Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗാന്ധിയെ ഒഴിവാക്കിയതിന്റെ പ്രായശ്ചിത്തമെന്ന് നൊബേൽ സംഘാടകർ; ഇതുവരെ നൊബേൽ സമ്മാനം ലഭിച്ചത് അഞ്ച് ഇന്ത്യക്കാർക്ക്

ഗാന്ധിയെ ഒഴിവാക്കിയതിന്റെ പ്രായശ്ചിത്തമെന്ന് നൊബേൽ സംഘാടകർ; ഇതുവരെ നൊബേൽ സമ്മാനം ലഭിച്ചത് അഞ്ച് ഇന്ത്യക്കാർക്ക്

ഓസ്‌ലോ: മഹാത്മാഗാന്ധിക്ക് നൊബേൽ സമ്മാനം നൽകാത്തതിന് പ്രായശ്ചിത്തം ചെയ്യുകയായിരുന്നു കൈലാഷ് സത്യാർഥിക്ക് പുരസ്‌കാരം നൽകിയതിലൂടെയെന്ന് സംഘാടകർ. സമാധാന നൊബേലിന് അഞ്ചു തവണ ശുപാർശ ചെയ്യപ്പെട്ടിട്ടും മഹാത്മാഗാന്ധിക്ക് പുരസ്‌കാരം ലഭിച്ചിരുന്നില്ല.

മഹാത്മാഗാന്ധിക്ക് സമാധാന സമ്മാനം കൊടുക്കാതിരുന്നതിന് ഒരു പരിധി വരെ പ്രായശ്ചിത്തം ചെയ്യാൻ കൈലാഷ് സത്യാർഥിക്ക് പുരസ്‌കാരം കൊടുത്തതിലൂടെ സാധിച്ചുവെന്ന് നൊബേൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഗോയർ ലുണ്ടെസ്റ്റാഡ് ആണ് പറഞ്ഞത്. ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അഞ്ചു വർഷമായി സത്യാർഥി നൊബേൽ സമ്മാനത്തിനുള്ള പരിഗണനപ്പട്ടികയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജിക്ക് സമ്മാനം നൽകാതിരുന്നത് നൊബേൽ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിവാക്കലാണെന്ന് ലുണ്ടെസ്റ്റാഡ് പറഞ്ഞു.

1948ൽ ഗാന്ധിജി പുരസ്‌കാരത്തിന് തൊട്ടടുത്തെത്തിയതാണ്. ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തം പിന്തുടർന്ന മാർട്ടിൻ ലൂഥർ കിങ്, ദലൈ ലാമ, ഓങ് സാൻ സൂചി എന്നിവർക്കും ഇപ്പോൾ സത്യാർഥിക്കും സമാധാന സമ്മാനം നൽകാനായതിൽ സമിതിക്ക് വളരെ സന്തോഷമുണ്ടെന്ന് ലുണ്ടെസ്റ്റാഡ് പറഞ്ഞു.

സത്യാർഥി ഗാന്ധിജിയുടെ പാത പിന്തുടർന്നുവെന്നും കുട്ടികളെ ചൂഷണംചെയ്ത് പണമുണ്ടാക്കുന്നതിനെതിരെ സമാധാനപരമായ നിരവധി പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും നേതൃത്വം നൽകിയെന്നും നൊബേൽ സമ്മാനസമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആധുനികകാലത്ത് ഗാന്ധിതത്വങ്ങൾ സജീവമായി നടപ്പിലാക്കുന്നവരെ ആദരിക്കുന്നതിലൂടെ ഗാന്ധിജിക്കു സമ്മാനം നൽകാതിരുന്ന പിശകു തിരുത്താനുള്ള ശ്രമമാണ് നൊബേൽ പുരസ്‌കാര സമിതിയുടേത്.

നൊബേൽ സമ്മാനം ലഭിക്കുന്ന ആറാമത്തെ ഇന്ത്യക്കാരനാണ് കൈലാഷ് സത്യാർഥി. രവീന്ദ്രനാഥ ടാഗോറിലൂടെ സാഹിത്യത്തിനാണ് ഇന്ത്യയെ ആദ്യമായി പുരസ്‌കാരം തേടിയെത്തിയത്. 1913ലാണ് ടാഗോറിന് പുരസ്‌കാരം ലഭിച്ചത്.

1930ൽ സി വി രാമൻ ഭൗതികശാസ്ത്രത്തിനും 1979ൽ മദർ തെരേസ സമാധാനത്തിനും 1998ൽ അമർത്യ സെൻ സാമ്പത്തിക ശാസ്ത്രത്തിനും നൊബേൽ പുരസ്‌കാരം സ്വന്തമാക്കി. 2007ൽ ഐപിസി എന്ന സംഘടനയുടെ ചെയർപേഴ്‌സൺ എന്ന നിലയിൽ രാജേന്ദ്ര പച്ചൗരി സമാധാന നൊബേലിന് അർഹനായി.

നൊബേൽ പുരസ്‌കാരം നേടിയ ഇന്ത്യയുമായി ബന്ധമുള്ള ചിലർ ഇവരാണ്: 1902ൽ വൈദ്യശാസ്ത്ര നൊബേൽ സമ്മാനം നേടിയ റൊണാൾഡ് റോസ് ബ്രിട്ടിഷ് ഇന്ത്യക്കാരനായിരുന്നു. 1968ൽ വൈദ്യശാസ്ത്ര നൊബേൽ നേടിയ ഹർഗോവിന്ദ് ഖുരാന ഇന്ത്യയിൽ ജനിച്ച അമേരിക്കൻ പൗരനാണ്. 1983 ൽ ഭൗതികശാസ്ത്ര നൊബേൽ നേടിയ സുബ്രഹ്മണ്യൻ ചന്ദ്രശേഖർ ഇന്ത്യയിൽ ജനിച്ച അമേരിക്കൻ പൗരനാണ്. 2009ൽ രസതന്ത്ര നൊബേൽ നേടിയ വെങ്കട്ടരാമൻ രാമകൃഷ്ണൻ ഇന്ത്യയിൽ ജനിച്ച ബ്രിട്ടിഷ്/അമേരിക്കൻ പൗരനാണ്. 1989ൽ സമാധാന നൊബേൽ സമ്മാന ജേതാവ് ദലൈലാമ താമസിക്കുന്നത് ഇന്ത്യയിലാണ്. അബ്ദുസ്‌സലാം (1979 ഭൗതികശാസ്ത്രം, പാക്കിസ്ഥാൻ), മുഹമ്മദ് യൂനുസ് (2006 സമാധാനം, ബംഗ്ലാദേശ്) എന്നിവർ ജനിച്ചത് ബ്രിട്ടിഷ് ഇന്ത്യയിലാണ്. 2001ൽ സാഹിത്യ നൊബേൽ സമ്മാനം ലഭിച്ച വി എസ് നയ്‌പോൾ ഇന്ത്യൻ വംശജനായ ബ്രിട്ടിഷ് പൗരനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP