Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദിയുടെ ബലോചിസ്ഥാൻ പരാമർശത്തിനു പിന്നാലെ കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാനുമായി ചർച്ച വേണ്ടെന്നുറപ്പിച്ച് ഇന്ത്യ; കാശ്മീർ ഇന്ത്യയുടെ മാത്രം വിഷയമെന്നും വേണമെങ്കിൽ ഭീകരവാദത്തെ പറ്റി ചർച്ചയാകാമെന്നും പാക്കിസ്ഥാന് മറുപടി

മോദിയുടെ ബലോചിസ്ഥാൻ പരാമർശത്തിനു പിന്നാലെ കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാനുമായി ചർച്ച വേണ്ടെന്നുറപ്പിച്ച് ഇന്ത്യ; കാശ്മീർ ഇന്ത്യയുടെ മാത്രം വിഷയമെന്നും വേണമെങ്കിൽ ഭീകരവാദത്തെ പറ്റി ചർച്ചയാകാമെന്നും പാക്കിസ്ഥാന് മറുപടി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ബലൂചിസ്ഥാൻ വിഷയം ഉന്നയിച്ച് പാക്കിസ്ഥാനെതിരെ നിലപാടു കടുപ്പിച്ചതിനു പിന്നാലെ കാശ്മീർ വിഷയം ചർച്ചചെയ്യാനുള്ള അവരുടെ ക്ഷണം നിരസിച്ച് ഇന്ത്യ. കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്നും അതിലിടപെടാൻ പാക്കിസ്ഥാന് അവകാശമില്ലെന്നും വേണമെങ്കിൽ ഭീകരവാദത്തെകുറിച്ച് ചർച്ചയാകാമെന്നുമുള്ള കടുത്ത നിലപാടെടുത്താണ് ഇന്ത്യ പാക്കിസ്ഥാന്റെ ക്ഷണം നിരസിച്ചത്.

സാർക് രാഷ്ട്രങ്ങളിലെ ധനമന്ത്രിമാരുടെ സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് അരുൺ ജെയ്റ്റ്‌ലി പാക്കിസ്ഥാനിലേക്ക് പോയേക്കില്ലെന്ന റിപ്പോർട്ടുകൾ കഴിഞ്ഞദിവസം ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് കാശ്മീർ വിഷയം പാക്കിസ്ഥാനോട് ചർച്ചചെയ്യേണ്ട കാര്യമല്ലെന്ന് ഇന്ത്യ നിലപാടെടുക്കുന്നത്.

കാശ്മീരിൽ ഭീകരവാദം വളർത്തുന്നത് പാക്കിസ്ഥാനാണെന്ന നിലപാട് അന്താരാഷ്ട്ര തലത്തിൽ ശക്തമായി ഉന്നയിക്കാനാണ് ഇന്ത്യയുടെ തീരുമാനമെന്നതിനാൽ അവരോട് ഭീകരവാദത്തിന്റെ കാര്യം മാത്രം ചർച്ചചെയ്താൽ മതിയെന്ന നിലപാട് ഇന്ത്യ സ്വീകരിക്കുകയായിരുന്നു.

കശ്മീർ വിഷയത്തിൽ ചർച്ചയ്ക്കു തയാറാണെന്നു ചൂണ്ടിക്കാട്ടി പാക്ക് വിദേശകാര്യ സെക്രട്ടറി ഐസാസ് ചൗധരിയാണ് ഇന്ത്യയ്ക്കു കത്തയച്ചത്. യുഎൻ സുരക്ഷാ കൗൺസിലിന്റെ നിർദേശങ്ങൾക്കനുസരിച്ചു ചർച്ച നടത്തി പ്രശ്‌നങ്ങൾ പരിഹരിക്കാൻ തയാറാകണമെന്നായിരുന്നു കത്തിൽ പറഞ്ഞിരുന്നത്.

ഇതിനു പിന്നാലെ നടന്ന സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി കാശ്മീർ പോലെ പാക്കിസ്ഥാനിലെ ആഭ്യന്തര പ്രശ്‌നമായ ബലൂചിസ്ഥാൻ വിഷയം ഉന്നയിച്ചതോടെ ഇന്ത്യയുടെ നിലപാട് വ്യക്തമായിരുന്നു. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ തലയിടുന്നില്ലെന്നും അതുപോലെ പാക്കിസ്ഥാൻ ഇന്ത്യയുടെ ആഭ്യന്തര വിഷയത്തിൽ തലയിടരുതെന്നുമായിരുന്നു ഇതുവരെ ഇന്ത്യ സ്വീകരിച്ചിരുന്ന നിലപാട്.

ഇതിൽ നിന്ന് മാറിയാണ് ഇന്ത്യയുടെ ആഭ്യന്തര വിഷയം പാക്കിസ്ഥാൻ ഉന്നയിച്ചാൽ തിരിച്ചും അതേ നാണയത്തിൽ മറുപടി നൽകുമെന്ന് സൂചനയുമായി മോദി ചെങ്കോട്ടയിലെ പ്രസംഗത്തിൽ ബലൂചിസ്ഥാനിലെ വിഷയങ്ങൾ ഉന്നയിച്ചത്. ഇതോടെ പാക്കിസ്ഥാൻ പ്രതിരോധത്തിലാകുകയും ചെയ്തിരുന്നു.

മോദിയുടെ പരാമർശത്തെ അനുകൂലിച്ചും വിമർശിച്ചും ചർച്ചകൾ നടക്കുന്നതിനിടെയാണ് ഇപ്പോൾ കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാനുമായി ചർച്ചയ്ക്കില്ലെന്നും വേണമെങ്കിൽ അതിർത്തികടന്നുള്ള ഭീകരവാദത്തിൽ ചർച്ചയാകാമെന്നുമുള്ള നിലപാട് ഇന്ത്യ സ്വീകരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ചർച്ചയ്ക്കായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കർ പാക്കിസ്ഥാനിലേക്കു വരാൻ തയാറാണെന്നും എന്നാൽ അതിർത്തി കടന്നുള്ള ഭീകരവാദത്തെക്കുറിച്ചു ചർച്ച ചെയ്യാൻ മാത്രമാകും അതെന്നുമാണ് ഇന്ത്യ വ്യക്തമാക്കിയിട്ടുള്ളത്.

പാക്ക് വിദേശകാര്യ ഓഫിസിന് ഇന്ത്യൻ ഹൈക്കമ്മിഷണർ ഗൗതം ബംബാവാലേ കൈമാറിയ കത്തിൽ ഇക്കാര്യം അറിയിച്ചു. ജമ്മു കശ്മീരിലെ ഇന്നത്തെ പ്രശ്‌നങ്ങൾക്കു കാരണം അതിർത്തി കടന്നുള്ള ഭീകരവാദമാണ്. കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമാണ്. അവിടെ പാക്കിസ്ഥാനു യാതൊന്നും ചെയ്യാനില്ല. കശ്മീർ വിഷയത്തിലെ പാക്ക് നിലപാടുകൾ ഇന്ത്യ തള്ളിക്കളയുന്നുവെന്ന് കത്തിൽ പറയുന്നു.

ബലൂചിസ്ഥാൻ വിഷയം മോദി ഉന്നയിച്ചതിനു പിന്നാലെ മണിക്കൂറുകൾക്കകം മേഖലയിലെ ബലോച് ദേശീയവാദികളുമായി ചർച്ച നടത്താമെന്ന് പറഞ്ഞ് പാക്കിസ്ഥാൻ രംഗത്തുവന്നിരുന്നു. ഇന്ത്യ ബലോചിസ്ഥാൻ വിഷയം രാജ്യാന്തര തലത്തിൽ ഉയർത്തിക്കൊണ്ടുവന്നാൽ അത് പാക്കിസ്ഥാന് വൻ ക്ഷീണമാകുമെന്ന വിലയിരുത്തലുകളും ഉണ്ടാകുന്നുണ്ട്. കാശ്മീരിൽ വിഘടനവാദികളെ പ്രൊത്സാഹിപ്പിക്കുന്ന പാക്കിസ്ഥാന് ഇത് കനത്ത തിരിച്ചടിയാകുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP