Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാശ്മീർ പ്രളയത്തിൽ മലയാളി നടി അപൂർവ്വ ബോസ് അടക്കം ഇരുനൂറോളം മലയാളികൾ കുടുങ്ങി; രക്ഷപെടുത്തിയ 26 പേരെ ശ്രീനഗർ വിമാനത്താവളത്തിൽ എത്തിച്ചെന്ന് ഉമ്മൻ ചാണ്ടി; പ്രത്യേക വിമാനം അയക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു

കാശ്മീർ പ്രളയത്തിൽ മലയാളി നടി അപൂർവ്വ ബോസ് അടക്കം ഇരുനൂറോളം മലയാളികൾ കുടുങ്ങി; രക്ഷപെടുത്തിയ 26 പേരെ ശ്രീനഗർ വിമാനത്താവളത്തിൽ എത്തിച്ചെന്ന് ഉമ്മൻ ചാണ്ടി; പ്രത്യേക വിമാനം അയക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു

ശ്രീനഗർ: ഉപലോകായുക്ത ജസ്റ്റിസ് ബാലചന്ദ്രൻ നായർ, മലയാളി നടി അപൂർവ ബോസ് എന്നിവരടക്കം കാശ്മീർ പ്രളയത്തിൽ 200ഓളം മലയാളികൾ കുടുങ്ങി കിടക്കുന്നു. കേരളത്തിൽ നിന്ന് വിനോദ യാത്രയ്ക്ക് പോയവരാണ് ശ്രീനഗറിലെ പ്രളയ മേഖലയിൽ കുടുങ്ങിയിരിക്കുന്നത്. പതിനൊന്നംഗ സംഘത്തിനൊപ്പം ട്രക്കിങ്ങിനു പോയ അപൂർവ്വയുമായി ഇന്നലെ ഉച്ചവരെ മൊബൈൽ ഫോണിൽ സംസാരിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ട്രക്കിങ് പൂർത്തിയാക്കി തിരിച്ചെത്തിയ അപൂർവയും സംഘവും ശ്രീനഗറിലെ കോംമ്രേഡ് ഇൻ ഹോട്ടലിലായിരുന്നു താമസം. ഇന്നലെ ഹോട്ടലിന്റെ മൂന്നാം നിലവരെ വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നുവെന്നാണ് വിവരം.

എന്നാൽ നടിയുമായി പിന്നീട് ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ മാസം 31നാണ് 15 പേരടങ്ങുന്ന സംഘം ട്രക്കിങ്ങിന് പോയത്. പ്രളയത്തെ തുടർന്ന് പ്രദേശത്തെ വാർത്താവിനിമയ സംവിധാനങ്ങൾ പൂർണമായും തടസപ്പെട്ടിരിക്കുകയാണ്. മലർവാടി ആർട്‌സ് ക്‌ളബ്, പത്മശ്രീ സരോജ്കുമാർ എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് അപൂർവ ബോസ്.

അതേ സമയം ഉപലോകായുക്ത അടക്കമുള്ള 70 പേർ സുരക്ഷിതരാണെന്നും അധികം വൈകാതെ അവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചു. ഇതിൽ 20 പേർക്ക് വെള്ളപ്പൊക്കത്തെ തുടർന്ന് വിമാനത്താവളത്തിൽ നിന്നു പുറത്തുവരാനായിട്ടില്ല. മലയാളികൾ സുരക്ഷിതരെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും അറിയിച്ചു. അഞ്ചുഹോട്ടലുകളിലായി 100 മലയാളികളാണ് കുടുങ്ങി കിടക്കുന്നത്. ഇവരിൽ 26 പേരെ ശ്രീനഗർ വിമാനത്താവളത്തിൽ എത്തിച്ചു. രക്ഷിക്കുന്നവരെ ഡൽഹിയിലെത്തിക്കാൻ പ്രത്യേക വിമാനം പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും  മുഖ്യമന്ത്രി പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് ഉമ്മൻ ചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തിരുവനന്തപുരത്ത് കൺട്രോൾ റൂം തുറന്നു. 0471 2331639 ആണ് കൺട്രോൾ റൂം നമ്പർ. 

അതേസമയം, നാലു ദിവസത്തിനു ശേഷം കാശ്മീരിൽ മഴയുടെ ശക്തി കുറഞ്ഞു. ഇതിനകം നൂറ്റി അറുപതോളം ആളുകൾ മഴക്കെടുതിയെത്തുടർന്ന് മരിച്ചതായാണ് റിപ്പോർട്ടുകൾ. സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഞായറാഴ്ചയോടെ പല നദികളിലെയും ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. എന്നാൽ വെള്ളപ്പൊക്കംമൂലം ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ജനങ്ങൾ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ട്. രണ്ടായിരത്തിലധികം ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. അതിനിടെ പ്രശസ്തമായ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള തീർത്ഥയാത്ര ഇന്ന് പുനരാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ നാലു ദിവസമായി യാത്ര നിറുത്തി വച്ചിരിക്കുകയായിരുന്നു.

അതിനിടെ ജമ്മു കശ്മീരിലെ പ്രളയം ദേശീയ ദുരന്തമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷമാണ് മോദിയുടെ പ്രഖ്യാപനം. സംസ്ഥാനത്തിന് 1000 കോടിയുടെ അധിക ധനസഹായം പ്രഖ്യാപിച്ചു. പാക് അധിനിവേശ കശ്മീരിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു സഹായം വാഗ്ദാനം ചെയ്ത് മോദി നവാസ് ഷെരീഫനു കത്തയച്ചു.

അറുപത് വർഷത്തിനിടെ ജമ്മു കശ്മീർ നേരിടുന്ന ഏറ്റവും വലിയ വെള്ളപ്പൊക്കം 2500ഓളം ഗ്രാമങ്ങളെയാണു ബാധിച്ചിരിക്കുന്നത്. ഇതിൽ 450 ഗ്രാമങ്ങൾ പൂർണമായും മുങ്ങിക്കിടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മുവിലേയും കശ്മീരിലേയും പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. സംസ്ഥാന സർക്കാരുമായി തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുകയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, ആയിരം കോടി രൂപയുടെ അധിക ധനസഹായം പ്രഖ്യാപിച്ചു.

കരസേനയെയും വ്യോമസേനയെയും എൻഡിആർഎഫിനെയും രക്ഷാപ്രവർത്തനങ്ങൾക്കായി വിന്യസിച്ചിട്ടുണ്ടെന്നും, ദുരിതാശ്വാസ ക്യാമ്പുകളിൽ അടിയന്തരമായി വൈദ്യസഹായം എത്തിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പാക് അധിനിവേശ കശ്മീരിൽ പ്രളയത്തിലകപ്പെട്ടവരെ സഹായിക്കാൻ തയാറാണെന്നും മോദി പറഞ്ഞു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ഗവർണർ എൻ.എൻ. വോറ എന്നിവരുമായും ഉന്നതോദ്യോഗസ്ഥരുമായും പ്രധാനമന്ത്രി സ്ഥിതിഗതികൾ ചർച്ച ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP