Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിശ്വസംസ്‌കാരവും സ്‌നേഹവും പഠിപ്പിക്കുന്ന ആചാര്യന് നിയമത്തോട് പരമപുച്ഛം; ട്രിബ്യൂണൽ വിധിയനുസരിച്ചുള്ള പിഴ അടയ്ക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് ശ്രീ ശ്രീ രവിശങ്കർ; നിയമം ലംഘിച്ച് ജയിലിലാകാൻ കാത്ത് ജീവനകലയുടെ സ്ഥാപകൻ

വിശ്വസംസ്‌കാരവും സ്‌നേഹവും പഠിപ്പിക്കുന്ന ആചാര്യന് നിയമത്തോട് പരമപുച്ഛം; ട്രിബ്യൂണൽ വിധിയനുസരിച്ചുള്ള പിഴ അടയ്ക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് ശ്രീ ശ്രീ രവിശങ്കർ; നിയമം ലംഘിച്ച് ജയിലിലാകാൻ കാത്ത് ജീവനകലയുടെ സ്ഥാപകൻ

ന്യൂഡൽഹി: ദേശീയ ഹരിത ട്രിബ്യൂണലിനെ (എൻ.ജി.ടി) വെല്ലുവിളിച്ചു ജീവനകലയുടെ ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ. ആരെന്തു പറഞ്ഞാലും വിശ്വ സാംസ്‌കാരികോൽസവവുമായി മുന്നോട്ട് പോകുമെന്നാണ് പ്രഖ്യാപനം. ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്റെ ചടങ്ങ് യമുനാ തീരത്ത് സൃഷ്ടിക്കുന്ന പരിസ്ഥിതി നാശം കണക്കിലെടുത്ത് സംഘാടകർ അഞ്ചുകോടി രൂപ പിഴയെടുക്കണമെന്ന ട്രിബ്യൂണൽ നിർദ്ദേശം ശ്രീ ശ്രീ രവിശങ്കർ അംഗീകരിക്കില്ല. നയാപൈസ പിഴ ഒടുക്കില്ലെന്നും അതിന്റെ പേരിൽ ജയിലിൽ പോകാൻ തയാറാണെന്നും ജീവനകലയുടെ ആചാര്യൻ അറിയിച്ചു. വിശ്വ സാംസ്‌കാരികോൽസവത്തിനായി ഏക്കറുകളോളം വിശാലമായ വേദിയടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത് യമുനാ തീരത്ത് വൻ പരിസ്ഥിതി ആഘാതമാണു സൃഷ്ടിച്ചതെന്നു ദേശീയ ഹരിത ട്രിബ്യൂണൽ കഴിഞ്ഞദിവസം വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടത്.

മൂന്നു ദിവസം നീളുന്ന വിശ്വ സാംസ്‌കാരികോൽസവം ഇന്നു തുടങ്ങാനിരിക്കെയാണ് ശ്രീ ശ്രീ രവിശങ്കറിന്റെ വെല്ലുവിളി. ഇതേസമയം, വിവാദ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. മുപ്പത്തിയഞ്ചു ലക്ഷത്തോളം പേർ ചടങ്ങിനെത്തുമെന്നാണ് ആർട്ട് ഓഫ് ലിവിങ്ങിന്റെ അവകാശവാദം. കൂറ്റൻ ചടങ്ങ് സൃഷ്ടിക്കുന്ന പരിസ്ഥിതി നാശം കണക്കിലെടുത്ത് പരിപാടി തുടങ്ങും മുമ്പ് അഞ്ചു കോടി രൂപ പിഴയും പരിസ്ഥിതി നാശത്തിനു പരിഹാരമെന്ന നിലയ്ക്കു വിദഗ്ധസമിതി പിന്നീടു നിശ്ചയിക്കുന്ന തുകയും അടയ്ക്കണമെന്നായിരുന്നു എൻ.ജി.ടി. മുന്നോട്ടുവച്ച പ്രധാന ഉപാധി. ഈ നിർദ്ദേശങ്ങളാണ് ശ്രീ ശ്രീ രവിശങ്കറും ആർട്ട് ഓഫ് ലിവിങ്ങും തള്ളിക്കളഞ്ഞത്. തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും ആർട്ട് ഓഫ് ലിവിങ് കളങ്കരഹിതമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായ നിലയ്ക്ക് അതു തടയാൻ കഴിയില്ലെന്ന നിസഹായാവസ്ഥ പ്രകടിപ്പിച്ചാണ് ചടങ്ങിനു ട്രിബ്യൂണൽ ഉപാധികളോടെ അനുമതി നൽകിയത്. പിഴ അടയ്ക്കില്ലെന്ന രവിശങ്കറിന്റെ നിലപാടും പൊലീസിന്റെയും അഗ്‌നിശമന സേനയുടെയും സി.പി.ഡബ്ലുവിന്റെയും അനുമതി ആർട്ട് ഓഫ് ലിവിങ് തേടിയില്ലെന്നും ചൂണ്ടിക്കാട്ടി പരാതിക്കാരനായ മനോജ് മിശ്ര ഇന്നലെയും ട്രിബ്യൂണലിനെ സമീപിച്ചു. പിഴ അടയ്ക്കാൻ ഇന്നുകൂടി സമയമുണ്ടെന്നും അതുണ്ടായില്ലെങ്കിൽ നിയമനടപടി ഉണ്ടാകുമെന്നും ട്രിബ്യൂണൽ വ്യക്തമാക്കി. എന്നാൽ ട്രിബ്യൂണൽ വിധിക്കെതിരെ ശ്രീ ശ്രീ രവിശങ്കർ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് സൂചന.

പരിസ്ഥിതി നാശത്തിനു നഷ്ടപരിഹാരമായി അഞ്ചുകോടി രൂപ പിഴയടച്ചു പരിപാടി നടത്താൻ ബുധനാഴ്ചയാണ് എൻജിടി ഉത്തരവിട്ടത്. പിഴയടച്ചില്ലെങ്കിൽ നിയമം അതിന്റെ വഴിതേടുമെന്ന് എൻജിടി അധ്യക്ഷൻ ജസ്റ്റിസ് സ്വതന്തർ കുമാർ നിരീക്ഷിച്ചു. കഴിഞ്ഞ ദിവസത്തെ നിർദേശങ്ങളിൽ എന്തെല്ലാം വിഷയങ്ങൾ ലംഘിച്ചുവെന്ന് അറിയിച്ചാൽ നടപടി സ്വീകരിക്കും. എൻജിടി ഉത്തരവു തൃപ്തികരമല്ലെന്ന് ജീവനകലയുടെ ആചാര്യൻ ശ്രീശ്രീ രവിശങ്കർ ട്വിറ്ററിൽ പ്രതികരിച്ചു. തെറ്റായ ഒരു കാര്യവും ചെയ്തിട്ടില്ല. ജയിലിൽ പോയാലും പണമടയ്ക്കില്ല. സാംസ്‌കാരിക ഉത്സവം രാഷ്ട്രീയവൽക്കരിക്കാൻ പാർട്ടികൾ ശ്രമിക്കരുത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനത്തിന് എത്തുമെന്നു ശ്രീശ്രീ വ്യക്തമാക്കി.

ഇതിനിടെ, ആർട്ട് ഓഫ് ലിവിങ്ങിനു കേന്ദ്ര സർക്കാർ സാമ്പത്തിക സഹായം നൽകിയതു സംബന്ധിച്ച വിവാദത്തിൽ വിശദീകരണവുമായി സാംസ്‌കാരിക മന്ത്രി മഹേഷ് ശർമ രംഗത്തെത്തി. കലാ-സാംസ്‌കാരിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംഘടന എന്ന നിലയിലാണു കേന്ദ്ര സർക്കാർ വിഹിതമായി 2.25 കോടി രൂപ നൽകിയത്. സ്പിക് മാകേ ഉൾപ്പെടെയുള്ള സംഘടനകൾക്കും സഹായം നൽകുന്നുണ്ടെന്നു മന്ത്രി പറഞ്ഞു.

1,200 അടി നീളവും 200 അടി വീതിയും 40 അടി ഉയരവുമുള്ള കൂറ്റൻ സ്‌റ്റേജാണ് ചടങ്ങിനായി ഒരുക്കിയിട്ടുള്ളത്. പരിശോധന നടത്താതെയാണ് ഡൽഹി വികസന അഥോറിറ്റി ചടങ്ങിന് അനുമതി നൽകിയതെന്നു ചൂണ്ടിക്കാട്ടി അവർക്കു ദേശീയ ഹരിത ട്രിബ്യൂണൽ അഞ്ചുലക്ഷം രൂപ പിഴ വിധിച്ചിരുന്നു. എന്നാൽ യമുനാതീരം നിരപ്പാക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നും ഒരു മരം പോലും വെട്ടിയിട്ടില്ലെന്നുമാണ് ആർട്ട് ഓഫ് ലിവിങ്ങിന്റെ നിലപാട്. യമുനയിൽ നിന്ന് അഞ്ചു ടണ്ണോളം മാലിന്യങ്ങൾ നീക്കംചെയ്‌തെന്നും അവർ അവകാശപ്പെട്ടിരുന്നു.

അതിനിടെ, സാംസ്‌കാരികോൽസവം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ കിസാൻ മസ്ദൂർ സമിതി സമർപ്പിച്ച ഹർജിയിൽ ഇടപെടാൻ ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂർ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വിസമ്മതിച്ചു. പരിപാടിക്ക് ഒരുക്കങ്ങൾ തുടങ്ങി നാളേറെയായിട്ടും പതിനൊന്നാം മണിക്കൂറിൽ ഹർജി സമർപ്പിച്ചതിന്റെ ഉദ്ദേശ്യശുദ്ധിയിൽ കോടതി സംശയവും പ്രകടിപ്പിച്ചു. പരാതിക്കാർക്ക് ഹരിത ട്രിബ്യൂണലിനെ സമീപിക്കാമെന്നു വ്യക്തമാക്കിയാണ് സുപ്രീം കോടതി ഹർജി തീർപ്പാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP