Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആണവ ദുരന്തമുണ്ടായാൽ വിദേശകമ്പനികൾക്കെതിരെ കേസ് നൽകാനാകില്ല; ബാധ്യത ഇന്ത്യക്കു മാത്രം; ഉപകരണങ്ങൾ വിതരണം ചെയ്തവരും കുറ്റക്കാരാകുമെന്ന മുൻ വ്യവസ്ഥ റദ്ദാക്കി: ഒബാമ-മോദി കരാറിന്റെ കൂടുതൽ വിവരങ്ങൾ കേന്ദ്രസർക്കാർ പുറത്തുവിട്ടു

ആണവ ദുരന്തമുണ്ടായാൽ വിദേശകമ്പനികൾക്കെതിരെ കേസ് നൽകാനാകില്ല; ബാധ്യത ഇന്ത്യക്കു മാത്രം; ഉപകരണങ്ങൾ വിതരണം ചെയ്തവരും കുറ്റക്കാരാകുമെന്ന മുൻ വ്യവസ്ഥ റദ്ദാക്കി: ഒബാമ-മോദി കരാറിന്റെ കൂടുതൽ വിവരങ്ങൾ കേന്ദ്രസർക്കാർ പുറത്തുവിട്ടു

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഇന്ത്യാ സന്ദർശനവേളയിൽ ഇരുരാജ്യങ്ങളും തമ്മിൽ ഒത്തുതീർപ്പിലെത്തിയ ആണവ കരാറിന്റെ കൂടുതൽ വിവരങ്ങൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടു. ആണവ ബാധ്യതയുടെ കാര്യത്തിലും ആണവ നിലയങ്ങളുടെ പരിശോധന സംബന്ധിച്ചുമായിരുന്നു ഇരുരാജ്യങ്ങളും തമ്മിൽ പ്രധാന ഒത്തുതീർപ്പിലെത്തിയത്.

ഇതനുസരിച്ച് ആണവ ദുരന്തമുണ്ടായാൽ അമേരിക്കൻ കമ്പനികൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കാൻ ഇരകളുടെ ബന്ധുക്കൾക്ക് അവകാശമുണ്ടാവില്ല. ആണവനിലയങ്ങളുടെ പരിശോധനയുടെ കാര്യത്തിൽ അന്താരാഷ്ട്ര ആണവോർജ എജൻസിയുടെ സുരക്ഷാമാനദണ്ഡങ്ങളാണ് പിന്തുടരുകയെന്ന് ഇന്ത്യയും വ്യക്തമാക്കി.

ഇക്കാര്യത്തിൽ ആണവ നിലയങ്ങളും ഉപകരണങ്ങളും വിതരണം ചെയ്യുന്ന അമേരിക്കൻ കമ്പനികൾക്ക് പരിശോധനാധികാരം നൽകില്ലെന്ന ഇന്ത്യൻ നിലപാട് അമേരിക്കയും അംഗീകരിച്ചു.

ആണവ അപകടമുണ്ടായാൽ ഇരകൾക്ക് നഷ്ടപരിഹാരത്തിന് അവകാശവാദമുന്നയിച്ച് കോടതിയെ സമീപിക്കാനാവില്ല. ആണവ ദുരന്തമുണ്ടായാൽ പ്‌ളാന്റിന്റെ നടത്തിപ്പുകാർക്കാണ് ഉത്തരവാദിത്തമെന്നും സർക്കാർ പുറത്തു വിട്ട രേഖകളിൽ പറയുന്നു. ബാദ്ധ്യത, നഷ്ടപരിഹാരം എന്നിവയെ കുറിച്ചും ഏഴു പേജുള്ള വ്യവസ്ഥകളിൽ പറയുന്നുണ്ട്. പ്ലാന്റ് പ്രവർത്തിക്കുന്ന രാജ്യത്തിനാകും നഷ്ടപരിഹാരം നൽകാനുള്ള ബാധ്യതയെന്നാണ് വ്യവസ്ഥ.

2010ൽ യു.പി.എ സർക്കാരിന്റെ കാലത്ത് പാർലമെന്റ് പാസാക്കിയ ആണവ ദുരന്ത ബാധ്യതാ നിയമ പ്രകാരം നിലയത്തിന്റെ നടത്തിപ്പുകാർ മാത്രമല്ല, ആണവ സാമഗ്രികൾ വിതരണം ചെയ്യുന്നവരും കുറ്റക്കാരാവുന്ന വ്യവസ്ഥയാണ് ഉണ്ടായിരുന്നത്. ഈ വ്യവസ്ഥയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. യു.എസ് പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യയിലെത്തുന്നതിന് മൂന്നു ദിവസം മുമ്പ് യുഎസ് ന്യൂക്ലിയർ കോണ്ടാക്ട് ഗ്രൂപ്പുമായി ലണ്ടനിൽ നടത്തിയ മൂന്ന് വട്ട ചർച്ചകളിലാണ് ആണവ കരാരിലെ തടസ്സങ്ങൾ പരിഹരിച്ച് കരാർ യാഥാർത്ഥ്യമാക്കാൻ ധാരണയായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒബാമയുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സിവിൽ ആണവ കരാർ സംബന്ധിച്ച അന്തിമ ധാരണയിലെത്തിയത്.

ഉപകരണങ്ങൾ വിതരണം ചെയ്യുന്ന കമ്പനിക്ക് ആണവ ദുരന്തത്തിൽ നേരിട്ട് യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ല. ഉപകരണത്തിനുള്ള കേടുപാടുകൊണ്ടോ പ്രശ്‌നങ്ങൾ കൊണ്ടോ ആണവദുരന്തം ഉണ്ടായാൽ മാത്രമേ അവ വിതരണം ചെയ്യുന്ന കമ്പനിയെ സമീപിക്കാവൂ. എന്നാൽ കരാർ സമയത്ത് ഇതു സംബന്ധിച്ച ധാരണയുണ്ടാവണം. എങ്കിൽ ആണവ ബാധ്യതാ നിയമത്തിലെ 17 ബി ഉപവകുപ്പ് പ്രകാരം ഓപ്പറേറ്റർക്ക് ആണവ ഉപകരണങ്ങൾ വിതരണം ചെയ്ത കമ്പനിയെ ആശ്രയിക്കാം. ഇന്ത്യയിൽ പൊതു മേഖലാ സ്ഥാപനമായി ആണവോർജ കോർപ്പറേഷൻ (എൻപിസിഐഎൽ) ആണ് ഓപ്പറേറ്റർ. അതുകൊണ്ടുതന്നെ വിതരണക്കാരുമായി കരാറിലേർപ്പെടുമ്പോൾ ഈ വ്യവസ്ഥ എപ്പോഴും പ്രയോഗിക്കുമെന്ന് കേന്ദ്രം അവകാശപ്പെടുന്നു.

ആണവ ബാധ്യതാ നിയമപ്രകാരം കരാറിന് മുമ്പായി 1500 കോടി രൂപയുടെ ഇൻഷൂറൻസ് സർക്കാരും സ്ഥാപനങ്ങളും കെട്ടിവെക്കണം. ഈ ഇൻഷൂറൻസ് പൂളിന് മുകളിൽ ഒരു അധികബാധ്യയതയും നികുതിദായകർക്കുമേൽ ചുമത്താനാവില്ല. യുപിഎ സർക്കാരിന്റെ കാലത്തുകൊണ്ടുവന്ന ആണവ ബാധ്യതാ നിയമത്തിലെ 46ാം വകുപ്പിൽ ആണവ ദുരന്തങ്ങളുടെ ബാധ്യതയിൽ വിതരണക്കാരെയും ഉൾപ്പെടുത്തണമെന്ന് അന്ന് പ്രതിപക്ഷമായ ബിജെപി ആവശ്യമുന്നയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP