Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് ബാധയിൽ വരുമാനം കുത്തനെ ഇടിഞ്ഞതോടെ സർക്കാരുകൾ വിറച്ചു: സാമ്പത്തിക പ്രതിസന്ധിയിൽ ശമ്പളവും പെൻഷനും ഇതിനകം വെട്ടിക്കുറച്ചത് നാല് സംസ്ഥാനങ്ങൾ; മിക്ക സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും മന്ത്രിമാരും ശമ്പളം വേണ്ടെന്നു വെച്ചു; കേന്ദ്രമന്ത്രിമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തു; കേരളവും ജീവനക്കാരുടെ വേതനവും പെൻഷനും വെട്ടിക്കുറയ്ക്കാൻ നിർബന്ധിതമായേക്കും

കോവിഡ് ബാധയിൽ വരുമാനം കുത്തനെ ഇടിഞ്ഞതോടെ സർക്കാരുകൾ വിറച്ചു: സാമ്പത്തിക പ്രതിസന്ധിയിൽ ശമ്പളവും പെൻഷനും ഇതിനകം വെട്ടിക്കുറച്ചത് നാല് സംസ്ഥാനങ്ങൾ; മിക്ക സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും മന്ത്രിമാരും ശമ്പളം വേണ്ടെന്നു വെച്ചു; കേന്ദ്രമന്ത്രിമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തു; കേരളവും ജീവനക്കാരുടെ വേതനവും പെൻഷനും വെട്ടിക്കുറയ്ക്കാൻ നിർബന്ധിതമായേക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊവിഡ് 19 ബാധയെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചത് നാല് സംസ്ഥാനങ്ങൾ. സാലറി ചാലഞ്ച് കേരളത്തിൽ വിവാദമായി തുടരുമ്പോഴാണ് നാല് സംസ്ഥാനങ്ങൾ ശബളം വെട്ടികുറച്ച് രംഗത്തെത്തിയരിക്കുന്നത്. മിക്ക സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും മന്ത്രിമാരും ശമ്പളം വേണ്ടെന്നു വച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആന്ധ്രപ്രദേശ്, ഒഡീഷ, രാജസ്ഥാൻ, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ ഉദ്യോഗസ്ഥരുടെ റാങ്ക് അനുസരിച്ച് 10% മുതൽ 100% വരെ ശമ്പളക്കുറവു പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്ര ശമ്പളം കുറയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീടു പിൻവലിച്ചു. തെലങ്കാനയിൽ മന്ത്രിമാരുടെയും പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ ജനപ്രതിനിധികളുടെയും 75% ശമ്പളം കുറച്ചു. ഐഎഎസ്, ഐപിഎസ് ഉൾപ്പെടെയുള്ള ഉയർന്ന ഉദ്യോഗസ്ഥർ 60% ശമ്പളം സംഭാവന നൽകണം. പെൻഷൻകാർ ഉൾപ്പെടെ ബാക്കിയുള്ളവർ വരുമാനത്തിന്റെ 50% നൽകണം.

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും 60% ശമ്പളം വെട്ടിക്കുറച്ചിരുന്നു. ആദ്യ പ്രഖ്യാപനമനുസരിച്ച് ഗ്രേഡ് എ, ബി ഉദ്യോഗസ്ഥരുടെ ശമ്പളം 50% കുറച്ചു. ഗ്രേഡ് സിക്ക് 25% കുറച്ചു. ലാസ്റ്റ് ഗ്രേഡിനു ശമ്പളക്കുറവില്ലെങ്കിലും ഗഡുക്കളായാണു നൽകുകയെന്നും പറഞ്ഞിരുന്നു. പ്രതിഷേധത്തെത്തുടർന്ന്, ശമ്പളം കുറയ്‌ക്കേണ്ടെന്നും പകരം 2 ഗഡുക്കളായി നൽകുമെന്നും ഉത്തരവു തിരുത്തിയിറക്കിയത്. മാർച്ചിലെ ശമ്പളത്തിന്റെ 40% ആദ്യം നൽകുമെന്നും നിർദേശത്തിലുണ്ട്.

രാജസ്ഥാനിൽ നഴ്‌സിങ് സ്റ്റാഫ്, പൊലീസ്, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവർ ഒഴികെയുള്ളവരുടെ ശമ്പളത്തിൽ 30% കുറവുണ്ടാകും. സർക്കാർ ഡോക്ടർമാരുടെ ശമ്പളം 50% കുറയ്ക്കും. ഒഡീഷയിൽ മുഖ്യമന്ത്രി, മന്ത്രിമാർ, എംഎൽഎമാർ, കോർപറേഷൻ ചെയർമാന്മാർ, തദ്ദേശ സ്ഥാപന പ്രതിനിധികൾ എന്നിവരുടെ ശമ്പളം 70% കുറയ്ക്കും. ബാക്കിയുള്ളവരുടെ ശമ്പളത്തിൽ ഗ്രേഡ് അനുസരിച്ച് 50% മുതൽ 30% വരെ കുറവുണ്ട്.

ആന്ധ്രയിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ 60% കുറവ്. മറ്റുള്ളവർക്ക് 50%. ക്ലാസ് ഫോറിന് 10% കുറവ്. മുഖ്യമന്ത്രിയും മന്ത്രിമാരും ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു നൽകി. കർണാടക മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ ഒരു വർഷത്തെ ശമ്പളം മുഴുവൻ ദുരിതാശ്വാസ നിധിയിലേക്കു നൽകുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ചില മന്ത്രിമാരും ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു നൽകുമെന്നു പ്രഖ്യാപിച്ചു. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യപ്രവർത്തകർക്കു തമിഴ്‌നാട് ഒരു മാസത്തെ ശമ്പളം ബോണസായി പ്രഖ്യാപിച്ചു.

അതേസമയം ബിഹാർ, യുപി സർക്കാരുകൾ ശമ്പളമോ പെൻഷനോ വെട്ടിക്കുറയ്ക്കില്ലെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ മുഖ്യമന്ത്രിമാരും മന്ത്രിമാരും ശമ്പളം സംഭാവന ചെയ്യുമെന്നു പറഞ്ഞിട്ടുണ്ട്. അതേസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം, പെൻഷൻ, വിദ്യാർത്ഥികൾക്കും ജീവനക്കാർക്കുമുള്ള സ്‌കോളർഷിപ് എന്നിവ വൈകിക്കരുതെന്ന് നിർദേശിച്ച് മാനവശേഷി മന്ത്രാലയം. കരാർ, ദിവസ വേതന അദ്ധ്യാപകർക്കടക്കം ഏപ്രിൽ 30 വരെയുള്ള ശമ്പളം മുൻകൂറായി നൽകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

എന്നാൽ, കൊവിഡ് 19 നിയന്ത്രണങ്ങളും സാമ്പത്തിക വർഷാവസാനവും ഒപ്പം ശമ്പള പെൻഷൻ ദിനങ്ങളുമെല്ലാം ഒരുമിച്ചെത്തുമ്പോൾ ആകെ പ്രതിസന്ധിയിലാണ് സംസ്ഥാനത്തെ ട്രഷറി സംവിധാനങ്ങൾ. ട്രഷറികളിലെ തിരക്ക് ഒഴിവാക്കാൻ ശമ്പളം പെൻഷൻ വിതരണത്തിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

എന്നാൽ, കേരളത്തിലെ നിയമസഭാ സാമാജികരുടെയും സർക്കാർ ജീവനക്കാരുടെയും വേതനവും പെൻഷനും വെട്ടിക്കുറയ്ക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ച് പി സി ജോർജ് എം എൽ എയും രംഗത്തെത്തിയിട്ടുണ്ട്.
കോവിഡിന്റെ സാമൂഹ്യ വ്യാപനം തടയാൻ രാജ്യം 21 ദിവസത്തെ സമ്പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതോടെ വ്യാപാര വാണിജ്യ മേഖല പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. ഇതേ തുടർന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നികുതി വരുമാനം കുത്തനെ ഇടിഞ്ഞു.

എന്നാൽ കോവിഡിന്റെ സാമൂഹ്യ വ്യാപനം ചെറുക്കാൻ ആരോഗ്യ പരിരക്ഷാ രംഗത്ത് വൻ തുക സർക്കാരുകൾക്ക് ചെലവിടേണ്ടി വരുന്നുണ്ട്. മരുന്നുകൾ, പരിശോധന കിറ്റുകൾ, സുരക്ഷാ സൗകര്യമൊരുക്കൽ, ഹെൽത്ത് കെയർ രംഗത്ത് ശേഷി വർധിപ്പിക്കൽ, കോവിഡിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ പൊതുസമൂഹത്തിന് സാമൂഹ്യ സുരക്ഷ ഒരുക്കൽ എന്നിങ്ങനെ എല്ലാ രംഗത്തും സർക്കാരുകളുടെ ചെലവ് വർധിച്ചു വരുന്നു. ഈ സാഹചര്യത്തിൽ സർക്കാരുകളുടെ ഫിക്സഡ് കോസ്റ്റിൽ കുറവ് വരുത്താതെ അവശ്യകാര്യങ്ങൾക്കുള്ള പണം കണ്ടെത്താനാകില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP