Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജയലളിതയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയെന്നു മെഡിക്കൽ ബുള്ളറ്റിൻ; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് അണുബാധയെന്നും കുറച്ചു ദിവസം കൂടി ആശുപത്രിയിൽ തുടരുമെന്നും അപ്പോളോ ആശുപത്രി

ജയലളിതയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയെന്നു മെഡിക്കൽ ബുള്ളറ്റിൻ; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് അണുബാധയെന്നും കുറച്ചു ദിവസം കൂടി ആശുപത്രിയിൽ തുടരുമെന്നും അപ്പോളോ ആശുപത്രി

ചെന്നൈ: തമിഴ്‌നാടു മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് അപ്പോളോ ആശുപത്രി. മുഖ്യമന്ത്രിക്ക് അണുബാധയെന്നും കുറച്ചു ദിവസം കൂടി ആശുപത്രിയിൽ തുടരുമെന്നും അപ്പോളോ ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.

ജയലളിത ആശുപത്രിയിലായിട്ട് പത്ത് ദിവസങ്ങൾ കഴിഞ്ഞു. ജയലളിതയുടെ സ്ഥിതി ഗുരുതരമാണെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് ആശുപത്രി അധികൃതരുടെ വാർത്താക്കുറിപ്പ് എത്തിയത്. ലണ്ടനിൽ നിന്നെത്തിയ വിദഗ്ധ ഡോക്ടർ റിച്ചാർഡ് ജോൺ ബീലിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി ജയലളിതയെ ചികിൽസിച്ചു തുടങ്ങി. ആദ്യഘട്ട ചികിൽസ വിജയകരമായതിനെത്തുടർന്ന് രണ്ടാം ഘട്ടത്തിലേക്ക് കടന്നു. മരുന്നുകളോട് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.

ന്യുമോണിയ, രക്തസമ്മർദം, പ്രമേഹം എന്നിവയ്ക്ക് പുറമേ ജയലളിതയുടെ കരളിനും വൃക്കയ്ക്കും ചെറിയ തകരാറുകളുണ്ട്. അതേസമയം ജയലളിത ആശുപത്രിയിൽ വിശ്രമത്തിലെന്ന് എഐഎഡിഎംകെ വക്താവ് സി.ആർ സരസ്വതി പറഞ്ഞു. അമ്മയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കാൻ പാർട്ടിയില്ലെന്നും അവർ പറഞ്ഞു.സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഉൾപ്പടെ പാർട്ടിക്കുള്ളിലെ നിർണ്ണായക തീരുമാനങ്ങൾ എടുക്കുന്നത് ഇപ്പോഴും ജയലളിത തന്നെയാണെന്നും പാർട്ടി വക്താവ് വ്യക്തമാക്കി.

ജയലളിതയെ ചികിത്സിക്കുന്ന അപ്പോളോ ആശുപത്രിയിൽ തമിഴ്‌നാടിന്റെ കൂടി ചുമതല വഹിക്കുന്ന മഹാരാഷ്ട്ര ഗവർണർ വിദ്യാസാഗർ ഇന്നലെ എത്തിയിരുന്നു. ഗവർണർ ജയലളിതയെ കണ്ട് സംസാരിച്ചുവെന്നും പഴങ്ങൾ നൽകിയെന്നും സരസ്വതി കൂട്ടിച്ചേർത്തു. ജയലളിതയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് സന്ദർശനത്തിന് ശേഷം ഗവർണറുടെ ഓഫീസ് വാർത്താ കുറിപ്പും പുറത്തുവിട്ടിരുന്നു. മികച്ച ചികിത്സാ സൗകര്യമാണ് അപ്പോളോ ആശുപത്രിയിൽ ഒരുക്കിയിട്ടുള്ളതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്.

ആരോഗ്യസ്ഥിതി സംബന്ധിച്ച അഭ്യൂഹം ശക്തമായപ്പോൾ ജയലളിതയുടെ ഇപ്പോഴത്തെ ചിത്രങ്ങൾ പുറത്തുവിടണമെന്ന് ഡിഎംകെ നേതാവ് കരുണാനിധി ആവശ്യപ്പെട്ടിരുന്നു. എഐഎഡിഎംകെ വക്താവ് ഇതും തള്ളി. അവരുടെ ഫോട്ടോ ആവശ്യപ്പെടാൻ ഉചിതമായ സമയമല്ല ഇതെന്ന് സരസ്വതി പറഞ്ഞു. അവർ സ്ത്രീയാണ്, ആശുപത്രിയിലാണ് എന്നീ കാര്യങ്ങൾ പ്രതിപക്ഷം ആലോചിക്കണമായിരുന്നു. പ്രതിപക്ഷത്തോടല്ല, ജനങ്ങളോടാണ് സർക്കാരും പാർട്ടിയും കാര്യങ്ങൾ വിശദീകരിക്കേണ്ടതെന്നും പാർട്ടി വക്താവ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP