Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഈ രാജ്യത്ത് ഒരു നിയമം ഉണ്ടായിപ്പോയി; ഇല്ലായിരുന്നെങ്കിൽ 'ഭാരത് മാതാ കീ ജയ്' വിളിക്കാത്തവരുടെ തല വെട്ടിയേനേയെന്ന് രാംദേവ്

ഈ രാജ്യത്ത് ഒരു നിയമം ഉണ്ടായിപ്പോയി; ഇല്ലായിരുന്നെങ്കിൽ 'ഭാരത് മാതാ കീ ജയ്' വിളിക്കാത്തവരുടെ തല വെട്ടിയേനേയെന്ന് രാംദേവ്

റോത്തക്: 'ഭാരത് മാതാ കീ ജയ്' വിളിയുടെ പേരിൽ വീണ്ടും വിവാദം മുറുകുന്നു. ഈ രാജ്യത്ത് ഒരു നിയമം ഉണ്ടായിപ്പോയി, ഇല്ലായിരുന്നെങ്കിൽ ഭാരത് മാതാ കീ ജയ് വിളിക്കാത്തവരുടെ തലവെട്ടിയേനേയെന്ന് വിവാദ സ്വാമി രാംദേവ് രംഗത്തെത്തി. ആർഎസ്എസ് സംഘടിപ്പിച്ച സദ്ഭാവന റാലിയിലാണ് രാംദേവിന്റെ വിവാദ പ്രസ്താവന ഉണ്ടായത്.

'ഭാരത മാതാവിനെ ആദരിക്കില്ലെന്ന് ഏതെങ്കിലും ഒരു മതം നിലപാട് സ്വീകരിക്കുകയാണെങ്കിൽ ആ മതത്തിന് രാജ്യത്തോട് താത്പര്യമില്ലെന്നാണ് കാണിക്കുന്നത്. ചില തൊപ്പി വച്ച ആളുകൾ എഴുന്നേറ്റ് നിന്ന് പറയും നിങ്ങൾ എന്റെ തലയറുത്താലും ഞാൻ ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാൻ തയ്യാറല്ലെന്ന്. ഈ രാജ്യത്ത് ഒരു നിയമമുണ്ടായിപ്പോയി. ഇല്ലായിരുന്നെങ്കിൽ ഓരോരുത്തരെയായി തലയറുത്തേനെയെന്നും രാം ദേവ് പറഞ്ഞു.

എന്നാൽ ഞങ്ങൾ ഈ രാജ്യത്തെ നിയമവ്യവസ്ഥയെ ബഹുമാനിക്കുന്നു. അതുകൊണ്ടാണ് അത്തരത്തിൽ പ്രവർത്തിക്കാത്തത്. അല്ലായിരുന്നെങ്കിൽ ഭാരതമാതയെ അപമാനിക്കുന്നത് കണ്ടുനിൽക്കില്ലായിരുന്നു. ഒരാളുടേയോ ആയിരങ്ങളുടേയോ അല്ല. ലക്ഷക്കണക്കിന് പേരുടെ തല വെട്ടിയേനെയെന്നും രാംദേവ് പറഞ്ഞു.

ചില മതസംഘടനകൾ പറയുന്നു ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുന്നത് അവരുടെ മതത്തിന് എതിരാണെന്ന്. ഇത് കേട്ട് ഞാൻ അത്ഭുതപ്പെടുകയാണ്. നമ്മുടെ മാതൃരാജ്യത്തെ ബഹുമാനിക്കുന്നത് എങ്ങനെയാണ് മതത്തിന് വിരുദ്ധമാകുക. ഭാരത് മാതാ കീ ജയ് എന്നത് ഏതെങ്കിലും പ്രത്യേക മതം മാത്രം വിളിക്കുന്ന മുദ്രാവാക്യമല്ല ,അത് ഭാരതത്തോടുള്ള സ്‌നേഹബഹുമാനമാണ്. നമ്മൾ ഹിന്ദുവോ സിഖോ മുസ്ലീമോ ക്രിസ്ത്യനോ ആകട്ടെ, ആദ്യം നമ്മൾ എല്ലാവരും ഇന്ത്യക്കാരാണെന്നതാണ് ഓർക്കേണ്ടതെന്നും രാം ദേവ് പറഞ്ഞു.

മുസ്ലിംകൾ ഈ മുദ്രാവാക്യം വിളിക്കരുതെന്ന് നിഷ്‌കർഷിച്ച് ദാറുൽ ഉലൂം ദയൂബന്ദ് കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് ഫത്‌വ പുറപ്പെടുവിച്ചത്. ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം അനിസ്ലാമികമാണെന്നും മുസ്ലിംകൾ അത് വിളിക്കരുതെന്നും മതവിധി പുറപ്പെടുവിച്ച് ദാറുൽ ഉലൂം വ്യക്തമാക്കിയിരുന്നു. മുസ്ലിംകൾ ദേശസ്‌നേഹികളാണെന്നും ഹിന്ദുസ്ഥാൻ സിന്ദാബാദ് പോലുള്ള മുദ്രാവാക്യങ്ങൾ വിളിക്കാമെന്നും ഫത്‌വ പറയുന്നു. ഇതിനുള്ള മറുപടിയായാണ് രാംദേവ് ഇത് പറഞ്ഞത്.

ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാൻ താത്പര്യമില്ലാത്തവർക്ക് രാജ്യത്ത് താമസിക്കാൻ അവകാശമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. നാസികിൽ ബിജെപി പ്രവർത്തകരുടെ റാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തന്റെ കഴുത്തിൽ കത്തിവച്ചാലും ഭാരത് മാതാ കീ ജയ് വിളിക്കില്ലെന്ന് നേരത്തെ അസദുദ്ദീൻ ഉവൈസി എംപി പറഞ്ഞതോടെയാണ് വിഷയം ചർച്ചയായത്. ഇതിന് ശേഷം ബിജെപിയും ആർ.എസ്.എസും ഉവൈസിക്കെതിരെ ശക്തമായി രംഗത്തുവന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP