Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൈലാസ്-മാനസ സരോവർ യാത്രികരെ ചൈന തടഞ്ഞതിന് പിന്നാലെ അതിർത്തിയിൽ സൈനിക ഏറ്റുമുട്ടലും; ഇന്ത്യയുടെ രണ്ട് ബങ്കറുകൾ ചൈന തകർത്തയായി റിപ്പോർട്ട്; പത്തുദിവസമായി പുകയുന്ന സംഘർഷം മൂർച്ഛിച്ചതായും സൂചനകൾ

കൈലാസ്-മാനസ സരോവർ യാത്രികരെ ചൈന തടഞ്ഞതിന് പിന്നാലെ അതിർത്തിയിൽ സൈനിക ഏറ്റുമുട്ടലും; ഇന്ത്യയുടെ രണ്ട് ബങ്കറുകൾ ചൈന തകർത്തയായി റിപ്പോർട്ട്; പത്തുദിവസമായി പുകയുന്ന സംഘർഷം മൂർച്ഛിച്ചതായും സൂചനകൾ

ഗാങ്‌ടോക്: കൈലാസ്-മാനസ സരോവർ യാത്രികരെ നാഥുല പാസിൽ തടഞ്ഞതിന് പിന്നാലെ ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി റിപ്പോർട്ട്. ഇന്ത്യയുടെ രണ്ടു ബങ്കറുകൾ തകർന്നതായും ചൈനീസ് സൈന്യം ഇന്ത്യൻ അതിർത്തി ലംഘിച്ചതായും റിപ്പോർ്ട്ടുകളിൽ പറയുന്നു. പല വിഷയങ്ങളിലായി ഏറെക്കാലമായി പുകഞ്ഞുനിൽക്കുന്ന ഇന്ത്യ - ചൈന നയതന്ത്രബന്ധം ഇപ്പോൾ ഇന്ത്യയിലെ കൈലാസ് യാത്രികരെ ചൈന തടഞ്ഞതിന് പിന്നാലെ കൂടുതൽ വഷളായെന്നാണ് റിപ്പോർട്ടുകൾ.

സിക്കിമിലെ ഡോക്ലാ പ്രദേശത്ത് ഇരുവിഭാഗങ്ങളും തമ്മിൽ കഴിഞ്ഞ 10 ദിവസമായി സംഘർഷം തുടരുകയാണെന്ന വിവരമാണ് പുറത്തുവരുന്നത്. കൈലാസ്- മാനസസരോവർ തീർത്ഥാടനത്തിനെത്തിയ ഇന്ത്യൻ സംഘത്തെ ചൈന തടഞ്ഞതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര തലത്തിൽ സംഘർഷം തുടങ്ങിയതെന്നും ഇത് പിന്നീട് സൈനിക ബലാബലത്തിലേക്ക് നീങ്ങുകയാണെന്നും ആണ് റിപ്പോർട്ടുകളിൽ പറയുന്നത്.

യഥാർഥ നിയന്ത്രണരേഖ മറികടക്കാൻ ശ്രമിച്ച ചൈനീസ് പട്ടാളത്തെ പ്രതിരോധിക്കാൻ ഇന്ത്യൻ സൈന്യം ഏറെ പണിപ്പെട്ടതായാണ് റിപ്പോർട്ട്. ഒരുഘട്ടത്തിൽ ചൈനയുടെ മുന്നേറ്റം തടയാൻ ഇന്ത്യൻ സൈനികർക്ക് മനുഷ്യമതിൽ തീർക്കേണ്ടിവന്നു. ലാൽട്ടനിലും ഡോക്ലായിലുമാണ് ഇന്ത്യൻ ബങ്കറുകൾ ചൈന തകർത്തത്.

അതേസമയം, കൈലാസ -മാനസ സരോവര തീർത്ഥാടകരെ നാഥുലാ പാസിൽ തടഞ്ഞത് അവരുടെ സുരക്ഷയെ കരുതിയാണെന്ന് ചൈന വ്യക്തമാക്കിയിരുന്നു. കാലാവസ്ഥാ മാറ്റത്തെ തുടർന്നുണ്ടായ മഞ്ഞുവീഴ്ചയിൽ തകർന്ന റോഡുകൾ നന്നാക്കേണ്ടതുണ്ടെന്നും അതുവരെ നാഥുലാപാസ് വഴിയുള്ള തീർത്ഥാടനം അനുവദിക്കാൻ സാധിക്കില്ലെന്നും ചൈന ഇന്ത്യയെ അറിയിക്കുകയായിരുന്നു.

നാഥുലാ പാസിൽ 47 ഇന്ത്യൻ തീർത്ഥാടകരെ തടഞ്ഞുവെച്ച സംഭവത്തെ തുടർന്ന് വിഷയത്തിൽ വിദേശകാര്യമന്ത്രാലയം ഇടപെട്ടിരുന്നു. ഇതേതുടർന്നാണ് ഇക്കാര്യങ്ങൾ ചൈന അറിയിച്ചത്. ഇതേതുടർന്ന് യാത്ര അനിശ്ചിതത്വത്തിലായതിനാൽ തീർത്ഥാടകരിൽ പലരും അവരുടെ സ്വദേശത്തേക്ക് മടങ്ങിത്തുടങ്ങിയെന്നാണ് വിവരം.

അതേസമയം വിഷയത്തിൽ രണ്ട് സർക്കാരുകളും ആശയവിനിമയം നടത്തുന്നുണ്ടെന്ന് ചൈനിസ് വിദേശകാര്യമന്ത്രാലയം മാധ്യമങ്ങളെ അറിയിച്ചു. എന്നാൽ മോശം കാലാവസ്ഥയോ, മണ്ണിടിച്ചിലോ മൂലമാണോ തീർത്ഥാടകരെ തടഞ്ഞുവെച്ചതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ 19 നാണ് 47 തീർത്ഥാടകർ യാത്രയുടെ ഭാഗമായി ചൈനയിലേക്ക് പ്രവേശിക്കാനിരുന്നത്. എന്നാൽ അനുമതി നിഷേധിക്കപ്പെട്ടതോടെ ബേസ് ക്യാമ്പിലേക്ക് മടങ്ങിയ ഇവർ പിന്നീട് 23 ന് വീണ്ടും നാഥുലാ പാസിലെത്തി. അപ്പോഴും ഇവർക്ക് പ്രവേശനാനുമതി നിഷേധിക്കപ്പെട്ടു. ഇതോടെയാണ് വിഷയം വാർത്തയാകുന്നത്. വൺബെൽറ്റ് വൺ റോഡ് പദ്ധതി, ഇന്ത്യയുടെ എൻഎസ്ജി പ്രവേശനം തുടങ്ങിയ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ തർക്കം നിലനിൽക്കെയാണ് കൈലാസ യാത്ര തടഞ്ഞ ചൈനയുടെ നടപടി ഉണ്ടായത്. പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഇരുരാജ്യങ്ങളും.

ഈ വർഷത്തെ കൈലാസ മാനസരോവർ തീർത്ഥയാത്ര കേന്ദ്രമന്ത്രി സുഷമ സ്വരാജ് ആണ് ഫ്ളാഗ് ഓഫ് ചെയ്തത്. 25 ബാച്ചുകളിലായി 1430 തീർത്ഥാടകരാണ് ഈ വർഷം പോകുന്നത്. 60 പേർ വീതമുള്ള 18 ബാച്ചുകൾ ചെങ്കുത്തായ മലനിരകളുള്ള ലിപുലേഖ് വഴിയും 50 പേർ വീതമുള്ള ഏഴു ബാച്ചുകൾ നാഥുലാ പാസ് വഴിയും പോകാനാണ് പദ്ധതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP