Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രളയക്കെടുതികൾ പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് കേന്ദ്രം; കശ്മീർ ഭരണം പിടിക്കാനാണ് രാജ്‌നാഥ് സിങ്ങിന്റെ അഭിപ്രായപ്രകടനമെന്ന് വിമർശകർ; രാഷ്ട്രീയ യുദ്ധങ്ങൾ അരങ്ങുതകർക്കുമ്പോൾ പകർച്ചവ്യാധികളുടെ പിടിയിലകപ്പെടുമോ എന്ന ഭീതിയിൽ സഞ്ചാരികളുടെ പറുദീസ

പ്രളയക്കെടുതികൾ പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് കേന്ദ്രം; കശ്മീർ ഭരണം പിടിക്കാനാണ് രാജ്‌നാഥ് സിങ്ങിന്റെ അഭിപ്രായപ്രകടനമെന്ന് വിമർശകർ; രാഷ്ട്രീയ യുദ്ധങ്ങൾ അരങ്ങുതകർക്കുമ്പോൾ പകർച്ചവ്യാധികളുടെ പിടിയിലകപ്പെടുമോ എന്ന ഭീതിയിൽ സഞ്ചാരികളുടെ പറുദീസ

ന്യൂഡൽഹി: പ്രളയക്കെടുതികൾ പരിഹരിക്കുന്നതിൽ ജമ്മു കശ്മീർ സർക്കാർ പരാജയപ്പെട്ടുവെന്ന് കേന്ദ്രസർക്കാർ. എന്നാൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് കേന്ദ്രസർക്കാരിന്റെ ഈ അഭിപ്രായപ്രകടനമെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങാണ് ജമ്മു കശ്മീർ സർക്കാരിനെ കുറ്റപ്പെടുത്തി രംഗത്തെത്തിയത്. 11,000 കോടിയുടെ ദുരന്തനിവാരണ ഫണ്ട് ഫലപ്രദമായി ഉപയോഗിക്കാൻ ഒമർ അബ്ദുള്ള സർക്കാരിനായില്ലെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. 90 ശതമാനം ഫണ്ടും കേന്ദ്രത്തിന്റേതായിരുന്നു. ദേശീയ ദുരന്തമായാണ് പ്രളയത്തെ കാണുന്നതെന്നും രാജ്‌നാഥ് പറഞ്ഞു.

അതേസമയം കശ്മീർ ഭരണം പിടിക്കാനുള്ള കുതന്ത്രങ്ങളുടെ ഭാഗമായാണ് ബിജെപി സർക്കാരിന്റെ അഭിപ്രായപ്രകടനമെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് ഉടൻ നടക്കും. ഇപ്പോഴത്തെ സ്ഥിതിഗതികൾ കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് തീയതി കമ്മീഷൻ പ്രഖ്യാപിച്ചിട്ടില്ല. ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും തെരഞ്ഞെടുപ്പ് തീയതി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വി എസ് സമ്പത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞത്.

കശ്മീർ ഭരണം പിടിക്കാനായി മിഷൻ 44+ എന്ന പദ്ധതിക്ക് ബിജെപി രൂപം നൽകിയിരുന്നു. ആകെ 87 സീറ്റാണ് ജമ്മു കശ്മീരിലുള്ളത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജമ്മു മേഖലയിൽ മികച്ച വിജയമാണ് ബിജെപി നേടിയത്. 41ൽ 27 നിയമസഭാ മണ്ഡലങ്ങളിലും ബിജെപിക്ക് ലീഡ് ലഭിച്ചു. ഈ സാഹചര്യം നിയമസഭാ തെരഞ്ഞെടുപ്പിലും പ്രയോജനപ്പെടുത്താനിരിക്കെയാണ് പ്രളയമുണ്ടായത്.

പ്രളയത്തെ രാഷ്ട്രീയ ആയുധമാക്കി മാറ്റാൻ കൂടിയാണ് ബിജെപി ശ്രമിക്കുന്നതെന്ന് പലകോണിൽ നിന്നും വിമർശനം ഉയർന്നിരുന്നു. പ്രളയം ദേശീയ ദുരന്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും പ്രഖ്യാപിക്കുകയും ചെയ്തു. ഏറ്റവും ഒടുവിൽ ജമ്മു കശ്മീർ സർക്കാരിനെ പരസ്യമായി കുറ്റപ്പെടുത്തുക കൂടി ചെയ്തതോടെ ബിജെപിയുടെ ലക്ഷ്യം ഭരണമാണെന്ന് വ്യക്തമായെന്നാണ് വിമർശകരുടെ പക്ഷം.

രക്ഷാപ്രവർത്തനത്തിന് കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് തിങ്കളാഴ്ച സമർപ്പിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രളയത്തിൽ ഇരുനൂറ്റമ്പതിലേറെപ്പേരാണ് മരിച്ചത്. കശ്മീരിലെ സർക്കാർ ആശുപത്രിയിൽ 14 കുരുന്നുകൾ ഉൾപ്പെടെ 43 പേർ മരിച്ച സംഭവവും ഉണ്ടായി.

അതിനിടെ പ്രളയം പകർച്ച വ്യാധികൾക്കു വഴിമാറുമെന്ന ഭയത്തിലാണ് കശ്മീർ. മഴ കുറഞ്ഞത് രക്ഷാപ്രവർത്തനങ്ങളുടെ വേഗം വർധിപ്പിച്ചെങ്കിലും മഞ്ഞപ്പിത്തവും ടൈഫോയ്ഡുമടക്കമുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.

ഒരുലക്ഷത്തിലേറെപ്പേരെ ദുരന്തത്തിൽ നിന്ന് രക്ഷിക്കാനായി. തകരാറിലായ ടെലിഫോൺ ബന്ധവും പുനഃസ്ഥാപിച്ചു. 109 വർഷത്തിനിടെ ഇത്രയും ഭയാനകമായ ദുരന്തം ആദ്യമായാണ് കശ്മീരിൽ ഉണ്ടാകുന്നത്. ജമ്മു-ശ്രീനഗർ ഹൈവേ ഇപ്പോഴും തുറക്കാനായിട്ടില്ല. ജനങ്ങളുടെ പുനരധിവാസത്തിനും മറ്റുമായി 200 കോടി രൂപയുടെ ധനസഹായ പാക്കേജ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് മൂന്നുലക്ഷം രൂപ സഹായം നൽകും. നിരവധി പേർ ഇപ്പോഴും പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്.

പ്രളയം സാധാരണക്കാരെ എന്നപോലെ സൈന്യത്തെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. തോരാതെ പെയ്ത മഴയിൽ ജനങ്ങൾക്ക് കിടപ്പാടവും സ്വത്തുക്കളും നഷ്ടപ്പെട്ടപ്പോൾ സൈനികർക്ക് ആയുധങ്ങളും ക്യാമ്പുകളിൽ സൂക്ഷിച്ചിരുന്ന വസ്തുക്കളും നഷ്ടമായി.

നൂറു കണക്കിന് എകെ 47 തോക്കുകൾ, ഇൻസാസ് റൈഫിളുകൾ, എസ്എൽആർ റൈഫിളുകൾ. തീവ്രവാദികളെ നേരിടാനുള്ള സ്‌ഫോടക വസ്തുക്കൾ, ബോംബുകൾ, ഗ്രനേഡുകൾ എന്നിവയെല്ലാം വെള്ളത്തിൽ മുങ്ങിപ്പോയി. കാശ്മീർ താഴ്‌വരയിലെ എല്ലാ സൈനിക ക്യാമ്പുകളിലും ഇതു തന്നെയാണ് സ്ഥിതി. തോക്കുകൾ വീണ്ടും ഉപയോഗസജ്ജമാക്കി എടുക്കാമെങ്കിലും ബോംബുകളും ഗ്രനേഡുകളും ഇനി ഉപയോഗിക്കാനാകില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP