Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രകോപനമില്ലാതെ പാക് വെടിവെയ്‌പ്പിൽ ക്ഷമ നശിച്ച ഇന്ത്യൻ സേന 37 പാക് അതിർത്തി താവളങ്ങളിൽ ഒരുമിച്ച് വെടിയുതിർത്തു; 15 പാക് സൈനികർ മരിച്ചു; രണ്ട് ഗ്രാമീണ സ്ത്രീകളെ കൊന്ന് പാക് പ്രതികാരം: കളമൊരുങ്ങുന്നത് ഇന്ത്യ - പാക് യുദ്ധത്തിന്

പ്രകോപനമില്ലാതെ പാക് വെടിവെയ്‌പ്പിൽ ക്ഷമ നശിച്ച ഇന്ത്യൻ സേന 37 പാക് അതിർത്തി താവളങ്ങളിൽ ഒരുമിച്ച് വെടിയുതിർത്തു; 15 പാക് സൈനികർ മരിച്ചു; രണ്ട് ഗ്രാമീണ സ്ത്രീകളെ കൊന്ന് പാക് പ്രതികാരം: കളമൊരുങ്ങുന്നത് ഇന്ത്യ - പാക് യുദ്ധത്തിന്

ന്യൂഡൽഹി/ജമ്മു: സമാധാനം കാംക്ഷിച്ചുകൊണ്ട് സംയമനം പാലിക്കുന്ന ഇന്ത്യൻ ദൗർബല്യം മുതലാക്കി യാതൊരു പ്രകോപനവും കൂടാതെ പാക്കിസ്ഥാൻ സൈന്യം അതിർത്തിയിലെ ഗ്രാമീണർക്ക് നേരെ വെടിയുതിർത്തതോടെ ഇനി ക്ഷമിക്കുന്നതിൽ കാര്യമില്ലെന്ന് ബോധ്യപ്പെട്ട് ഇന്ത്യ കനത്ത തിരിച്ചടിക്ക് ഒരുങ്ങി. ഇന്ത്യയെ പ്രകോപിപ്പിച്ച് തിരിച്ചടി ചോദിച്ചുവാങ്ങിയ പാക്കിസ്ഥാന് ഇന്ത്യൻ ആക്രമണത്തിൽ 15 സൈനികരുടെ ജീവൻ നഷ്ടമായി. ജമ്മുവിലെ അതിർത്തിയിലെ 200 കിലോമീറ്റർ പരിധിയിലെ 37 സൈനിക പോസ്റ്റുകളിൽ ഒരുമിച്ച് വെടിയുതിർത്താണ് ഇന്ത്യ പാക്കിസ്ഥാന് ശക്തമായ താക്കീത് നൽകിയത്. മുപ്പതിലേറെ പേർക്ക് ഇന്ത്യൻ തിരിച്ചടിയിൽ പരിക്കേൽക്കുകയും ചെയ്തു. അതേസമയം പാക്കിസ്ഥാന്റെ ആക്രമണത്തിൽ ആറ് ഇന്ത്യൻ ഗ്രാമീണർക്ക് ജീവൻ നഷ്ടമായി. 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതിർത്തിയിൽ ഈ വർഷം ഇത് 41 തവണയാണ് പാക്കിസ്ഥാൻ മര്യാദ ലംഘിക്കുന്നത്.

ഇരു രാജ്യങ്ങളും സൈനിക ഉദ്യോഗസ്ഥ തലത്തിൽ നടത്തിയ ചർച്ചകൾ ഫലം കാണാതെ വന്നതോടെയാണ് ഇന്ത്യ തിരിച്ചടിക്ക് തുടക്കമിട്ടത്. ഗ്രാമീണർക്ക് നേരെ ആക്രമണം നടത്തിയതോടെയാണ് ഇന്ത്യ ശക്തമായ താക്കീത് നൽകി തിരിച്ചടിച്ചത്. അതേസമയം തിങ്കളാഴ്ച രാത്രിയിലും ഇന്നലെയും 40 ബി.എസ്.എഫ് പോസ്റ്റുകളിലേക്കും ഗ്രാമീണരുടെ വീടുകളിലേക്കും പാക് സേന ആക്രമണം നടത്തി. ഇതിനുള്ള മറുപടിയായിരുന്നു 37 കേന്ദ്രങ്ങളിൽ ഒരേസമയം വെടിയുതിർത്തതിലൂടെ ഇന്ത്യ നൽകിയത്.

അതേസമയം പാക്കിസ്ഥാൻ നടത്തുന്ന വെടിവയ്‌പ്പിൽ രണ്ട് സ്ത്രീകൾ കൂടി മരിച്ചതായും റിപ്പോർട്ടുണ്ട്. അമ്പതോളം ഔട്ട്‌പോസ്റ്റുകളും മുപ്പതിലേറെ ഗ്രാമങ്ങളും ലക്ഷ്യമിട്ട് പാക് സൈനികർ നടത്തിയ ആക്രമണത്തിൽ പതിനൊന്ന് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ജമ്മുകാശ്മീരിൽ അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് 192 കിലോമീറ്റർ ഉള്ളിലേക്ക് കയറിയുണ്ടായ ഷെല്ലാക്രമണങ്ങൾ ഇന്നലെ അർദ്ധരാത്രി മുഴുവൻ തുടർന്നു.

ശക്തമായ മോർട്ടാർ ആക്രമണങ്ങളാണ് പാക് സേന നടത്തുന്നത്. ഇന്നലെ ആർ.എസ്.പുര സെക്ടറിലേക്ക് നടത്തിയ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പാർഗ്വാൽ പ്രദേശത്തും രാത്രി വൈകും വെടിവയ്പു തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ഒരാഴ്ചക്കിടെ പാക് സേന 12 തവണ വെടിനിറുത്തൽ കരാർ ലംഘിച്ചു. ലംഘനങ്ങൾ അതിരു കടക്കുകയും ജീവാപായം ഉണ്ടാവുകയും ചെയ്തതോടെ തിരിച്ചടിക്കാനുള്ള ശക്തമായ നിർദ്ദേശം ഇന്ത്യൻ സൈന്യത്തിനും ബി.എസ്.എഫിനും കേന്ദ്ര സർക്കാർ നൽകിയിരുന്നു. ഇതോടെ ശക്തമായ വെടിവയ്പാണ് ഇരു ഭാഗത്തുനിന്നും നടക്കുന്നത്. രാജ്യാന്തര അതിർത്തിയോട് ചേർന്നുള്ള അർനിയ ഗ്രാമത്തിലെ സൈനിക പോസ്റ്റുകളിലേക്കും ഗ്രാമീണരുടെ വീടുകൾക്ക് നേരെയുമാണ് പാക് സേന തുടർച്ചയായി വെടിവയ്പ് നടത്തിയത്.

ഇതിനിടെ പാക്കിസ്ഥാൻ ഒരിക്കൽ കൂടി കാശ്മീർ പ്രശ്‌നം യുഎന്നിൽ അവതരിപ്പിച്ചു. അതിർത്തിയിലേക്ക് യുഎൻ സൈനിക നിരീക്ഷണ സംഘത്തെ വലിച്ചിഴയ്ക്കാനാണ് പാക്കിസ്ഥാന്റെ ശ്രമം. വെടിനിർത്തൽ നിരീക്ഷിക്കാൻ സംഘത്തിന്റെ സാന്നിധ്യം ആവശ്യമാണെന്ന് പാക്കിസ്ഥാന്റെ യുഎൻ അംബാസഡർ മസൂദ് ഖാൻ ഇന്നലെ ജനറൽ അസംബ്ലിയിൽ അറിയിച്ചു.

അതേസമയം പാക് ആക്രമണത്തിൽ ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നാണ് അദ്ദേഹം പറയുന്നത്. പെരുന്നാൾ ദിവസമായിരുന്ന തിങ്കളാഴ്ച ഇന്ത്യൻ സൈനികർ നടത്തിയ ആക്രമണത്തിൽ നാല് പാക് പൗരന്മാർ മരിച്ചെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കുറഞ്ഞത് അഞ്ച് ഇന്ത്യക്കാരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇന്ത്യൻ സൈന്യം നൽകുന്ന വിവരം. ഓഗസ്റ്റിൽ ആരംഭിച്ച ഇപ്പോഴത്തെ സൈനിക ആക്രമണം ഒരുമാസത്തെ വെടിനിർത്തലിന് ശേഷം വെള്ളിയാഴ്ച മുതലാണ് ആരംഭിച്ചത്. 2003ന് ശേഷം അതിർത്തിയിലുണ്ടായിരിക്കുന്ന ഏറ്റവും ഗുരുതരമായ വെടിനിർത്തൽ കരാർ ആണ് ഇപ്പോഴത്തേതെന്ന് ഇന്ത്യൻ വക്താക്കൾ അറിയിച്ചു.

എന്നാൽ കരാർ ലംഘനം നടത്തിയത് ഇന്ത്യൻ സൈനികരാണെന്നാണ് പാക്കിസ്ഥാന്റെ വാദം. ഇത് നിരീക്ഷിക്കാനാണ് അവർ അതിർത്തിയിൽ യുഎൻ സംഘത്തിന്റെ സാന്നിധ്യം ആവശ്യപ്പെടുന്നത്. പത്ത് രാജ്യങ്ങളിലെ സൈനികരാൽ രൂപീകരിച്ചിരിക്കുന്ന ഈ സംഘം യുഎൻ സുരക്ഷാ സമിതിയുടെ നിർദേശങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നത്.

അർണിയയിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സംസ്‌കരിച്ചു. സംസ്‌ക്കാര ചടങ്ങുകളിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും പങ്കെടുത്തു. ആക്രമണം നടന്ന വീടുകൾ സന്ദർശിച്ച ഒമർ പ്രധാനമന്ത്രിയുമായി വിഷയം ചർച്ച ചെയ്യുമെന്ന് അറിയിച്ചു. സംഘർഷമൊഴിവാക്കാൻ ഫ്‌ളാഗ് മീറ്റിങ് നടത്തണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെടും. ഇതു സംബന്ധച്ച് ബിഎസ്എഫ് ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് നൽകി.

വെടിനിറുത്തൽ കരാർ ലംഘനങ്ങൾ തുടർച്ചയായതോടെ ഇരു രാജ്യങ്ങളുടെയും സൈനിക ഉദ്യോഗസ്ഥ തലത്തിൽ നടത്തിയ ചർച്ചയിൽ ഫലമുണ്ടായില്ല. ഡയറക്ടറേറ്റ് ജനറൽസ് ഒഫ് മിലിറ്ററി ഓപ്പറേഷൻസിന്റെ (ഡി.ജി.എം.ഒ) ഉദ്യോഗസ്ഥരാണ് ഇന്നലെ ഹോട്ട്‌ലൈൻ വഴി അഞ്ച് മിനിറ്റ് ചർച്ച നടത്തിയത്. വെള്ളിയാഴ്ച വീണ്ടും ഫ്‌ളാഗ് മീറ്റിങ് നടത്തിയേക്കുമെന്ന് വാർത്തകളുണ്ട്.

ഇതിനിടെ പാക്കിസ്ഥാൻ അതിർത്തിയിലെ നുഴഞ്ഞു കയറ്റം അവസാനിപ്പിക്കാതെ ഒരു ചർച്ചകൾക്കും തയ്യാറല്ലെന്ന് ഇന്ത്യൻ കരസേന മേധാവി അറിയിച്ചു. സമ്പ, കത്തുവ ജില്ലകളിലെ ഗ്രാമങ്ങളിലേക്കാണ് ഇപ്പോൾ പാക്കിസ്ഥാൻ ആക്രമണം നടത്തുന്നത്. സമ്പയിലെ ജലദി ഗ്രാമത്തിൽ നടന്ന ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട് വന്നത്. എന്നാൽ രണ്ട് പേരാണ് മരിച്ചതെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നു.

പാക് സേനയിൽ നിന്നുണ്ടാകുന്ന അപ്രതീക്ഷിത ആക്രമണത്തിൽ ഗ്രാമീണർ കൊല്ലപ്പെട്ടതോടെ അർണിയയിലെ ജനങ്ങൾ സമീപത്തെ സുരക്ഷിത പ്രദേശങ്ങളിലേക്ക് പലായനം ചെയ്യുന്നതായി റിപ്പോർട്ടുകളുണ്ട്. അതേസമയം ഇന്ത്യ തിരിച്ചടി നൽകിയതോടെ പാക്കിസ്ഥാനെതിരായ യുദ്ധത്തിലേക്ക് തന്നെ നീങ്ങിയേക്കുമെന്നാണ് സൂചന. പാക്കിസ്ഥാനുമായി സംയമനം വേണ്ട തിരിച്ചടി മതിയെന്ന നിലപാടിൽ കേന്ദ്രസർക്കാർ എത്തിച്ചേർത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ സൈന്യത്തിന് കടന്നാക്രമണം നടത്താനും നിർദ്ദേശിച്ചേക്കും.

അതിനിടെ ജമ്മു മേഖലയിലെ ഏറ്റവും വലിയ പട്ടണങ്ങളിലൊന്നായ അർനിയയിൽ ഇനിയും ആക്രമണമുണ്ടായേക്കുമെന്നു ഭയന്ന് സ്ഥലവാസികൾ സുരക്ഷിതസ്ഥലങ്ങളിലേക്കു താമസം മാറ്റി. കടകളും വീടുകളുമെല്ലാം അടഞ്ഞുകിടക്കുകയാണ്. പാക്കിസ്ഥാന്റെ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് വിവിധയിടങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ പ്രതിഷേധ പ്രകടനം നടന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP