഖ്യാപിക്കുന്നമെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് അടിസ്ഥാന രഹിതമാണെന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായി.
ആർബിഐയുടെ കരുതൽ ധനശേഖരത്തിന്റെ മൂന്നിലൊന്നും കൈമാറുന്നതിനു പുറമെ, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കുക, ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള വായ്പകൾ വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ടുവച്ചതാണ് കേന്ദ്രസർക്കാരും ആർബിഐയും തമ്മിലുള്ള ബന്ധം വഷളാക്കിയത്. ആർബിഐ ആക്ടിലെ 7-ാം വകുപ്പ് സർക്കാർ പ്രയോഗിക്കുമെന്നും വാർത്തകളുണ്ടായിരുന്നു.
